Ramayana Masam 2021: രാമായണം ഇരുപത്തിയാറാം ദിനം പാരായണം ചെയ്യേണ്ട ഭാഗം
Ramayana Masam 2021: കര്‍ക്കടക മാസത്തിനെ നാം രാമായണ മാസം എന്നും വിളിക്കുന്നുണ്ട്. കാരണം കർക്കിടകം തുടങ്ങിയാൽ എല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണം വായിക്കാന്‍ തുടങ്ങും.
Ramayana Masam 2021: കര്‍ക്കടക മാസത്തിനെ നാം രാമായണ മാസം എന്നും വിളിക്കുന്നുണ്ട്. കാരണം കർക്കിടകം തുടങ്ങിയാൽ എല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണം വായിക്കാന്‍ തുടങ്ങും. അതുകൊണ്ടുതന്നെ ഈ മാസം മുഴുവനും രാമായണം പാരായണം ചെയ്യുകയാണ് വേണ്ടത്.
ഒരു മാസത്തെ പാരായണത്തിലൂടെ രാമായണം പൂര്‍ണമായി വായിച്ചു തീര്‍ക്കണമെന്നാണ് വിശ്വാസം. ബാലകാണ്ഡത്തിലെ ശ്രീരാമ രാമ രാമ എന്ന ഭാഗത്തില്‍ നിന്നായിരിക്കണം രാമായണപാരായണം ആരംഭിക്കേണ്ടത്. ഏതൊരു ഭാഗം വായിക്കുന്നതിനുമുന്‍പും ബാലകാണ്ഡത്തിലെ ഈ ഭാഗം പാരായണം ചെയ്തതിനുശേഷം വേണം വായിക്കാന്‍.
Also Read: Horoscope 11 August 2021: ഇന്ന് ഈ 5 രാശിക്കാരുടെ ജീവിതം മാറിമറിയും; മറ്റ് രാശിക്കാർക്ക് എങ്ങനെയെന്നറിയാം...
ഇരുപത്തിയാറാം ദിനമായ ഇന്ന് ഏത് ഭാഗമാണ് രാമായണത്തിൽ വായിക്കേണ്ടത് എന്ന് നോക്കാം..
രാവണന്റെ പടപ്പുറപ്പാട്
‘ആരേയും പോരിന്നയയ്ക്കുന്നതില്ലിനി
നേരെ പൊരുതുജയിക്കുന്നതുണ്ടല്ലോ.
നമ്മോടുകൂടെയുള്ളോര്‍ പോന്നീടുക
നമ്മുടെ തേരുംവരുത്തുകെന്നാ’നവന്‍
വെണ്മതിപോലെ കുടയും പിടിപ്പിച്ചു
പൊന്മയമായൊരു തേരില്‍ക്കരേറിനാന്‍
ആലവട്ടങ്ങളും വെണ്‍ചാമരങ്ങളും
നീലത്തഴകളും മുത്തുക്കുടകളും
ആയിരം വാജികളെക്കൊണ്ടുപൂട്ടിയ
വായുവേഗം പൂണ്ടതേരില്‍ കരയേറി
മേരുശീഖരങ്ങള്‍ പോലെകിരീടങ്ങള്‍
ഹാരങ്ങളാദിയാമാഭരണങ്ങളും
പത്തുമുഖമിരുപതു കൈകളും
ഹസ്തങ്ങളില്‍ ചാപബാണായുദ്ധങ്ങളും
നീലാദ്രിപോലെ നിശാചരനായകന്‍
കോലാഹലത്തോടുകൂടെപ്പുറപ്പെട്ടാന്‍.
ലങ്കയിലുള്ളമഹാരഥരന്മാരെല്ലാം
ശങ്കാരഹിതം പുറപ്പെട്ടാരന്നേരം.
മക്കളും മന്ത്രിമാര്‍ തമ്പിമാരും മരു-
മക്കളും ബന്ധുക്കളും സൈന്യപാലരും
തിക്കിത്തിരക്കിവടക്കുഭാഗത്തുള്ള
മുഖ്യമാം ഗോപുരത്തോടെ തെരുതെരെ
വിക്രമമേറിയ നക്തഞ്ചരന്മാരെ
യൊക്കെപ്പുരോഭുവി കണ്ടു രഘുവരന്‍
മന്ദസ്മിതം ചെയ്തു നേത്രാന്തസംജ്ഞയാ
മന്ദം വിഭീഷണന്‍ തന്നോടരുള്‍ ചെയ്തു:
‘നല്ലവീരന്മാര്‍ വരുന്നതു കാണെടോ!
ചൊല്ലേണമെന്നോടിവരെയഥാഗുണം‘
എന്നതു കേട്ടുവിഭീഷണരാഘവന്‍-
തന്നോടു മന്ദസ്മിതം ചെയ്തു ചൊല്ലിനാന്‍:
ബാണചാപത്തോടുബാലാര്‍ക്ക കാന്തി പൂ-
ണ്ടാനക്കഴൂത്തില്‍ വരുന്നതകമ്പനന്‍
സിംഹധ്വജം പൂണ്ടതേരില്‍ കരയേറി
സിംഹപരാക്രമന്‍ ബാണചാപത്തൊടും
വന്നവനിന്ദ്രജിത്താകിയ രാവണ-
നന്ദനന്‍ തന്നെ മുന്നം ജയിച്ചാനവന്‍
ആയോധനത്തിനു ബാണചാപങ്ങള്‍ പൂ-
ണ്ടായതമായൊരു തേരില്‍ കരയേറി
കായം വളര്‍ന്നു വിഭൂഷണം പൂണ്ടതി-
കായന്‍ വരുന്നതു രാവണാന്തത്മകന്‍
പൊന്നണിഞ്ഞാനക്കഴുത്തില്‍ വരുന്നവ-
നുന്നതനേറ്റം മഹോദര മന്നവ!
വാജിമേലേറിപ്പരിഘം തിരിപ്പവ-
നാജി ശൂരേന്ദ്രന്‍ വിശാലന്‍ നരാന്തകന്‍.
വെള്ളെരുതിന്‍ മുകളേറി ത്രിശൂലവും
തുള്ളിച്ചിരിക്കുന്നവന്‍ ത്രിശിരസ്സല്ലോ
രാവണന്‍ തന്മകന്‍ മറ്റേതിനങ്ങേതു
ദേവാന്തകന്‍ തേരില്‍ വന്നിതു മന്നവ!
കുംഭകര്‍ണ്ണാത്മജന്‍ കുംഭമങ്ങേതവന്‍
തമ്പി നികുംഭന്‍ പരിഘായുധനല്ലോ.
ദേവകുലാന്തകനാകിയ രാവണ-
നേവരോടൂം നമ്മെ വെല്‍വാന്‍ പുറപ്പെട്ടു.‘
ഇത്ഥം വിഭീഷണന്‍ ചൊന്നതു കേട്ടതി-
നുത്തരം രാഘവന്‍ താനുമരുള്‍ ചെയ്തു:
‘യുദ്ധേ ദശമുഖനെക്കൊലചെയ്തുടന്‍
ചിത്തകോപം കളഞ്ഞീടുവതിന്നു ഞാന്‍‘
എന്നരുള്‍ ചെയ്തു നിന്നരുളുന്നേരം
വന്ന പടയോടു ചൊന്നാന്‍ ദശാസ്യനും:
‘എല്ലാവരും നാമൊഴിച്ചു പോന്നാലവര്‍
ചെല്ലുമകത്തു കടന്നൊരുഭാഗമേ
പാര്‍ത്തു ശത്രുക്കള്‍ കടന്നുകൊള്ളും മുന്നേ
കാത്തുകൊള്‍വിന്‍ നിങ്ങള്‍ ചെന്നു ലങ്കാപുരം.
യുദ്ധത്തിനിന്നു ഞാന്‍ പോരുമിവരോടൂ
ശക്തിയില്ലായ്കയില്ലിതിനേതുമേ.’
ഏവം നിയോഗിച്ചനേരം നിശാചരരേവരും
ചെന്നു ലങ്കാപുരം മേവിനാര്‍.
വൃന്ദാദികാരാതി രാവണന്‍ വാനര-
വൃന്ദത്തെയെയ്തുയെറ്യ്തങ്ങ തള്ളിവിട്ടീടിനാന്‍.
വാനരേന്ദ്രന്മാരഭയം തരികെന്നു
മാനവേന്ദ്രന്‍ കാല്‍ക്കല്‍ വീണിരന്നീടിനാര്‍
വില്ലും ശരങ്ങളുമാശു കൈക്കൊണ്ടു കൌ-
സല്യാതനയനും പോരിനൊരുമിച്ചാന്‍.
‘വമ്പനായുള്ള്ഓരിവനോടു പോരിനു
മുമ്പിലടിയനനുഗ്രഹം നല്‍കണം‘.
എന്നുസൌമിത്രിയും ചെന്നിരന്നീടിനാന്‍
മന്നവന്‍ താനുമരുള്‍ ചെയ്തതിന്നേരം:
വൃത്രാരിയും പോരില്‍ വിവസ്ത്രനായ് വരും
നക്തഞ്ചരേന്ദ്രനോടേറ്റാലറിക നീ
മായയുമുണ്ടേറ്റം നിശാചരര്‍ക്കേറ്റവും
ന്യായവുമൊണ്ടിവര്‍ക്കാര്‍ക്കുമൊരിക്കലും
ചന്ദ്രചൂഡപ്രിയനാകെയുമുണ്ടവന്‍
ചന്ദ്രഹാസാഖ്യമാം വാളുമുണ്ടായുധം
എല്ലാം നിരൂപിച്ചു ചിത്തമുറപ്പിച്ചു
ചെല്ലേണമല്ലൊ കലഹത്തിനെ’ന്നെല്ലാം
ശിക്ഷിച്ചരുള്‍ചെയ്തയച്ചോരനന്തരം
ലക്ഷ്മണനും തൊഴുതാശു പിന്‍ വാങ്ങിനാന്‍
ജാനകിചോരനെക്കണ്ടൊരു നേരത്തു
വാനരനായകനായൊരു മാരുതി
തേര്‍ത്തടം തന്നില്‍ കുതിച്ചു വീണീടിനാ-
നാര്‍ത്തനായ് വന്നു നിശാചരനാഥനും.
ദക്ഷിണഹസ്തവുമോങ്ങിപ്പറഞ്ഞിതു;
രക്ഷോവരനോടൂമാരുതപുത്രനും:
നിര്‍ജ്ജരന്മാരേയും താപസന്മാരേയും
സജ്ജനമായ മറ്റുള്ള ജനത്തേയും
നിത്യമുപദ്രവുക്കുന്നനിനക്കു വ-
ന്നെത്തുമാപത്തു കപികുലത്താലെടോ!
നിന്നേയടീച്ചുകൊല്‍ വാന്‍ വന്നുനില്‍ക്കുന്നൊ-
രെന്നെയൊഴിച്ചുകൊല്‍ വീരനെന്നാകില്‍ നീ
വിക്രമമേറിയ നിന്നുടെ പുത്രനാ-
മക്ഷകുമാരനെക്കൊന്നതു ഞാനെടോ.’
എന്നുപറഞ്ഞോന്നടിച്ചാന്‍ കപീന്ദ്രനും
നന്നായ് വിറച്ചുവീണാന്‍ ദശകണ്ഠനും
പിന്നെയുണര്‍ന്നു ചൊന്നാനിവിടേക്കിന്നു
വന്ന കപികളില്‍ നല്ലനല്ലോ ഭവാന്‍
‘നന്മയെന്തായെതെനിക്കിന്നൈതുകൊണ്ടു
നമ്മുടെ തല്ലുകൊണ്ടാല്‍ മറ്റൊരുവരും
മൃത്യുവരാതെ ജീവിപ്പവരില്ലല്ലൊ
മൃത്യുവന്നീല നിനക്കതുകൊണ്ടുഞാന്‍
എത്രയും ദുര്‍ബലനെന്നുവന്നീ നമ്മി-
ലിത്തിരി നേരമിന്നും പൊരുതീടണം’
എന്നനേരത്തൊന്നടിച്ചാന്‍ ദശാനനന്‍
പിന്നെ മോഹിച്ചു വീണാന്‍ കപിശ്രേഷ്ഠനും
നീലനന്നേരം കുതികൊണ്ടുരാവണ-
ന്മേലെ കരേറി കിരീടങ്ങള്‍ പത്തിലും
ചാടിക്രമേണ നൃത്തം തുടങ്ങീടിനാന്‍;
പാടിത്തുടങ്ങിനാന്‍ രാവണനും തദാ.
പാവകാസ്ത്രം കൊണ്ടു പാവകപുത്രനെ
രാവണനെയ്തുടന്‍ തള്ളിവിട്ടീടിനാന്‍
തല്‍ ക്ഷണെകോപിച്ചു ലക്ഷ്മണന്‍ വേഗേന
രക്ഷോവരനെ ചെറുത്താനതു നേരം
ബാണഗണത്തെ വര്‍ഷിച്ചാനിരുവരും
കാണരുതാതെ ചമഞ്ഞിതു പോര്‍ക്കളം
വില്ലുമുറിച്ചുകളഞ്ഞിതു ലക്ഷ്മണ-
നല്ലല്‍ മുഴുത്തുനിന്നു ദശകണ്ഠനും.
പിന്നെ മയന്‍ കൊടുത്തൊരു വേള്‍ സൌമിത്രി-
തന്നുടെ മാറിലാമ്മാറു ചാട്ടീടിനാന്‍.
അസ്ത്രങ്ങള്‍ കൊണ്ടു തടുക്കരുതാഞ്ഞു സൌ-
മിത്രിയും ശക്തിയേറ്റാശു വീണീടിനാന്‍.
ആടലായ് വീണകുമാരനെച്ചെന്നെടു-
ത്തീടുബാനാശു ഭാവിച്ചു ദശാനനന്‍.
കൈലാസശൈലമെടുത്ത ദശാസ്യനു
ബാലശരീരമിളക്കരുതാഞ്ഞിതു.
രാഘവന്‍ തന്നുടെ ഗൌരവമോര്‍ത്തതി-
ലാഘവം പൂണ്ടിതു രാവണവീരനും
കണ്ടുനില്‍ക്കുന്നൊരു മാരുതപുത്രനും
മണ്ടിയണഞ്ഞൊന്നടിച്ചാന്‍ ദശാസ്യനെ
ചോരയും ഛര്‍ദ്ദിച്ചു തേരില്‍ വീണാനവന്‍
മാരുതി താനും കുമാരനെ തല്‍ക്ഷണേ
പുഷ്പസമാനമെടുത്തുകൊണ്ടാദരാല്‍
ചില്‍ പുരുഷന്‍ മുമ്പില്‍ വച്ചു വണങ്ങിനാന്‍
മാറും പിരിഞ്ഞു ദശമുഖന്‍ കയ്യിലാ-
മ്മാറു പുക്കു മയദത്തമാം ശക്തിയും.
Also Read: ആഗസ്റ്റ് മാസത്തിൽ ഈ 5 രാശിക്കാരുടെ വീടുകളിൽ സന്തോഷം പറന്നെത്തും, അറിയാം നിങ്ങൾ എത്ര ഭാഗ്യവാനാണെന്ന്
ത്രൈലൊക്യനായകനാകിയ രാമനും
പൌലസ്ത്യനോടൂ യുദ്ധം തുടങ്ങിനാന്‍:
‘പംക്തിമുഖനോടു യുദ്ധത്തിനെന്നുടെ
കണ്ഠമേറിക്കൊണ്ടു നിന്നരുളിക്കൊള്‍ക
കുണ്ഠതയെന്നിയേ കൊല്‍ക ദശാസ്യനെ.’
മാരുതി ചൊന്നതു കേട്ടു രഘുത്തമ-
നാരുഹ്യ തല്‍ കണ്ഠദേശേ വിളങ്ങിനാന്‍
ചൊന്നാന്‍ ദശാനനന്‍ തന്നോടു രാഘവന്‍:
‘നിന്നെയടുത്തു കാണ്മാന്‍ കൊതിച്ചേന്‍ തുലൊം.
ഇന്നതിനാശു യോഗം വന്നിതാകയാല്‍
നിന്നേയും നിന്നോടു കൂടെ വന്നോരേയും
കൊന്നു ജഗത്രയം പാലിച്ചു കൊള്ളുവ-
നെന്നുടെ മുന്നിലരക്ഷണം നില്ലു നീ.’
എന്നരുള്‍ ചെയ്തു ശസ്ത്രാസ്ത്രങ്ങള്‍ തൂകിനാ-
നൊന്നിനൊന്നൊപ്പമെയ്താന്‍ ദശവക്ത്രനും
ഘോരമായ് വന്നിതു പോരുമന്നേരത്തു
വാരാന്നിധിയുമിളകി മറിയുന്നു.
മാരുതി തന്നെയുമെയ്തുമുറിച്ചിതു
ശൂരനായോരു നിശാചര നായകന്‍
ശ്രീരാമദേവനും കോപം മുഴുത്തതി-
ധീരത കൈക്കൊണ്ടെടുത്തൊരു സായകം
രക്ഷോവരനുടെ വക്ഷപ്രദേശത്തെ
ലക്ഷ്യമാക്കി പ്രയോഗിച്ചാനതിദ്രുതം,
ആലസ്യമായിതു ബാണമേറ്റന്നേരം
പൌലസ്ത്യചാപവും വീണിതു ഭൂതലേ.
നക്തഞ്ചരാധിപനായ ദശാസ്യനു
ശക്തിക്ഷയം കണ്ടു സത്വരം രാഘവന്‍
തേരും കൊടിയും കുടയും കുതിരയും
ചാരുകിരീടങ്ങളും കളഞ്ഞീടിനാന്‍
സാരഥിതന്നെയും കൊന്നു കളഞ്ഞള-
വാരൂഢതാപേന നിന്നു ദശാസ്യനും
രാമനും രാവണന്‍ തന്നോടരുള്‍ ചെയ്താ-
‘നാമയം പാരം നിനക്കുണ്ടു മാനസേ.
പോയാലുമിന്നു ഭയപ്പെടായ്കേതുമേ.
നീയിനി ലങ്കയില്‍ച്ചെന്നങ്ങിരുന്നാലും
ആയുധവാഹനത്തോടൊരുമ്പെട്ടുകൊ-
ണ്ടായോധനത്തിനു നാളെ വരേണം നീ.’
കാകുലസ്ഥവാക്കുകള്‍ കേട്ടു ഭയപ്പെട്ടു
വേഗത്തിലങ്ങു നടന്നു ദശാനനന്‍.
രാഘവാസ്ത്രം തുടരെത്തുടര്‍ന്നുണ്ടെന്നൊ-
രാകുലം പൂണ്ടു തിരിഞ്ഞു നോക്കിത്തുലോം
വേപഥുഗാത്രനായ് മന്ദിരം പ്രാപിച്ചു
താപമുണ്ടായതു ചിന്തിച്ചു മേവിനാന്‍.
കുംഭകര്‍ണ്ണന്റെ നീതിവാക്യം
മാനവേന്ദ്രന്‍ പിന്നെ ലക്ഷ്മണന്‍ തന്നെയും
വാനരരാജനാമര്‍ക്കാത്മജനേയും
രാവണബാണ വിദാരിതന്മാരായ
പാവകപുത്രാദി വാനരന്മാരെയും
സിദ്ധൌഷധം കൊണ്ടു രക്ഷിച്ചു തന്നുടെ
സിദ്ധാന്തമെല്ലാമരുള്‍ ചെയ്തു മേവിനാന്‍
രാത്രിഞ്ചരേന്ദ്രനും ഭൃത്യജനത്തൊടു
പേര്‍ത്തും നിജാര്‍ത്തികളോര്‍ത്തു ചൊല്ലീടിനാന്‍:-
“നമ്മുടെ വീര്യ ബലങ്ങളും കീര്‍ത്തിയും
നന്മയുമര്‍ത്ഥപുരുഷകാരാദിയും
നഷ്ടമായ് വന്നിതൊടുങ്ങി സുകൃതവും
കഷ്ടകാലം നമുക്കാഗതം നിശ്ചയം
വേധാവു താനുമനാരണ്യ ഭൂപനും
വേദവതിയും മഹാനന്ദികേശനും
രംഭയും പിന്നെ നളകൂബരാദിയും
ജംഭാരിമുമ്പാം നിലിമ്പവരന്മാരും
കുംഭോല്‍ഭവാദികളായ മുനികളും
ശംഭുപ്രണയിനിയാകിയ ദേവിയും
പുഷ്ടതപോബലം പൂണ്ടു പാതിവ്രത്യ-
നിഷ്ഠയോടെ മരുവുന്ന സതികളും
സത്യമായ് ചൊല്ലിയ ശാപവചസ്സുകള്‍
മിഥ്യയായ് വന്നു കൂടായെന്നു നിര്‍ണ്ണയം
ചിന്തിച്ചു കാണ്മിന്‍ നമുക്കിനിയും പുന-
രെന്തോന്നു നല്ലൂ, ജയിച്ചു കൊള്‍വാനഹോ!
കാലാരിതുല്യനാകും കുംഭകര്‍ണ്ണനെ-
ക്കാലം കളയാതുണര്‍ത്തുക നിങ്ങള്‍ പോയ്
ആറുമാസം കഴിഞ്ഞെന്നിയുണര്‍ന്നീടു-
മാറില്ലുറങ്ങിത്തുടങ്ങീട്ടവനുമി-
ന്നൊന്‍പതു നാളേ കഴിഞ്ഞതുള്ളൂ നിങ്ങ-
ളന്‍പോടുണര്‍ത്തുവിന്‍ വല്ലപ്രകാരവും“
രാക്ഷസരാജനിയോഗേന ചെന്നോരോ-
രാക്ഷസരെല്ലാമൊരുമ്പെട്ടുണര്‍ത്തുവാന്‍
ആനകദുന്ദുഭിമുഖ്യവാദ്യങ്ങളു-
മാനതേര്‍ കാലാള്‍ കുതിരപ്പടകളും
കുംഭകര്‍ണ്ണോരസി പാഞ്ഞുമാര്‍ത്തും ജഗത്-
കമ്പം വരുത്തിനാരെന്തൊരു വിസ്മയം!
കുംഭസഹസ്രം ജലം ചൊരിഞ്ഞീടിനാര്‍
കുംഭകര്‍ണ്ണ ശ്രവണാന്തരേ പിന്നെയും
കുംഭീവരന്മാരെക്കൊണ്ടു നാസാരന്ധ്ര-
സംഭൂതരോമം പിടിച്ചു വലിപ്പിച്ചും
തുമ്പിക്കരമറ്റലറിയുമാനകള്‍
ജംഭാരിവൈരിക്കു കമ്പമില്ലേതുമേ
ജ്രുംഭാസമാരംഭമോടുമുണര്‍ന്നിതു
സംഭ്രമിച്ചോടിനാരശരവീരരും
കുംഭസഹസ്രം നിറച്ചുള്ള മദ്യവും
കുംഭസഹസ്രം നിറച്ചുള്ള രക്തവും
സംഭോജ്യമന്നവും കുന്നുപോലെ കണ്ടൊ-
രിമ്പം കലര്‍ന്നെഴുന്നേറ്റിരുന്നീടിനാന്‍
ക്രവ്യങ്ങളാദിയായ് മറ്റുപജീവന-
ദ്രവ്യമെല്ലാം ഭുജിച്ചാനന്ദചിത്തനായ്
ശുദ്ധാചമനവും ചെയ്തിരിക്കും വിധൌ
ഭൃത്യജനങ്ങളും വന്നു വണങ്ങിനാന്‍
കാര്യങ്ങളെല്ലാമറിയിച്ചുണര്‍ത്തിയ-
കാരണവും കേട്ടു പംക്തികണ്ഠാനുജന്‍
‘എങ്കിലോ വൈരികളെക്കൊല ചെയ്തു ഞാന്‍
സങ്കടം തീര്‍ത്തു വരുവ’ നെന്നിങ്ങനെ
ചൊല്ലിപ്പുറപ്പെട്ടനേരം മഹോദരന്‍
മെല്ലെത്തൊഴുതു പറഞ്ഞാനതുനേരം:
‘ജ്യേഷ്ഠനെക്കണ്ടു തൊഴുതു വിടവാങ്ങി
വാട്ടം വരാതെ പൊയ്ക്കൊള്ളുക നല്ലതു”
ഏവം മഹോദരന്‍ ചൊന്നതു കേട്ടവന്‍
രാവണന്‍ തന്നെയും ചെന്നു വണങ്ങിനാന്‍
ഗാഢമായാലിംഗനം ചെയ്തിരുത്തീടിനാ-
നൂഢമോദം നീജ സോദരന്‍ തന്നെയും
‘ചിത്തേ ധരിച്ചതില്ലോര്‍ക്ക നീ കാര്യങ്ങള്‍
വൃത്താന്തമെങ്കിലോ കേട്ടാലുമിന്നെടോ:
സോദരി തന്നുടെ നാസകുചങ്ങളെ
ച്ഛേദിച്ചതിന്നു ഞാന്‍ ജാനകീദേവിയെ
ശ്രീരാമലക്ഷ്മണന്മാരറിയാതെ ക-
ണ്ടാരാമ സീമ്നി കൊണ്ടന്നു വെച്ചീടിനേന്‍
വാരിധിയില്‍ ചിറ കെട്ടിക്കടന്നവന്‍
പോരിന്നു വാനരസേനയുമായ് വന്നു
കൊന്നാന്‍ പ്രഹസ്താദികളെപ്പലരെയു-
മെന്നെയുമെയ്തു മുറിച്ചാന്‍ ജിതശ്രന്മം
കൊല്ലാതെ കൊന്നയച്ചാനതു കാരണ-
മല്ലല്‍ മുഴുത്തു ഞാന്‍ നിന്നേയുണര്‍ത്തിനേന്‍
മാനവന്മാരെയും വാനരന്മാരെയും
കൊന്നു നീയെന്നെ രക്ഷിച്ചു കൊള്ളേണമേ‘
എന്നതു കേട്ടു ചൊന്നാന്‍ കുംഭകര്‍ണ്ണനും
‘നന്നു നന്നെത്രയും നല്ലതേ നല്ലു കേള്‍
നല്ലതും തീയതും താനറിയാത്തവന്‍
നല്ലതറിഞ്ഞു ചൊല്ലുന്നവന്‍ ചൊല്ലുകള്‍
നല്ലവണ്ണം കേട്ടുകൊള്ളുകിലും നന്ന-
തല്ലാതവര്‍ക്കുണ്ടോ നല്ലതുണ്ടാകുന്നു?
‘സീതയെ രാമനു നല്‍കുക’ന്നിങ്ങനെ
സോദരന്‍ ചൊന്നാനതിനു കോപിച്ചു നീ
ആട്ടിക്കളഞ്ഞതു നന്നുനന്നോര്‍ത്തു കാണ്‍,
നാട്ടില്‍ നിന്നാശു വാങ്ങീ ഗുണമൊക്കവേ
നല്ലവണ്ണം വരും കാലമില്ലെന്നതും
ചൊല്ലാമതുകൊണ്ടതും കുറ്റമല്ലെടോ!
നല്ലതൊരുത്തരാലും വരുത്താവത-
ല്ലല്ലല്‍ വരുത്തുമാപത്തണയുന്ന നാള്‍
കാലദേശാവസ്ഥകളും നയങ്ങളും
മൂലവും വൈരികള്‍ കാലവും വീര്യവും
ശത്രുമിത്രങ്ങളും മദ്ധ്യസ്ഥപക്ഷവു-
മര്‍ത്ഥപുരുഷകാരാദി ഭേദങ്ങളും
നാലുപായങ്ങളുമാറുനയങ്ങളും
മേലില്‍ വരുന്നതുമൊക്കെ നിരൂപിച്ചു’
പത്ഥ്യം പറയുമമാത്യനുണ്ടെങ്കിലോ
ഭര്‍തൃസൌഖ്യം വരും, കീര്‍ത്തിയും വര്‍ദ്ധിയ്ക്കും
ഇങ്ങനെയുള്ളൊരമാത്യധര്‍മ്മം വെടി-
ഞ്ഞെങ്ങനെ രാജാവിനിഷ്ടമെന്നാലതു
കര്‍ണ്ണസുഖം വരുമാറുപറഞ്ഞു കൊ-
ണ്ടന്വഹമാത്മാഭിമാനവും ഭാവിച്ചു
മൂലവിനാശം വരുമാറു നിത്യവും
മൂഢരായുള്ളോരമാത്യജനങ്ങളില്‍
നല്ലതു കാകോളമെന്നതു ചൊല്ലുവോ-
രല്ലല്‍ വിഷ്മുണ്ടവര്‍ക്കെന്നിയില്ലല്ലോ
മൂഢരാം മന്ത്രികള്‍ ചൊല്ലു കേട്ടീടുകില്‍
നാടുമായുസ്സും കുലവും നശിച്ചു പോം
നാദഭേദം കേട്ടു മോഹിച്ചു ചെന്നു ചേര്‍-
ന്നാധി മുഴുത്തു മരിക്കും മൃഗകുലം
അഗ്നിയെക്കണ്ടു മോഹിച്ചു ശലഭങ്ങള്‍
മഗ്നരായഗ്നിയില്‍ വീണു മരിക്കുന്നു
മത്സ്യങ്ങളും രസത്തിങ്കല്‍ മോഹിച്ചു ചെ-
ന്നത്തല്‍ പെടുന്നു ബളിശം ഗ്രസിക്കയാല്‍
ആഗ്രഹമൊന്നിങ്കലേറിയാലാപത്തു-
പോക്കുവാനാവതല്ലാതവണ്ണം വരും
നമ്മുടെ വംശത്തിനും നല്ല നാട്ടിനു-
മുന്മൂലനാശം വരുത്തുവാനായല്ലോ
ജാനകി തന്നിലൊരാശയുണ്ടായതും
ഞാനറിഞ്ഞേനതു രാത്രീഞ്ചരാധിപ!
ഇന്ദ്രിയങ്ങള്‍ക്കു വശനായിരിപ്പവ-
നെന്നുമാപത്തൊഴിഞ്ഞില്ലെന്നു നിര്‍ണ്ണയം
ഇന്ദ്രിയഗ്രാമം ജയിച്ചിരിക്കുന്നവ-
നൊന്നുകൊണ്ടും വരാ നൂനമാപത്തുകള്‍
നല്ലതല്ലെന്നറിഞ്ഞിരിക്കെബ്ബലാല്‍
ചെല്ലുമൊന്നിങ്കലൊരുത്തനഭിരുചി
പൂര്‍വ്വജന്മാര്‍ജ്ജിത വാസനയാലതി-
നാവതല്ലേതുമതില്‍ വശനായ് വരും
എന്നാലതിങ്കല്‍ നിന്നാശുമനസ്സിനെ-
ത്തന്നുടെ ശാസ്ത്രവിവേകോപദേഷങ്ങള്‍
കൊണ്ടുവിധേയമാക്കിക്കൊണ്ടിരിപ്പവ-
നുണ്ടോ ജഗത്തിങ്കലാരാനുമോര്‍ക്ക നീ?
മുന്നം വിചാരകാലേ ഞാന്‍ ഭവാനോടു-
തന്നെ പറഞ്ഞതില്ലേ ഭവിഷ്യത് ഫലം?
ഇപ്പോളുപഗതമായ്‌വന്നതീശ്വര –
കല്‍പ്പിതമാര്‍ക്കും തടുക്കാവതല്ലല്ലോ
മാനുഷനല്ല രാമന്‍ പുരുഷോത്തമന്‍
നനാജഗന്മയന്‍ നാരയണന്‍ പരന്‍
സീതയാകുന്നതു യോഗമായാദേവി
ചേതസി നീ ധരിച്ചീടുകെന്നിങ്ങനെ
നിന്നോടു തന്നെ പറഞ്ഞുതന്നീലയോ
മന്നവ!മുന്നമേയെന്തതോരാഞ്ഞതും?
ഞാനൊരുനാള്‍ വിശാലയാം യഥാസുഖം
കാനനാന്തേ നരനാരായണാശ്രമേ
വാഴുന്നനേരത്തു നാരദനെപ്പരി-
തോഷേണ കണ്ടു നമസ്കരിച്ചീടിനേന്‍
ഏതൊരുദിക്കില്‍ നിന്നാഗതനായിതെ-
ന്നാദരവോടരുള്‍ ചെയ്ക മഹാമുനേ!
എന്തൊരു വൃത്താന്തമുള്ളൂ ജഗത്തിങ്ക-
ലന്തരം കൂടാതരുള്‍ചെയ്ക, യെന്നെല്ലാം
ചോദിച്ച നേരത്തു നാരദനെന്നോടു
സാദരം ചൊന്നാനുദന്തങ്ങളൊക്കവേ
‘രാവണപീഡിതന്മാരായ് ചമഞ്ഞൊരു-
ദേവകളും മുനിമാരുമൊരുമിച്ചു
ദേവദേവേശനാം വിഷ്ണുഭഗവാനെ-
സേവിച്ചുണര്‍ത്തിച്ചു സങ്കടമൊക്കവേ
ത്രിലോക്യകണ്ടകനാകിയ രാവണന്‍
പൌലസ്ത്യപുത്രനതീവദുഷ്ടന്‍ ഖലന്‍
ഞങ്ങളെയെല്ലാമുപദ്രവിച്ചീടുന്നി-
തെങ്ങുമിരിക്കരുതാതെചമഞ്ഞിതു
മര്‍ത്ത്യനാലെന്നിയേ മൃത്യുവില്ലെന്നതു
മുക്തം വിരിഞ്ചനാല്‍ മുന്നമേ കല്പിതം
മര്‍ത്ത്യനായ് തന്നെ പിറന്നു ഭവാനിനി
സത്യധര്‍മ്മങ്ങളെ രക്ഷിക്ക വേണമേ’
ഇത്ഥമുണര്‍ത്തിച്ചനേരം മുകുന്ദനും
ചിത്തകാരുണ്യം കലര്‍ന്നരുളിച്ചെയ്തു:
‘പൃത്ഥ്വിയില്‍ ഞാനയോദ്ധ്യായാം ദശരഥ-
പുത്രനായ് വന്നു പിറന്നിനിസ്സത്വരം
നക്തഞ്ചരാധിപന്‍ തന്നെയും നിഗ്രഹി-
ച്ചത്തല്‍ തീര്‍ത്തീടുവനിത്രിലോകത്തിങ്കല്‍
സത്യസങ്കല്‍പ്പനാമീശ്വരന്‍ തന്നുടെ
ശക്തിയോടും കൂടി രാമനായ് വന്നതും
നിങ്ങളെയെല്ലാമൊടുക്കുമവനിനി
മംഗലം വന്നുകൂടും ജഗത്തിങ്കലും’
എന്നരുള്‍ ചെയ്തു മറഞ്ഞു മഹാമുനി
നന്നായ് നിരൂപിച്ചു കൊള്‍ക നീ മാനസേ
Also Read: Mount Kailash: മഹാദേവന്റെ കൈലാസത്തിൽ ഇതുവരെ ആർക്കും കയറാൻ കഴിഞ്ഞിട്ടില്ല, അതിന്റെ രഹസ്യം..?
‘രാമന്‍ പരബ്രഹ്മമായ സനാതനന്‍
കോമളനിന്ദീവരദളശ്യാമളന്‍
മായാമാനുഷ്യവേഷം പൂണ്ട രാമനെ-
ക്കായേന വാചാ മനസാ ഭജിക്ക നീ
ഭക്തി കണ്ടാല്‍ പ്രസാദിക്കും രഘുത്തമന്‍
ഭക്തിയല്ലോ മഹാജ്ഞാനമാതാവെടോ!
ഭക്തിയല്ലോ സതാം മോക്ഷപ്രജായിനി
ഭക്തിഹീനന്മാര്‍ക്കു കര്‍മ്മവും നിഷ്ഫലം
സംഖ്യയില്ലാതോളമുണ്ടവതാരങ്ങള്‍
പങ്കജനേത്രനാം വിഷ്ണുവിനെങ്കിലും
സംഖ്യാവതാം മതം ചൊല്ലുവന്‍ നിന്നുടെ
ശങ്കയെല്ലാമകലെക്കളഞ്ഞീടുവാന്‍
രാമാവതാരസമമല്ലാതൊന്നുമേ
നാമജപത്തിനാലേ വരും മോക്ഷവും
ജ്ഞാനസ്വരൂപനാകുന്ന ശിവന്‍ പരന്‍
മാനുഷാകാരനാം രാമനാകുന്നതും
താരകബ്രഹ്മമെന്നത്രെ ചൊല്ലുന്നതും
ശ്രീരാമദേവനെത്തന്നെ ഭജിക്ക നീ
രാമനെത്തന്നെ ഭജിച്ചുവിദ്വജ്ജന–
മാമയം നല്‍കുന്ന സംസാരസാഗരം
ലംഘിച്ചു രാമപാദത്തെയും പ്രാപിച്ചു
സങ്കടം തീര്‍ത്തുകൊള്ളുന്നിതു സന്തതം
ശുദ്ധതത്വന്മാര്‍ നിരന്തരം രാമനെ-
ച്ചിത്താംബുജത്തിങ്കല്‍ നിത്യവും ധ്യാനിച്ചു
തച്ചരിത്രങ്ങളും ചൊല്ലി നാമങ്ങളു-
മുച്ചരിച്ചാത്മാനമാത്മാനാകണ്ടു ക-
ണ്ടച്യുതനോടു സായൂജ്യവും പ്രാപിച്ചു
നിശ്ചലാനന്ദേ ലയിക്കുന്നിതന്വഹം
മായാവിമോഹങ്ങളെല്ലാം കളഞ്ഞുടന്‍
നീയും ഭജിച്ചുകൊള്‍കാനന്ദമൂര്‍ത്തിയെ.’
കുംഭകര്‍ണ്ണവധം
സോദരനേവം പറഞ്ഞതു കേട്ടതിക്രോധം
മുഴുത്തു ദശാസ്യനും ചൊല്ലിനാന്‍
“ജ്ഞാനോപദേശമെനിക്കു ചയ്‌വാനല്ല
നാഞിന്നുണര്‍ത്തി വരുത്തി, യഥാസുഖം
നിദ്രയെ സേവിച്ചുകൊള്‍ക, നീയെത്രയും
ബുദ്ധിമാനെന്നതുമന്നറിഞ്ഞേനഹം
വേദശാസ്ത്രങ്ങളും കേട്ടുകൊള്ളാമിനി
ഖേദമകന്നു സുഖിച്ചുവാഴുന്ന നാള്‍
ആമെങ്കിലാശു ചെന്നായോധനം ചെയ്തു
രാമാദികളെ വധിച്ചു വരിക നീ”
അഗ്രജന്‍വാക്കുകളിത്തരം കേട്ടളവുഗ്രനാം
കുംഭകര്‍ണ്ണനന്‍ നടന്നീടിനാന്‍
വ്യഗ്രവും കൈവിട്ടു യുദ്ധേ രഘൂത്തമന്‍
നിഗ്രഹിച്ചാല്‍ വരും മോക്ഷമെന്നോര്‍ത്തവന്‍
പ്രകാരവും കടന്നുത്തുംഗശൈലരാജാകാര
മോടലറിക്കൊണ്ടതിദ്രുതം
ആയിരംഭാരമിരുമ്പുകൊണ്ടുള്ള
തന്നായുധമായുള്ള ശൂലവും കൈക്കൊണ്ടു
വാനരസേനയില്‍ പുക്കോരുനേരത്തു
വാനരവീരരെല്ലവരുമോടിനാര്‍
കുംഭകര്‍ണ്ണന്‍തന്‍ വരവു കണ്ടാകുലാല്‍
സംഭ്രമം പൂണ്ടു വിഭീഷണന്‍തന്നോടു
“വന്‍പുള്ള രാക്ഷസനേവനിവന്‍
പറകംബരത്തോളമുയരമുണ്ടത്ഭുതം!“
ഇത്ഥം രഘൂത്തമന്‍ ചോദിച്ചളവതിനുത്തരമാശു
വിഭീഷണന്‍ ചൊല്ലിനാന്‍
“രാവണസോദരന്‍ കുംഭകര്‍ണ്ണന്‍ മമ
പൂര്‍വജനെത്രയും ശക്തിമാന്‍ ബുദ്ധിമാന്‍
ദേവകുലാന്തകന്‍ നിദ്രാവശനിവനാവതി
ല്ലാര്‍ക്കുമേറ്റാല്‍ ജയച്ചീടുവാന്‍
തച്ചരിത്രങ്ങളെല്ലാമറിയിച്ചു ചെന്നിച്ഛ്യാ
പൂര്‍വജന്‍ കാല്‍ക്കല്‍ വീണീടിനാന്‍
ഭ്രാതാ വിഭീഷണന്‍ ഞാന്‍ ഭവത്ഭക്തിമാന്‍
പ്രീതിപൂണ്ടെന്നെയനുഗ്രഹിക്കേണമേ!
സീതയെ നല്‍കുക രാഘവനെന്നു
ഞാനാദരപൂര്‍വ്വമാവോളമപേക്ഷിച്ചേന്‍
ഖഡ്ഗവും കൈക്കൊണ്ടു നിഗ്രഹിച്ചീടുവാ
നുഗ്രതയോടുമടുത്തതു കണ്ടു ഞാന്‍
ഭീതനായ് നാലമാതൃന്മാരുമായ് പോന്നു
സീതാപതിയെശ്ശരണമായ് പ്രാപിച്ചേന്‍“
ഇത്ഥം വിഭീഷണവാക്കുകള്‍ കേട്ടവന്‍
ചിത്തം കുളുര്‍ത്തു പുണര്‍ന്നാനനുജനെ
പിന്നെപ്പുറത്തു തലോടിപ്പറഞ്ഞിതു:
“ധന്യനല്ലോ ഭാവാനില്ല കില്ലേതുമേ
ജീവിച്ചിരിക്ക പലകാലമൂഴിയുല്‍
സേവിച്ചുകൊള്‍ക രാമപാദാംബുജം
നമ്മുടെ വംശത്തെ രക്ഷിപ്പതിന്നു നീ
നിര്‍മ്മലന്‍ ഭാഗവതോത്തമനെത്രയും
നാരായണപ്രിയനെത്രയും നീയെന്നു
നാരദന്‍ തന്നെ പറഞ്ഞുകേട്ടേനഹം
മായാമയമിപ്രപഞ്ചമെല്ലെ,മിനിപ്പോ
യാലുമെങ്കില്‍ നീ രാമപാദാന്തികേ“
എന്നതു കേട്ടഭിവാദ്യവും ചെയ്തതിഖിന്നനായ്
ബാഷ്പവും വാര്‍ത്തു വാങ്ങീടിനാന്‍
രാമപാര്‍ശ്വം പ്രാപ്യ ചിന്താവിവശനായ്
ശ്രീമാന്‍ വിഭീഷണന്‍ നില്‍ക്കും ദശാന്തരേ
ഹസ്തപാദങ്ങളാല്‍ മര്‍ക്കടവീരരെ
ക്രുദ്ധനായൊക്കെ മുടിച്ചുതുടങ്ങിനാന്‍
പേടിച്ചടുത്തുകൂടാഞ്ഞു കപികളുമോടി
ത്തടങ്ങിനാര്‍ നാനാദിഗന്തരേ
മത്തഹസ്തീന്ദ്രനെപ്പോലെ കപികളെ
പ്പത്തുന്നൂറായിരം കൊന്നാനരക്ഷണാല്‍
മര്‍ക്കടരാജനതുകണ്ടൊരു മല
കൈക്കൊണ്ടെറിഞ്ഞതു മാറില്‍ത്തടുത്തവന്‍
കുത്തിനാന്‍ ശൂലമെടുത്തതുകൊണ്ടതിവിത്ര
സ്തനായ്‌വീണു മോഹിച്ചിതര്‍ക്കജന്‍
അപ്പോളവനെയുമൂക്കോടെടുത്തുകൊണ്ടു
ല്പന്നമോദം നടന്നു നിശാചരന്‍
യുദ്ധേ ജയിച്ചു സുഗ്രീവനെയും കൊണ്ടു
നക്തഞ്ചരേശ്വരന്‍ ചെല്ലുന്ന നേരത്തു
നാരീജനം മഹാപ്രാസാദമേറിനിന്നാരൂഢമോദം
പനിനീരില്‍ മുക്കിയ മാല്യങ്ങളും
കളഭങ്ങളും തൂകിനാരാലസ്യമാശു
തീര്‍ന്നീടുവാനാദരാല്‍
മര്‍ക്കടരാജനതേറ്റു മോഹം വെടിഞ്ഞുല്‍
ക്കടരോഷേണ മൂക്കും ചെവികളും
ദന്തനഖങ്ങളെക്കൊണ്ടു മുറിച്ചു
കൊണ്ടന്തരീക്ഷേ പാഞ്ഞുപോന്നാനതിദ്രുതം
ക്രോധവുമേറ്റമഭിമാനഹാനിയും
ഭീതിയുമുള്‍ക്കൊട്നു രക്താഭിഷിക്തനായ്
പിന്നെയും വീണ്ടും വരുന്നതു കണ്ടതി
സന്നദ്ധനായടുത്തു സുമിത്രാത്മജന്‍
പര്‍വ്വതത്തിന്മേല്‍ മഴപൊഴിയുംവണ്ണം
ദുര്‍വ്വാരബാണഗണം പൊഴിച്ചീടിനാന്‍
പത്തുനൂറായിരം വാനരന്മാരെയും
വക്ത്രത്തിലാക്കിയടയ്ക്കുമവനുടന്‍
കര്‍ണ്ണനാസാവിലത്തൂടേ പുറപ്പെടും
പിന്നെയും വാരിവിഴുങ്ങുമവന്‍ തദാ
രക്ഷോവരനുമന്നേരം നിരൂപിച്ചു
ലക്ഷമ്മനന്‍ തന്നെയുപേക്ഷിച്ചു സത്വരം
രാഘവന്തന്നോടടുത്താനതു കണ്ടു വേഗേന
ബാണം പൊഴിച്ചു രഘൂത്തമന്‍
ദക്ഷിണഹസ്തവും ശൂലവും രാഘവന്‍
തല്‍ക്ഷണേ ബാണമെയ്താശു ഖണ്ഡിക്കയായ്
യുദ്ധാങ്കണേ വീണു വാനരവൃന്ദവും
നക്തഞ്ചരന്മാരുമൊട്ടുമരിച്ചിതു
വാമഹസ്തേ മഹാസാലവും കെകൊണ്ടു
രാമനോടേറ്റമടുത്തു നിശാചരന്‍
ഇന്ദ്രാസ്ത്രമെയ്തു ഖണ്ഡിച്ചാനതു വീണു
മിന്ദ്രാരികള്‍ പലരും മരിച്ചീടിനാര്‍
ബദ്ധകോപത്തോടലറിയടുത്തിതു
നക്തഞ്ചരാധിപന്‍ പിന്നെയുമന്നേരം
അര്‍ദ്ധചന്ദ്രാകാരമായ രണ്ടമ്പുകൊണ്ടു
ത്തുംഗപാദങ്ങളും മുറിച്ചീടിനാന്‍
Also Read: Niraputhari 2021: ശബരിമലയിൽ നിറപുത്തരി ആഗസ്റ്റ് 16-ന്,ഭക്തർക്ക് നെൽക്കതിരുകൾ കൊണ്ടുവരാൻ അനുവാദമില്ല
നാരദസ്തുതി
സിദ്ധഗന്ധര്‍വ വിദ്യാധരഗുഹ്യക-
യക്ഷഭുജംഗാപ്സരോവൃന്ദവും
കിന്നരചാരണ കിമ്പുരുഷന്മാരും
പന്നഗതാപസ ദേവസമൂഹവും
പുഷ്പവര്‍ഷം ചെയ്തു ഭക്ത്യാപുകഴ്ത്തിനാര്‍
ചില്പുരുഷം പുരുഷോത്തമമദ്വയം
ദേവമുനീശ്വരന്‍ നാരദനും തദാ
സേവാര്‍ത്ഥമമ്പോടവതരിച്ചീടിനാന്‍
രാമം ദശരഥനന്ദനമുല്പല-
ശ്യാമളം കോമളം ബാണധനുര്‍ദ്ധരം
പൂര്‍ണ്ണചന്ദ്രാനനം കാരുണ്യപീയൂഷ-
പൂര്‍ണ്ണസമുദ്രം മുകുന്ദം സദാശിവം
രാമം ജഗദഭിരാമമാത്മാരാമ-
മാമോദമാര്‍ന്നു പുകഴ്ന്നു തുടങ്ങിനാന്‍
സീതാപതേ! രാമ! രാജേന്ദ്ര! രാഘവ!
ശ്രീധര! ശ്രീനിധേ! ശ്രീപുരുഷോത്തമ!
ശ്രീരാമ! ദേവദേവേശ! ജഗന്നാഥ!
നാരായണാഖിലാധാര! നമോസ്തുതേ
വിശ്വസാക്ഷിന്‍! പരമാത്മന്‍! സനാതന!
വിശ്വമൂര്‍ത്തേ! പരബ്രഹ്മമേ! ദൈവമേ!
ദുഃഖസുഖാദികളെല്ലാമനുദിനം
കൈക്കൊണ്ടുമായയാ മാനുഷാകാരനായ്
ശുദ്ധതത്ത്വജ്ഞനായ് ജ്ഞാനസ്വരൂപനായ്
സത്യസ്വരൂപനായ് സര്‍വലോകേശനായ്
സത്വങ്ങളുള്ളിലെജ്ജീവസ്വരൂപനായ്
സത്വപ്രധ്ഹാനഗുണപ്രിയനായ് സദാ
വ്യക്തനായവ്യക്തനായതി സ്വസ്ഥനായ്
നിഷ്കളങ്കനായ് നിരാകാരനായിങ്ങനെ
നിര്‍ഗ്ഗുണനായ് നിഗമാന്തവാക്യാര്‍ത്ഥമായ്
ചിദ്ഘനതമാവായ് ശിവനായ് നിരീഹനായ്
ചക്ഷുരുന്മീലനകാലത്തു സൃഷ്ടിയും
ചക്ഷുര്‍ന്നിമീലനം കൊണ്ടു സംഹാരവും
രക്ഷയും നാനാവിധാവതാരങ്ങളാല്‍
ശിക്ഷിച്ചു ധര്‍മ്മത്തെയും പരിപാലിച്ചു
നിത്യം പുരുഷപ്രകൃതി കാലാഖ്യനായ്
ഭക്തപ്രിയനാം പരമാത്മനേ നമഃ
യാതൊരാത്മാവിനെക്കാണുന്നിതെപ്പൊഴും
ചേതസി താപസേന്ദ്രന്മാര്‍ നിരാശയാ
തത്സ്വ്രൂപത്തിനായ്ക്കൊണ്ടു നമസ്കാരം
ചിത്സ്വരൂപപ്രഭോ! നിത്യം നമോസ്തുതേ
നിര്‍വികാരം വിശുദ്ധജ്ഞാനരൂപിണം
സര്‍വലോകാധാരമാദ്യം നമോനമഃ
ത്വല്പ്രസാദം കൊണ്ടൊഴിഞ്ഞു മറ്റൊന്നിനാല്‍
ത്വദ്ബോധമുണ്ടായ് വരികയുമില്ലല്ലോ
ത്വല്പാദപത്മങ്ങള്‍ കണ്ടു സേവിപ്പതി-
ന്നിപ്പോളെനിക്കവകാശമുണ്ടായതും
ചില്പുരുഷ! പ്രഭോ! നിങ്കൃപാവൈഭവ-
മെപ്പോഴുമ്മെന്നുള്ളില്‍ വാഴ്ക ജഗല്‍പ്പതേ!
കോപകാമദ്വേഷമത്സരകാര്‍പ്പണ്യ-
ലോഭമോഹാദി ശത്രുക്കളുണ്ടാകയാല്‍
മുക്തിമാര്‍ഗ്ഗങ്ങളില്‍ സഞ്ചരിച്ചീടുവാന്‍
ശക്തിയുമില്ല നിന്‍ മായാബലവശാല്‍
ത്വല്‍ക്കഥാപീയൂഷപാനവും ചെയ്തുകൊ-
ണ്ടുല്‍ക്കാമ്പില്‍ നിന്നെയും ധ്യാനിച്ചനാരതം
ത്വല്പൂജയും ചെയ്തു നാമങ്ങളുച്ചരി-
ച്ചിപ്രപഞ്ചത്തിങ്കലൊക്കെ നിരന്തരം
നിന്‍ ചരിതങ്ങളും പാടിവിശുദ്ധനായ്
സഞ്ചരിപ്പാനായനുഗ്രഹിക്കേണമേ
രാജരാജേന്ദ്ര! രഘുകുലനായക!
രാജീവലോചന! രാമ! രമാപതേ!
പാതിയും പോയിതു ഭൂഭാരമിന്നു നീ
ബാധിച്ച കുംഭകര്‍ണന്‍ തന്നെക്കൊള്‍കയാല്‍
ഭോഗീന്ദ്രനാകിയ സൌമിത്രിയും നാളെ
മേഘനിനാദനെക്കൊല്ലുമയോധനേ
പിന്നെ മറ്റെന്നാള്‍ ദശഗ്രീവനെബ്‌ഭവാന്‍
കൊന്നു ജഗത്രയം രക്ഷിച്ചുകൊള്ളുക.
ഞാനിനി ബ്രഹ്മലോകത്തിനു പോകുന്നു
മാനവവീര! ജയിക്ക ജയിക്ക നീ”
ഇത്ഥം പറഞ്ഞു വണങ്ങിസ്തുതിച്ചതി-
ഭക്തിമാനാകിയ നാരദനും തദാ
രാഘവനോടനുവാദവും കൈക്കൊണ്ടു
വേഗേന പോയ്മറഞ്ഞീടിനാനന്നേരം.
കര്‍ക്കടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്‌തി പകരാനുള്ള വഴിയാണ് രാമായണ മാസാചരണം. ആദ്യന്തം ദുഃഖം നിറഞ്ഞതാണ് രാമകഥ. അവതാര പുരുഷനുപോലും വേദനകളിലൂടെ കടന്നു പോകേണ്ടിവന്നു. അതിനു മുന്നില്‍ സാധാരണ മനുഷ്യരുടെ ആകുലതകള്‍ക്ക് എന്തു പ്രസക്‌തിയാണുള്ളതെന്ന ചിന്തയാണ് രാമായണ പാരായണത്തിലൂടെ നമുക്ക് മനസിലാക്കാൻ കഴിയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...