27 വിദേശ ഭക്തർക്ക് ഗുരുവായൂരപ്പന് മുന്നിൽ തുലാഭാരം
27 പേരും മണിക്കിണറിലെ തീർത്ഥം കൊണ്ടായിരുന്നു തുലാഭാരം നടത്തിയത്. സാധനാ മർഗ്ഗം പിന്തുടരുന്ന ഇവർ ശരീര ബോധ സമർപ്പണം എന്ന സങ്കൽപത്തിലാണ് തീർത്ഥജലം തുലാഭാരത്തിനായി തിരഞ്ഞെടുത്തത്.
ഗുരുവായൂർ : ഫ്രാൻസ്, ബ്രസീൽ, ആസ്ത്രേലിയ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയ 27 ഭക്തർക്ക് ഗുരുവായൂരപ്പന് മുന്നിൽ തുലാഭാരം നടന്നു. കൂപ്പുകൈകളോടെ ഓരോരുത്തരും ഭഗവാന് മുന്നിലിരുന്നത് വേറിട്ട കാഴ്ച കൂടിയായി മാറി. ബ്രസീലിലെ സീതാജിയുടെ നേതൃത്വത്തിൽ എത്തിയ സംഘമാണ് ഭഗവാനു മുന്നിൽ തുലാഭാര സമർപ്പണം നടത്തിയത്. കഴിഞ്ഞ ഏഴുവർഷമായി ഓൺലൈനിലൂടെ കേട്ടറിഞ്ഞ ഗുരുവായൂർ വിശേഷങ്ങളും കൃഷ്ണകഥകളും അവർ അയവിറക്കി.
സനാതന ധർമ്മത്തെ പിന്തുടരുന്ന ഇവർ സായ് സഞ്ജീവനി ട്രസ്റ്റിന്റെ അതിഥികളായാണ് ഇവിടെ എത്തിയത്. വെള്ളപൊക്കവും കോവിഡും കാരണം കഴിഞ്ഞ കുറേ വർഷങ്ങളായി ആഗ്രഹിച്ചിരുന്നെങ്കിലും ഇവർക്ക് കേരളത്തിൽ എത്താൻ സാധിച്ചിരുന്നില്ല. 27 പേരും മണിക്കിണറിലെ തീർത്ഥം കൊണ്ടായിരുന്നു തുലാഭാരം നടത്തിയത്. സാധനാ മർഗ്ഗം പിന്തുടരുന്ന ഇവർ ശരീര ബോധ ( ഈഗോ ) സമർപ്പണം എന്ന സങ്കൽപത്തിലാണ് തീർത്ഥജലം തുലാഭാരത്തിനായി തിരഞ്ഞെടുത്തത്.
തുടർന്ന് ഗുരുവായൂർ സായിമന്ദിരത്തിൽ നടന്ന മഹാഭിഷേകത്തിലും അമാവാസ്യ ഹവനത്തിലും പങ്കെടുത്തു. സായി സഞ്ജീവനി നടത്തുന്ന മൗന യോഗ പരിശീലകരാണ് ഇവർ. ട്രസ്റ്റ് ചെയർമാൻ സ്വാമി ഹരിനാരായണൻ , അരുൺ നമ്പ്യാർ, വിജീഷ് മണി , അഡ്വ: രാജൻ നായർ തുടങ്ങിയവർ സന്നിഹിതരായി. തുലാഭാരസംഖ്യ 4200 ദേവസ്വത്തിൽ അടവാക്കി പിടിപ്പണം ഭഗവാന് ഭണ്ഡാരത്തിൽ നിക്ഷേപിച്ചുമാണ് മടങ്ങിയത്.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.