സർവ്വ ദോഷ നിവാരകനായ കാളഹസ്തീശ്വരൻ: 17 ഏക്കറിലെ മഹാക്ഷേത്രവും
പടിഞ്ഞാറ് ദർശനം നൽകുന്ന വായുലിംഗമാണ് ക്ഷേത്രത്തിൽ പ്രധാന പ്രതിഷ്ഠ
ദക്ഷിണേന്ത്യയിലെ എറ്റവും പ്രധാനപ്പെട്ട ശൈവ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ശ്രീകാളഹസ്തി ശിവക്ഷേത്രം .ആന്ധ്രാ പ്രദേശിലെ ചിറ്റൂർ ജില്ലയിൽ സുവർണ്ണമുഖി നദിക്കരയിൽ സ്ഥിതിചെയ്യുന്ന ഈ മഹാക്ഷേത്രം ദക്ഷിണ കൈലാസം എന്നും അറിയപ്പെടുന്നു.തിരുപ്പതിയിൽ നിന്ന് 37 കിലോമീറ്റർ മാത്രമാണ് കാളഹസ്തിയിലേക്കുള്ള ദൂരം.
പടിഞ്ഞാറ് ദർശനം നൽകുന്ന വായുലിംഗമാണ് ക്ഷേത്രത്തിൽ പ്രധാന പ്രതിഷ്ഠ.മൂര്‍ത്തിയായ കാളഹസ്തീശ്വരന്‍ ഇവിടെ സ്വയംഭൂലിംഗമാണെന്നാണ് വിശ്വാസം. ദിവസവും അഞ്ചുനേരമാണ്പൂജ.കാളസർപ്പദോഷപൂജ, രാഹുകേതുദോഷനിവാരണപൂജ എന്നിവയാണ് പ്രധാന വഴിപാടുകൾ.ഈ പൂജകൾ അർപ്പിക്കുന്നതിനായി ആയിരകണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ എത്തുന്നത്.ക്ഷേത്രത്തിലെ പ്രതിഷ്ഠ ലിംഗം ആരും സ്പര്‍ശിക്കരുതെന്നാണ് കീഴ്‌വഴക്കം. ഭരദ്വാജമഹര്‍ഷിയുടെ പിന്തുടര്‍ച്ചക്കാരെന്നു കരുതുന്ന ആപസ്തം ശാഖക്കാരാണ് ക്ഷേത്രത്തിലെ പൂജാരികള്‍.
ചിത്രം: ഗോവിന്ദ് ആരോമൽ
ശ്രീകാളഹസ്തി എന്ന പേര് മൂന്നു ജീവികളുടെ കഥയിൽ നിന്നാണുണ്ടയാതെന്നാണ് ഐതീഹ്യം.മുൻജന്മ പാപങ്ങളുള്ള ശ്രീ(ചിലന്തി) കാള(സര്‍പ്പം) ഹസ്തി(ആന) എന്നീ ജീവികള്‍ ഇവിടെ ശിവഭഗവാനെ പൂജിക്കുകയും മോക്ഷം നേടുകയും ചെയ്തുവെന്നാണ് കഥ . പ്രധാന ക്ഷേത്രത്തില്‍ ചിലന്തിയുടെയും സര്‍പ്പത്തിന്‍റെയും ആനയുടെയും പ്രതിമയുണ്ട്.ക്ഷേത്രത്തിലേക്കുള്ള പ്രധാന പ്രവേശനഗോപുരം തെക്കുഭാഗത്താണ്.
5ാം നൂറ്റാണ്ടിലാണ് പ്രധാന ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം . ചുറ്റമ്പലം 12ആം നൂറ്റാണ്ടിൽ ചോള രാജാക്കന്മാരും, വിജയ നഗര രാജാക്കന്മാരുമാണ് നിർമ്മിച്ചതെന്നുമാണ് ചരിത്രം. അതേസമയം കാളഹസ്തിയിലെ പ്രധാന ആകർഷണമായ രാജഗോപുരം വടക്കുപടിഞ്ഞാറേ ‘ഭാഗത്താണ്. കാളഹസ്തീശ്വരന്‍ ഗിരിപ്രദക്ഷിണത്തിന് പുറത്തിറങ്ങുന്നത് രാജഗോപുരത്തിലൂടെയാണ്. കൃഷ്ണദേവരായരാണ് എ.ഡി. 1516-ല്‍ രാജഗോപുരം പണിതീര്‍ത്തത്. 120 അടി ഉയരമുണ്ട് രാജഗോപുരത്തിന്.
ചിത്രം: ഗോവിന്ദ് ആരോമൽ
ക്ഷേത്രത്തിലെ ദേവീക്ഷേത്രത്തിന് കിഴക്കോട്ടാണ് ദര്‍ശനം. "ജ്ഞാനാപ്രസന്നാംബിക" എന്നറിയപ്പെടുന്ന ദേവി തിരുപ്പതി വെങ്കിടാചലപതിയുടെ സഹോദരിയാണെന്നാണ് ഭക്തരുടെ വിശ്വാസം. ദേവീക്ഷേത്രത്തില്‍ ശങ്കരാചാര്യര്‍ ശ്രീചക്രം പ്രതിഷ്ഠിച്ചു എന്നും വിശ്വാസമുണ്ട്.കാളഹസ്തി ക്ഷേത്രം ഉള്‍പ്പടെ നിരവധി ക്ഷേത്രങ്ങളും നദികരയിലുണ്ട്, ചതുര്‍മുഖേശ്വര ക്ഷേത്രം, ദുര്‍ഗാംബിക ക്ഷേത്രം, ഭക്ത കണ്ണപ്പ ക്ഷേത്രം, ശ്രീദുര്‍ഗ ക്ഷേത്രം, സഹസ്രലിംഗ ക്ഷേത്രം, ശ്രീ സുബ്രമണ്യ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങള്‍ ഇവിടുത്തെ പ്രധാന തീര്‍ഥാടനകേന്ദ്രങ്ങൾ.
ചിത്രം: ഗോവിന്ദ് ആരോമൽ
റെയില്‍ മാര്‍ഗ്ഗവും റോഡ് മാര്‍ഗ്ഗവും കാളഹസ്തിയില്‍ എത്തിച്ചേരാം. ശ്രീകാളഹസ്തിയിൽ റെയിവേ സ്റ്റേഷൻ ഉണ്ടെങ്കിലും,ഏറ്റവും അടുത്ത പ്രധാനപെട്ട സ്റ്റേഷൻ റെനിഗുണ്ടയിലാണ്,അവിടെ മിക്ക ട്രെയിനുകൾക്കും സ്റ്റോപ്പുണ്ട്.ചെന്നൈയില്‍ നിന്ന് വളരെ എളുപ്പത്തില്‍ റോഡ് മാർഗം കാളഹസ്തിയില്‍ എത്തിച്ചേരാം. ചെന്നൈയില്‍ നിന്ന് 113 കിലോമീറ്ററാണ് കാളഹസ്തിയിലേക്കുള്ള ദൂരം.വേനല്‍ക്കാലത്ത് ഇവിടെ കടുത്ത ചൂട് അനുഭവപ്പെടും. അതിനാല്‍ ഈ സമയത്ത് സന്ദര്‍ശനം ഒഴിവാക്കുന്നതാണ് നല്ലത്.ബാക്കി എല്ലാ സമയവും ദർശനത്തിന് അനുയോജ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...