Ramayana Masam 2021: രാമായണം പതിമൂന്നാം ദിനം പാരായണം ചെയ്യേണ്ട ഭാഗം
Ramayana Masam 2021: കര്‍ക്കടക മാസത്തിനെ നാം രാമായണ മാസം എന്നും വിളിക്കുന്നുണ്ട്. കാരണം കർക്കിടകം തുടങ്ങിയാൽ എല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണം വായിക്കാന്‍ തുടങ്ങും.
Ramayana Masam 2021: കര്‍ക്കടക മാസത്തിനെ നാം രാമായണ മാസം എന്നും വിളിക്കുന്നുണ്ട്. കാരണം കർക്കിടകം തുടങ്ങിയാൽ എല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണം വായിക്കാന്‍ തുടങ്ങും. അതുകൊണ്ടുതന്നെ ഈ മാസം മുഴുവനും രാമായണം പാരായണം ചെയ്യുകയാണ് വേണ്ടത്.
ഒരു മാസത്തെ പാരായണത്തിലൂടെ രാമായണം പൂര്‍ണമായി വായിച്ചു തീര്‍ക്കണമെന്നാണ് വിശ്വാസം. ബാലകാണ്ഡത്തിലെ ശ്രീരാമ രാമ രാമ എന്ന ഭാഗത്തില്‍ നിന്നായിരിക്കണം രാമായണപാരായണം ആരംഭിക്കേണ്ടത്. ഏതൊരു ഭാഗം വായിക്കുന്നതിനുമുന്‍പും ബാലകാണ്ഡത്തിലെ ഈ ഭാഗം പാരായണം ചെയ്തതിനുശേഷം വേണം വായിക്കാന്‍.
Also Read: Horoscope 29 July 2021: ഈ രാശിക്കാർ ഇന്ന് പഴയ ചങ്ങാതിമാരെ കണ്ടുമുട്ടാൻ സാധ്യത, ബിസിനസിൽ ലാഭമുണ്ടാകും
പതിമൂന്നാം ദിനമായ ഇന്ന് ഏത് ഭാഗമാണ് രാമായണത്തിൽ വായിക്കേണ്ടത് എന്ന് നോക്കാം..
ശൂര്‍പ്പണഖാവിലാപം
രാവണഭഗിനിയും രോദനംചെയ്തു പിന്നെ
രാവണനോടു പറഞ്ഞീടുവാന്‍ നടകൊണ്ടാള്‍.
സാക്ഷാലഞ്ജനശൈലംപോലെ ശൂര്‍പ്പണഖയും
രാക്ഷസരാജന്‍മുമ്പില്‍ വീണുടന്‍മുറയിട്ടാള്‍.
മുലയും മൂക്കും കാതും കൂടാതെ ചോരയുമാ-
യലറും ഭഗിനിയോടവനുമുരചെയ്‌താന്‍:
“എന്തിതു വത്സേ! ചൊല്ലീടെന്നോടു പരമാര്‍ത്ഥം
ബന്ധമുണ്ടായതെന്തു വൈരൂപ്യം വന്നീടുവാന്‍?
ശക്രനോ കൃതാന്തനോ പാശിയോ കുബേരനോ
ദുഷ്‌കൃതംചെയ്തതവന്‍തന്നെ ഞാനൊടുക്കുവന്‍.
സത്യംചൊ”ല്ലെന്നനേരമവളുമുരചെയ്താ-
“ളെത്രയും മൂഢന്‍ ഭവാന്‍ പ്രമത്തന്‍ പാനസക്തന്‍
സ്ത്രീജിതനതിശഠനെന്തറിഞ്ഞിരിക്കുന്നു?
രാജാവെന്നെന്തുകൊണ്ടു ചൊല്ലുന്നു നിന്നെ വൃഥാ?
ചാരചക്ഷുസ്സും വിചാരവുമില്ലേതും നിത്യം
നാരീസേവയുംചെയ്‌തു കിടന്നീടെല്ലായ്‌പോഴും.
കേട്ടതില്ലയോ ഖരദൂഷണത്രിശിരാക്കള്‍
കൂട്ടമേ പതിന്നാലായിരവും മുടിഞ്ഞതും?
പ്രഹരാര്‍ദ്ധേന രാമന്‍ വേഗേന ബാണഗണം
പ്രഹരിച്ചൊടുക്കിനാനെന്തൊരു കഷ്‌ടമോര്‍ത്താല്‍ .”
എന്നതു കേട്ടു ചോദിച്ചീടിനാന്‍ ദശാനന-
നെന്നോടു ചൊല്ലീ’ടേവന്‍ രാമനാകുന്നതെന്നും
എന്തൊരുമൂലമവന്‍ കൊല്ലുവാനെന്നുമെന്നാ-
ലന്തകന്‍തനിക്കു നല്‌കീടുവനവനെ ഞാന്‍.’
സോദരി ചൊന്നാളതുകേട്ടു രാവണനോടു
“യാതുധാനാധിപതേ! കേട്ടാലും പരമാര്‍ത്ഥം.
ഞാനൊരുദിനം ജനസ്ഥാനദേശത്തിങ്കല്‍ നി-
ന്നാനന്ദംപൂണ്ടു താനേ സഞ്ചരിച്ചീടുംകാലം
കാനനത്തൂടെ ചെന്നു ഗൗതമീതടം പുക്കേന്‍;
സാനന്ദം പഞ്ചവടി കണ്ടു ഞാന്‍ നില്‌ക്കുന്നേരം.
ആശ്രമത്തിങ്കല്‍ തത്ര രാമനെക്കണ്ടേന്‍ ജഗ-
ദാശ്രയഭൂതന്‍ ജടാവല്‌ക്കലങ്ങളും പൂണ്ടു
ചാപബാണങ്ങളോടുമെത്രയും തേജസ്സോടും
താപസവേഷത്തോടും ധര്‍മ്മദാരങ്ങളോടും
സോദരനായീടുന്ന ലക്ഷ്മണനോടുംകൂടി
സ്സാദരമിരിക്കുമ്പോളടുത്തുചെന്നു ഞാനും.
ശ്രീരാമോത്സംഗേ വാഴും ഭാമിനിതന്നെക്കണ്ടാല്‍
നാരികളവ്വണ്ണം മറ്റില്ലല്ലോ ലോകത്തിങ്കല്‍.
ദേവഗന്ധര്‍വ്വനാഗമാനുഷനാരിമാരി-
ലേവം കാണ്മാനുമില്ല കേള്‍പ്പാനുമില്ല നൂനം.
ഇന്ദിരാദേവിതാനും ഗൗരിയും വാണിമാതു-
മിന്ദ്രാണിതാനും മറ്റുളളപ്സരസ്ത്രീവര്‍ഗ്ഗവും
നാണംപൂണ്ടൊളിച്ചീടുമവളെ വഴിപോലെ
കാണുമ്പോളനംഗനും ദേവതയവളല്ലോ.
Also Read: മഹാദേവന് സിന്ദൂരം ഉൾപ്പെടെയുള്ള ഈ സാധനങ്ങൾ ഒരിക്കലും സമർപ്പിക്കരുത്, വലിയ സങ്കടങ്ങൾ ഉണ്ടായേക്കാം
തല്‍പതിയാകും പുരുഷന്‍ ജഗല്‍പതിയെന്നു
കല്‍പിക്കാം വികല്‍പമില്ലല്‍പവുമിതിനിപ്പോള്‍.
ത്വല്‍പത്നിയാക്കീടുവാന്‍ തക്കവളവളെന്നു
കല്‍പിച്ചുകൊണ്ടിങ്ങു പോന്നീടുവാനൊരുമ്പെട്ടേന്‍.
മല്‍കുചനാസാകര്‍ണ്ണച്ഛേദനം ചെയ്താനപ്പോള്‍
ലക്ഷ്‌മണന്‍ കോപത്തോടെ രാഘവനിയോഗത്താല്‍.
വൃത്താന്തം ഖരനോടു ചെന്നു ഞാനറിയിച്ചേന്‍
യുദ്ധാര്‍ത്ഥം നക്തഞ്ചരാനീകിനിയോടുമവന്‍
രോഷവേഗേന ചെന്നു രാമനോടേറ്റനേരം
നാഴിക മൂന്നേമുക്കാല്‍കൊണ്ടവനൊടുക്കിനാന്‍.
ഭസ്‌മമാക്കീടും പിണങ്ങീടുകില്‍ വിശ്വം ക്ഷണാല്‍
വിസ്‌മയം രാമനുടെ വിക്രമം വിചാരിച്ചാല്‍!
കന്നല്‍നേര്‍മിഴിയാളാം ജാനകിദേവിയിപ്പോള്‍
നിന്നുടെ ഭാര്യയാകില്‍ ജന്മസാഫല്യം വരും.
ത്വത്സകാശത്തിങ്കലാക്കീടുവാന്‍ തക്കവണ്ണ-
മുത്സാഹം ചെയ്തീടുകിലെത്രയും നന്നു ഭവാന്‍.
തത്സാമര്‍ത്ഥ്യങ്ങളെല്ലാം പത്മാക്ഷിയാകുമവ-
ളുത്സംഗേ വസിക്കകൊണ്ടാകുന്നു ദേവാരാതേ!
രാമനോടേറ്റാല്‍ നില്‍പാന്‍ നിനക്കു ശക്തിപോരാ
കാമവൈരിക്കും നേരേ നില്‌ക്കരുതെതിര്‍ക്കുമ്പോള്‍.
മോഹിപ്പിച്ചൊരുജാതി മായയാ ബാലന്മാരെ
മോഹനഗാത്രിതന്നെക്കൊണ്ടുപോരികേയുളളു.”
സോദരീവചനങ്ങളിങ്ങനെ കേട്ടശേഷം
സാദരവാക്യങ്ങളാലാശ്വസിപ്പിച്ചു തൂര്‍ണ്ണം
തന്നുടെ മണിയറതന്നിലങ്ങകംപുക്കാന്‍
വന്നതില്ലേതും നിദ്ര ചിന്തയുണ്ടാകമൂലം.
‘എത്രയും ചിത്രം ചിത്രമോര്‍ത്തോളമിദമൊരു
മര്‍ത്ത്യനാല്‍ മൂന്നേമുക്കാല്‍ നാഴികനേരംകൊണ്ടു
ശക്തനാം നക്തഞ്ചരപ്രവരന്‍ ഖരന്‍താനും
യുദ്ധവൈദഗ്‌ദ്ധ്യമേറും സോദരരിരുവരും
പത്തികള്‍ പതിന്നാലായിരവും മുടിഞ്ഞുപോല്‍!
വ്യക്തം മാനുഷനല്ല രാമനെന്നതു നൂനം.
ഭക്തവത്സലനായ ഭഗവാന്‍ പത്മേക്ഷണന്‍
മുക്തിദാനൈകമൂര്‍ത്തി മുകുന്ദന്‍ മുക്തിപ്രിയന്‍
ധാതാവു മുന്നം പ്രാര്‍ത്ഥിച്ചോരു കാരണമിന്നു
ഭൂതലേ രഘുകുലേ മര്‍ത്ത്യനായ് പിറന്നിപ്പോള്‍
എന്നെക്കൊല്ലുവാനൊരുമ്പെട്ടു വന്നാനെങ്കിലോ
ചെന്നു വൈകുണ്‌ഠരാജ്യം പരിപാലിക്കാമല്ലോ.
അല്ലെങ്കിലെന്നും വാഴാം രാക്ഷസരാജ്യ,മെന്നാ-
ലല്ലലില്ലൊന്നുകൊണ്ടും മനസി നിരൂപിച്ചാല്‍.
കല്യാണപ്രദനായ രാമനോടേല്‌ക്കുന്നതി-
നെല്ലാജാതിയും മടിക്കേണ്ട ഞാനൊന്നുകൊണ്ടും.
ഇത്ഥമാത്മനി ചിന്തിച്ചുറച്ചു രക്ഷോനാഥന്‍
തത്വജ്ഞാനത്തോടുകൂടത്യാനന്ദവും പൂണ്ടാന്‍.
സാക്ഷാല്‍ ശ്രീനാരായണന്‍ രാമനെന്നറിഞ്ഞഥ
രാക്ഷസപ്രവരനും പൂര്‍വ്വവൃത്താന്തമോര്‍ത്താന്‍.
‘വിദ്വേഷബുദ്ധ്യാ രാമന്‍തന്നെ പ്രാപിക്കേയുളളു
ഭക്തികൊണ്ടെന്നില്‍ പ്രസാദിക്കയില്ലഖിലേശന്‍.’
രാവണമാരീചസംവാദം
ഇത്തരം നിരൂപിച്ചു രാത്രിയും കഴിഞ്ഞിതു
ചിത്രഭാനുവുമുദയാദ്രിമൂര്‍ദ്ധനി വന്നു.
തേരതിലേറീടിനാന്‍ ദേവസഞ്ചയവൈരി
പാരാതെ പാരാവാരപാരമാം തീരം തത്ര
മാരീചാശ്രമം പ്രാപിച്ചീടിനാനതിദ്രുതം
ഘോരനാം ദശാനനന്‍ കാര്യഗൗരവത്തോടും.
മൗനവുംപൂണ്ടു ജടാവല്‌ക്കലാദിയും ധരി-
ച്ചാനന്ദാത്മകനായ രാമനെ ധ്യാനിച്ചുളളില്‍
രാമരാമേതി ജപിച്ചുറച്ചു സമാധിപൂ-
ണ്ടാമോദത്തോടു മരുവീടിന മാരീചനും
ലൗകികാത്മനാ ഗൃഹത്തിങ്കലാഗതനായ
ലോകോപദ്രവകാരിയായ രാവണന്‍തന്നെ
കണ്ടു സംഭ്രമത്തോടുമുത്ഥാനം ചെയ്‌തു പൂണ്ടു-
കൊണ്ടു തന്മാറിലണച്ചാനന്ദാശ്രുക്കളോടും
പൂജിച്ചു യഥാവിധി മാനിച്ചു ദശകണ്‌ഠന്‍
യോജിച്ചു ചിത്തമപ്പോള്‍ ചോദിച്ചു മാരീചനും:
“എന്തൊരാഗമനമിതേകനായ്‌തന്നെയൊരു
ചിന്തയുണ്ടെന്നപോലെ തോന്നുന്നു ഭാവത്തിങ്കല്‍.
ചൊല്ലുക രഹസ്യമല്ലെങ്കിലോ ഞാനും തവ
നല്ലതു വരുത്തുവാനുളളതില്‍ മുമ്പനല്ലോ.
ന്യായമായ് നിഷ്‌കല്‍മഷമായിരിക്കുന്ന കാര്യം
മായമെന്നിയേ ചെയ്‌വാന്‍ മടിയില്ലെനിക്കേതും.”
മാരീചവാക്യമേവം കേട്ടു രാവണന്‍ ചൊന്നാ-
“നാരുമില്ലെനിക്കു നിന്നെപ്പോലെ മുട്ടുന്നേരം.
Also Read: Sawan Month ൽ വ്രതം എടുക്കുകയോ എടുക്കാതിരിക്കുകയോ, പക്ഷെ ഇവ കഴിക്കരുത്, ആരോഗ്യത്തിന് ഹാനികരം
സാകേതാധിപനായ രാജാവു ദശരഥന്‍
ലോകൈകാധിപനുടെ പുത്രന്മാരായുണ്ടുപോല്‍
രാമലക്ഷ്‌മണന്മാരെന്നിരുവരിതുകാലം
കോമളഗാത്രിയായോരംഗനാരത്നത്തോടും
ദണ്ഡകാരണ്യേ വന്നു വാഴുന്നിത,വര്‍ ബലാ
ലെന്നുടെ ഭഗിനിതന്‍ നാസികാകുചങ്ങളും
കര്‍ണ്ണവും ഛേദിച്ചതു കേട്ടുടന്‍ ഖരാദികള്‍
ചെന്നിതു പതിന്നാലായിരവുമവരെയും
നിന്നു താനേകനായിട്ടെതിര്‍ത്തു രണത്തിങ്കല്‍
കോന്നിതു മൂന്നേമുക്കാല്‍ നാഴികകൊണ്ടു രാമന്‍.
തല്‍പ്രാണേശ്വരിയായ ജാനകിതന്നെ ഞാനു-
മിപ്പോഴേ കൊണ്ടിങ്ങു പോന്നീടുവേനതിന്നു നീ
ഹേമവര്‍ണ്ണം പൂണ്ടോരു മാനായ് ചെന്നടവിയില്‍
കാമിനിയായ സീതതന്നെ മോഹിപ്പിക്കേണം.
രാമലക്ഷ്മണന്മാരെയകറ്റി ദൂരത്താക്കൂ
വാമഗാത്രിയെയപ്പോള്‍ കൊണ്ടു ഞാന്‍ പോന്നീടുവന്‍.
നീ മമ സഹായമായിരിക്കില്‍ മനോരഥം
മാമകം സാധിച്ചീടുമില്ല സംശയമേതും.”
പംകതികന്ധരവാക്യം കേട്ടു മാരീചനുളളില്‍
ചിന്തിച്ചു ഭയത്തോടുമീവണ്ണമുരചെയ്‌താന്‍ഃ
“ആരുപദേശിച്ചിതു മൂലനാശനമായ
കാരിയം നിന്നോടവന്‍ നിന്നുടെ ശത്രുവല്ലോ.
നിന്നുടെ നാശം വരുത്തീടുവാനവസരം-
തന്നെപ്പാര്‍ത്തിരിപ്പോരു ശത്രുവാകുന്നതവന്‍.
നല്ലതു നിനക്കു ഞാന്‍ ചൊല്ലുവന്‍ കേള്‍ക്കുന്നാകില്‍
നല്ലതല്ലേതും നിനക്കിത്തൊഴിലറിക നീ.
രാമചന്ദ്രനിലുളള ഭീതികൊണ്ടകതാരില്‍
മാമകേ രാജരത്നരമണീരഥാദികള്‍
കേള്‍ക്കുമ്പോളതിഭീതനായുളള ഞാനോ നിത്യം;
രാക്ഷസവംശം പരിപാലിച്ചുകൊള്‍ക നീയും.
ശ്രീനാരായണന്‍ പരമാത്മാവുതന്നെ രാമന്‍
ഞാനതില്‍ പരമാര്‍ത്ഥമറിഞ്ഞേന്‍ കേള്‍ക്ക നീയും.
നാരദാദികള്‍ മുനിശ്രേഷ്‌ഠന്മാര്‍ പറഞ്ഞു പ-
ണ്ടോരോരോ വൃത്താന്തങ്ങള്‍ കേട്ടേന്‍ പൗലസ്ത്യപ്രഭോ!
പത്മസംഭവന്‍ മുന്നം പ്രാര്‍ത്ഥിച്ചകാലം നാഥന്‍
പത്മലോചനനരുള്‍ചെയ്‌തിതു വാത്സല്യത്താല്‍
എന്തു ഞാന്‍ വേണ്ടുന്നതു ചൊല്ലുകെന്നതു കേട്ടു
ചിന്തിച്ചു വിധാതാവുമര്‍ത്ഥിച്ചു ദയാനിധേ!
‘നിന്തിരുവടിതന്നെ മാനുഷവേഷംപൂണ്ടു
പംക്തികന്ധരന്‍തന്നെക്കൊല്ലണം മടിയാതെ.’
അങ്ങനെതന്നെയെന്നു സമയംചെയ്‌തു നാഥന്‍
മംഗലം വരുത്തുവാന്‍ ദേവതാപസര്‍ക്കെല്ലാം.
മാനുഷനല്ല രാമന്‍ സാക്ഷാല്‍ ശ്രീനാരായണന്‍-
താനെന്നു ധരിച്ചു സേവിച്ചുകൊളളുക ഭക്ത്യാ.
പോയാലും പുരംപൂക്കു സുഖിച്ചു വസിക്ക നീ
മായാമാനുഷന്‍തന്നെസ്സേവിച്ചുകൊള്‍ക നിത്യം.
എത്രയും പരമകാരുണികന്‍ ജഗന്നാഥന്‍
ഭക്തവത്സലന്‍ ഭജനീയനീശ്വരന്‍ നാഥന്‍.”
മാരീചന്‍ പറഞ്ഞതു കേട്ടു രാവണന്‍ ചൊന്നാന്‍ഃ
“നേരത്രേ പറഞ്ഞതു നിര്‍മ്മലനല്ലോ ഭവാന്‍.
ശ്രീനാരായണസ്വാമി പരമന്‍ പരമാത്മാ-
താനരവിന്ദോത്ഭവന്‍ തന്നോടു സത്യംചെയ്‌തു
മര്‍ത്ത്യനായ് പിറന്നെന്നെക്കൊല്ലുവാന്‍ ഭാവിച്ചതു
സത്യസങ്കല്‍പനായ ഭഗവാന്‍താനെങ്കിലോ
പിന്നെയവ്വണ്ണമല്ലെന്നാക്കുവാനാളാരെടോ?
നന്നു നിന്നജ്ഞാനം ഞാനിങ്ങനെയോര്‍ത്തീലൊട്ടും
ഒന്നുകൊണ്ടും ഞാനടങ്ങീടുകയില്ല നൂനം
ചെന്നു മൈഥിലിതന്നെക്കൊണ്ടുപോരികവേണം.
ഉത്തിഷ്‌ഠ മഹാഭാഗ പൊന്മാനായ് ചമഞ്ഞു ചെ-
ന്നെത്രയുമകറ്റുക രാമലക്ഷ്‌മണന്മാരെ.
അന്നേരം തേരിലേറ്റിക്കൊണ്ടിങ്ങു പോന്നീടുവന്‍
പിന്നെ നീ യഥാസുഖം വാഴുക മുന്നേപ്പോലെ.
ഒന്നിനി മറുത്തു നീയുരചെയ്യുന്നതാകി-
ലെന്നുടെ വാള്‍ക്കൂണാക്കീടുന്നതുണ്ടിന്നുതന്നെ.”
എന്നതു കേട്ടു വിചാരിച്ചിതു മാരീചനുംഃ
‘നന്നല്ല ദുഷ്‌ടായുധമേറ്റു നിര്യാണംവന്നാല്‍
ചെന്നുടന്‍ നരകത്തില്‍ വീണുടന്‍ കിടക്കണം,
പുണ്യസഞ്ചയംകൊണ്ടു മുക്തനായ്‌വരുമല്ലോ
രാമസായകമേറ്റു മരിച്ചാ’ലെന്നു ചിന്തി-
ച്ചാമോദംപൂണ്ടു പുറപ്പെട്ടാലുമെന്നു ചൊന്നാന്‍ഃ
“രാക്ഷസരാജ! ഭവാനാജ്ഞാപിച്ചാലുമെങ്കില്‍
സാക്ഷാല്‍ ശ്രീരാമന്‍ പരിപാലിച്ചുകൊള്‍ക പോറ്റീ!”
എന്നുരചെയ്‌തു വിചിത്രാകൃതി കലര്‍ന്നൊരു
പൊന്‍നിറമായുളെളാരു മൃഗവേഷവും പൂണ്ടാന്‍.
പങ്‌ക്തികന്ധരന്‍ തേരിലാമ്മാറു കരേറിനാന്‍
ചെന്താര്‍ബാണനും തേരിലേറിനാനതുനേരം.
ചെന്താര്‍മാനിനിയായ ജാനകിതന്നെയുളളില്‍
ചിന്തിച്ചു ദശാസ്യനുമന്ധനായ് ചമഞ്ഞിതു.
മാരീചന്‍ മനോഹരമായൊരു പൊന്മാനായി
ചാരുപുളളികള്‍ വെളളികൊണ്ടു നേത്രങ്ങള്‍ രണ്ടും
നീലക്കല്‍കൊണ്ടു ചേര്‍ത്തു മുഗ്‌ദ്ധഭാവത്തോടോരോ
ലീലകള്‍ കാട്ടിക്കാട്ടിക്കാട്ടിലുള്‍പ്പുക്കും പിന്നെ
വേഗേന പുറപ്പെട്ടും തുളളിച്ചാടിയുമനു-
രാഗഭാവേന ദൂരെപ്പോയ്‌നിന്നു കടാക്ഷിച്ചും
രാഘവാശ്രമസ്ഥലോപാന്തേ സഞ്ചരിക്കുമ്പോള്‍
രാകേന്ദുമുഖി സീത കണ്ടു വിസ്‌മയംപൂണ്ടാള്‍.
രാവണവിചേഷ്ടിതമറിഞ്ഞു രഘുനാഥന്‍
ദേവിയോടരുള്‍ചെയ്താനേകാന്തേ, “കാന്തേ! കേള്‍ നീ
രക്ഷോനായകന്‍ നിന്നെക്കൊണ്ടുപോവതിനിപ്പോള്‍
ഭിക്ഷുരൂപേണ വരുമന്തികേ ജനകജേ!
നീയൊരു കാര്യം വേണമതിനു മടിയാതെ
മായാസീതയെപ്പര്‍ണ്ണശാലയില്‍ നിര്‍ത്തീടണം.
വഹ്നിമണ്ഡലത്തിങ്കല്‍ മറഞ്ഞു വസിക്ക നീ
ധന്യേ! രാവണവധം കഴിഞ്ഞുകൂടുവോളം.
Also Read: നിങ്ങളും ഈ തെറ്റ് ചെയ്യാറുണ്ടോ? Shani-Rahu ന്റെ കോപം നേരിടേണ്ടിവരാം
ആശ്രയാശങ്കലോരാണ്ടിരുന്നീടേണം ജഗ-
ദാശ്രയഭൂതേ! സീതേ! ധര്‍മ്മരക്ഷാര്‍ത്ഥം പ്രിയേ!”
രാമചന്ദ്രോക്തി കേട്ടു ജാനകീദേവിതാനും
കോമളഗാത്രിയായ മായാസീതയെത്തത്ര
പര്‍ണ്ണശാലയിലാക്കി വഹ്നിമണ്ഡലത്തിങ്കല്‍
ചെന്നിരുന്നിതു മഹാവിഷ്ണുമായയുമപ്പോള്‍ .
മാരീചനിഗ്രഹം
മായാനിര്‍മ്മിതമായ കനകമൃഗം കണ്ടു
മായാസീതയും രാമചന്ദ്രനോടുരചെയ്താള്‍ഃ
“ഭര്‍ത്താവേ! കണ്ടീലയോ കനകമയമൃഗ-
മെത്രയും ചിത്രം ചിത്രം! രത്നഭൂഷിതമിദം.
പേടിയില്ലിതിനേതുമെത്രയുമടുത്തു വ-
ന്നീടുന്നു മരുക്കമുണ്ടെത്രയുമെന്നു തോന്നും.
കളിപ്പാനതിസുഖമുണ്ടിതു നമുക്കിന്നു
വിളിച്ചീടുക വരുമെന്നു തോന്നുന്നു നൂനം.
പിടിച്ചുകൊണ്ടിങ്ങുപോന്നീടുക വൈകീടാതെ
മടിച്ചീടരുതേതും ഭര്‍ത്താവേ! ജഗല്‍പതേ!”
മൈഥിലീവാക്യം കേട്ടു രാഘവനരുള്‍ചെയ്‌തു
സോദരന്‍തന്നോടു “നീ കാത്തുകൊളളുകവേണം
സീതയെയവള്‍ക്കൊരു ഭയവുമുണ്ടാകാതെ;
യാതുധാനന്മാരുണ്ടു കാനനംതന്നിലെങ്ങും.”
എന്നരുള്‍ചെയ്‌തു ധനുര്‍ബാലങ്ങളെടുത്തുടന്‍
ചെന്നിതു മൃഗത്തെക്കയ്‌ക്കൊളളുവാന്‍ ജഗന്നാഥന്‍.
അടുത്തു ചെല്ലുന്നേരം വേഗത്തിലോടിക്കള-
ഞ്ഞടുത്തുകൂടായെന്നു തോന്നുമ്പോള്‍ മന്ദംമന്ദം
അടുത്തുവരു,മപ്പോള്‍ പിടിപ്പാന്‍ ഭാവിച്ചീടും,
പടുത്വമോടു ദൂരെക്കുതിച്ചു ചാടുമപ്പോള്‍.
ഇങ്ങനെതന്നെയൊട്ടു ദൂരത്തായോരുനേര-
മെങ്ങനെ പിടിക്കുന്നു വേഗമുണ്ടതിനേറ്റം
എന്നുറച്ചാശവിട്ടു രാഘവനൊരുശരം
നന്നായിത്തൊടുത്തുടന്‍ വലിച്ചു വിട്ടീടിനാന്‍.
പൊന്മാനുമതു കൊണ്ടു ഭൂമിയില്‍ വീണനേരം
വന്മലപോലെയൊരു രാക്ഷസവേഷംപൂണ്ടാന്‍.
മാരീചന്‍തന്നെയിതു ലക്ഷ്‌മണന്‍ പറഞ്ഞതു
നേരത്രേയെന്നു രഘുനാഥനും നിരൂപിച്ചു.
ബാണമേറ്റവനിയില്‍ വീണപ്പോള്‍ മാരീചനും
പ്രാണവേദനയോടു കരഞ്ഞാനയ്യോ പാപംഃ
“ഹാ! ഹാ! ലക്ഷ്മണ! മമ ഭ്രാതാവേ! സഹോദര!
ഹാ! ഹാ! മേ വിധിബലം പാഹി മാം ദയാനിധേ!”
ആതുരനാദം കേട്ടു ലക്ഷ്‌മണനോടു ചൊന്നാള്‍
സീതയുംഃ “സൗമിത്രേ! നീ ചെല്ലുക വൈകിടാതേ.
അഗ്രജനുടെ വിലാപങ്ങള്‍ കേട്ടീലേ ഭവാന്‍?
ഉഗ്രന്മാരായ നിശാചരന്മാര്‍ കൊല്ലുംമുമ്പെ
രക്ഷിച്ചുകൊള്‍ക ചെന്നു ലക്ഷ്‌മണ! മടിയാതെ
രക്ഷോവീരന്മാരിപ്പോള്‍ കൊല്ലുമല്ലെങ്കിലയ്യോ!”
ലക്ഷ്‌മണനതു കേട്ടു ജാനകിയോടു ചൊന്നാന്‍ഃ
“ദുഃഖിയായ് കാര്യേ! ദേവി! കേള്‍ക്കണം മമ വാക്യം.
മാരീചന്‍തന്നേ പൊന്മാനായ്‌വന്നതവന്‍ നല്ല
ചോരനെത്രയുമേവം കരഞ്ഞതവന്‍തന്നെ.
അന്ധനായ് ഞാനുമിതു കേട്ടു പോയകലുമ്പോള്‍
നിന്തിരുവടിയേയും കൊണ്ടുപോയീടാമല്ലൊ
പങ്‌ക്തികന്ധരന്‍ തനിക്കതിനുളളുപായമി-
തെന്തറിയാതെയരുള്‍ചെയ്യുന്നി,തത്രയല്ല
ലോകവാസികള്‍ക്കാര്‍ക്കും ജയിച്ചുകൂടായല്ലൊ
രാഘവന്‍തിരുവടിതന്നെയെന്നറിയണം.
ആര്‍ത്തനാദവും മമ ജ്യേഷ്‌ഠനുണ്ടാകയില്ല
രാത്രിചാരികളുടെ മായയിതറിഞ്ഞാലും
വിശ്വനായകന്‍ കോപിച്ചീടുകിലരക്ഷണാല്‍
വിശ്വസംഹാരംചെയ്‌വാന്‍പോരുമെന്നറിഞ്ഞാലും.
അങ്ങനെയുളള രാമന്‍തന്മുഖാംബുജത്തില്‍നി-
ന്നെങ്ങനെ ദൈന്യനാദം ഭവിച്ചീടുന്നു നാഥേ!”
ജാനകിയതു കേട്ടു കണ്ണുനീര്‍ തൂകിത്തൂകി
മാനസേ വളര്‍ന്നൊരു ഖേദകോപങ്ങളോടും
ലക്ഷ്‌മണന്‍തന്നെ നോക്കിച്ചൊല്ലിനാളതുനേരംഃ
“രക്ഷോജാതിയിലത്രേ നീയുമുണ്ടായി നൂനം.
ഭ്രാതൃനാശത്തിനത്രേ കാംക്ഷയാകുന്നു തവ
ചേതസി ദുഷ്‌ടാത്മാവേ! ഞാനിതോര്‍ത്തീലയല്ലോ.
രാമനാശാകാംക്ഷിതനാകിയ ഭരതന്റെ
കാമസിദ്ധ്യര്‍ത്ഥമവന്‍തന്നുടെ നിയോഗത്താല്‍
കൂടെപ്പോന്നിതു നീയും രാമനു നാശം വന്നാല്‍
ഗൂഢമായെന്നെയും കൊണ്ടങ്ങുചെല്ലുവാന്‍ നൂനം.
എന്നുമേ നിനക്കെന്നെക്കിട്ടുകയില്ലതാനു-
മിന്നു മല്‍പ്രാണത്യാഗംചെയ്‌വേന്‍ ഞാനറിഞ്ഞാലും.
ചേതസി ഭാര്യാഹരണോദ്യതനായ നിന്നെ-
സ്സോദരബുദ്ധ്യാ ധരിച്ചീല രാഘവനേതും.
രാമനെയൊഴിഞ്ഞു ഞാന്‍ മറ്റൊരു പുരുഷനെ
രാമപാദങ്ങളാണെ തീണ്ടുകയില്ലയല്ലൊ.”
ഇത്തരം വാക്കു കേട്ടു സൗമിത്രി ചെവി രണ്ടും
സത്വരം പൊത്തിപ്പുനരവളോടുരചെയ്‌താന്‍ഃ
“നിനക്കു നാശമടുത്തിരിക്കുന്നിതു പാര-
മെനിക്കു നിരൂപിച്ചാല്‍ തടുത്തുകൂടാതാനും.
ഇത്തരം ചൊല്ലീടുവാന്‍ തോന്നിയതെന്തേ ചണ്ഡി!
ധിഗ്‌ധിഗത്യന്തം ക്രൂരചിത്തം നാരികള്‍ക്കെല്ലാം.
വനദേവതമാരേ! പരിപാലിച്ചുകൊള്‍വിന്‍
മനുവംശാധീശ്വരപത്നിയെ വഴിപോലെ.”
ദേവിയെ ദേവകളെബ്‌ഭരമേല്‍പിച്ചു മന്ദം
പൂര്‍വജന്‍തന്നെക്കാണ്മാന്‍ നടന്നു സൗമിത്രിയും
സീതാപഹരണം
അന്തരം കണ്ടു ദശകന്ധരന്‍ മദനബാ-
ണാന്ധനായവതരിച്ചീടിനാനവനിയില്‍ .
ജടയും വല്‌ക്കലവും ധരിച്ചു സന്യാസിയാ-
യുടജാങ്കണേ വന്നുനിന്നിതു ദശാസ്യനും.
ഭിക്ഷുവേഷത്തെപ്പൂണ്ട രക്ഷോനാഥനെക്കണ്ടു
തല്‍ക്ഷണം മായാസീതാദേവിയും വിനീതയായ്
നത്വാ സംപൂജ്യ ഭക്ത്യാ ഫലമൂലാദികളും
ദത്വാ സ്വാഗതവാക്യമുക്ത്വാ പിന്നെയും ചൊന്നാള്‍ .
അത്രൈവ ഫലമൂലാദികളും ഭുജിച്ചുകൊ-
ണ്ടിത്തിരിനേരമിരുന്നീടുക തപോനിധേ!
ഭര്‍ത്താവു വരുമിപ്പോള്‍ ത്വല്‍പ്രിയമെല്ലാം ചെയ്യും
ക്ഷുത്തൃഡാദിയും തീര്‍ത്തു വിശ്രമിച്ചാലും ഭവാന്‍.”
ഇത്തരം മായാദേവീമുഗ്‌ദ്ധാലാപങ്ങള്‍ കേട്ടു
സത്വരം ഭിക്ഷുരൂപി സസ്മിതം ചോദ്യംചെയ്താന്‍ഃ
“കമലവിലോചനേ! കമനീയാംഗി! നീയാ-
രമലേ! ചൊല്ലീടു നിന്‍ കമിതാവാരെന്നതും.
നിഷ്‌ഠുരജാതികളാം രാക്ഷസരാദിയായ
ദുഷ്‌ടജന്തുക്കളുളള കാനനഭൂമിതന്നില്‍
നീയൊരു നാരീമണി താനേ വാഴുന്നതെ,ന്തൊ-
രായുധപാണികളുമില്ലല്ലോ സഹായമായ്.
നിന്നുടെ പരമാര്‍ത്ഥമൊക്കവേ പറഞ്ഞാല്‍ ഞാ-
നെന്നുടെ പരമാര്‍ത്ഥം പറയുന്നുണ്ടുതാനും.”
മേദിനീസുതയതുകേട്ടുരചെയ്‌തീടിനാള്‍ഃ
“മേദിനീപതിവരനാമയോദ്ധ്യാധിപതി
വാട്ടമില്ലാത ദശരഥനാം നൃപാധിപ-
ജ്യേഷ്‌ഠനന്ദനനായ രാമനത്ഭുതവീര്യന്‍-
തന്നുടെ ധര്‍മ്മപത്നി ജനകാത്മജ ഞാനോ
ധന്യനാമനുജനു ലക്ഷ്‌മണനെന്നും നാമം.
ഞങ്ങള്‍ മൂവരും പിതുരാജ്ഞയാ തപസ്സിനാ-
യിങ്ങു വന്നിരിക്കുന്നു ദണ്ഡകവനംതന്നില്‍.
പതിന്നാലാണ്ടു കഴിവോളവും വേണംതാനു-
മതിനു പാര്‍ത്തീടുന്നു സത്യമെന്നറിഞ്ഞാലും.
നിന്തിരുവടിയെ ഞാനറിഞ്ഞീലേതും പുന-
രെന്തിനായെഴുന്നളളി ചൊല്ലണം പരമാര്‍ത്ഥം.”
“എങ്കിലോ കേട്ടാലും നീ മംഗലശീലേ! ബാലേ!
പങ്കജവിലോചനേ! പഞ്ചബാണാധിവാസേ!
പൗലസ്ത്യതനയനാം രാക്ഷസരാജാവു ഞാന്‍
ത്രൈലോക്യത്തിങ്കലെന്നെയാരറിയാതെയുളളു!
നിര്‍മ്മലേ! കാമപരിതപ്തനായ് ചമഞ്ഞു ഞാന്‍
നിന്മൂലമതിന്നു നീ പോരണം മയാ സാകം.
ലങ്കയാം രാജ്യം വാനോര്‍നാട്ടിലും മനോഹരം
കിങ്കരനായേന്‍ തവ ലോകസുന്ദരി! നാഥേ!
താപസവേഷംപൂണ്ട രാമനാലെന്തു ഫലം?
താപമുള്‍ക്കൊണ്ടു കാട്ടിലിങ്ങനെ നടക്കേണ്ട.
ശരണാഗതനായോരെന്നെ നീ ഭജിച്ചാലു-
മരുണാധരി! മഹാഭോഗങ്ങള്‍ ഭുജിച്ചാലും.”
രാവണവാക്യമേവം കേട്ടതി ഭയത്തോടും
ഭാവവൈവര്‍ണ്ണ്യംപൂണ്ടു ജാനകി ചൊന്നാള്‍ മന്ദംഃ
“കേവലമടുത്തിതു മരണം നിനക്കിപ്പോ-
ളേവം നീ ചൊല്ലുന്നാകില്‍ ശ്രീരാമദേവന്‍തന്നാല്‍.
സോദരനോടുംകൂടി വേഗത്തില്‍ വരുമിപ്പോള്‍
മേദിനീപതി മമ ഭര്‍ത്താ ശ്രീരാമചന്ദ്രന്‍.
തൊട്ടുകൂടുമോ ഹരിപത്നിയെശ്ശശത്തിനു?
കഷ്‌ടമായുളള വാാക്കു ചൊല്ലാതെ ദുരാത്മാവേ!
രാമബാണങ്ങള്‍കൊണ്ടു മാറിടം പിളര്‍ന്നു നീ
ഭൂമിയില്‍ വീഴ്‌വാനുളള കാരണമിതു നൂനം.”
ഇങ്ങനെ സീതാവാക്യം കേട്ടു രാവണനേറ്റം
തിങ്ങീടും ക്രോധംപൂണ്ടു മൂര്‍ച്ഛിതനായന്നേരം
തന്നുടെ രൂപം നേരേ കാട്ടിനാന്‍ മഹാഗിരി-
സന്നിഭം ദശാനനം വിംശതിമഹാഭുജം
അഞ്ജനശൈലാകാരം കാണായനേരമുളളി-
ലഞ്ജസാ ഭയപ്പെട്ടു വനദേവതമാരും.
രാഘവപത്നിയേയും തേരതിലെടുത്തുവെ-
ച്ചാകാശമാര്‍ഗ്ഗേ ശീഘ്രം പോയിതു ദശാസ്യനും.
“ഹാ! ഹാ! രാഘവ! രാമ! സൗമിത്രേ! കാരുണ്യാബ്ധേ!
ഹാ! ഹ! മല്‍ പ്രാണേശ്വര! പാഹി മാം ഭയാതുരാം.”
ഇത്തരം സീതാവിലാപം കേട്ടു പക്ഷീന്ദ്രനും
സത്വരമുത്ഥാനംചെയ്തെത്തിനാന്‍ ജടായുവും.
“തിഷ്‌ഠതിഷ്‌ഠാഗ്രേ മമ സ്വാമിതന്‍പത്നിയേയും
കട്ടുകൊണ്ടെവിടേക്കു പോകുന്നു മൂഢാത്മാവേ!
അദ്ധ്വരത്തിങ്കല്‍ ചെന്നു ശുനകന്‍ മന്ത്രംകൊണ്ടു
ശുദ്ധമാം പുരോഡാശം കൊണ്ടുപോകുന്നപോലെ.”
പദ്ധതിമദ്ധ്യേ പരമോദ്ധതബുദ്ധിയോടും
ഗൃദ്‌ധ്രരാജനുമൊരു പത്രവാനായുളേളാരു
കുദ്‌ധ്രരാജനെപ്പോലെ ബദ്ധവൈരത്തോടതി-
ക്രൂദ്ധനായഗ്രേ ചെന്നു യുദ്ധവും തുടങ്ങിനാന്‍.
അബ്ധിയും പത്രാനിലക്ഷുബ്ധമായ് ചമയുന്നി-
തദ്രികളിളകുന്നു വിദ്രുതമതുനേരം.
കാല്‍നഖങ്ങളെക്കൊണ്ടു ചാപങ്ങള്‍ പൊടിപെടു-
ത്താനനങ്ങളും കീറിമുറിഞ്ഞു വശംകെട്ടു
തീക്ഷ്‌ണതുണ്ഡാഗ്രം കൊണ്ടു തേര്‍ത്തടം തകര്‍ത്തിതു
കാല്‍ക്ഷണംകൊണ്ടു കൊന്നുവീഴ്‌ത്തിനാനശ്വങ്ങളെ.
രൂക്ഷത പെരുകിയ പക്ഷവാതങ്ങളേറ്റു
രാക്ഷസപ്രവരനും ചഞ്ചലമുണ്ടായ്‌വന്നു.
യാത്രയും മുടങ്ങി മല്‍കീര്‍ത്തിയുമൊടുങ്ങിയെ-
ന്നാര്‍ത്തിപൂണ്ടുഴന്നൊരു രാത്രിചാരീന്ദ്രനപ്പോള്‍
ധാത്രീപുത്രിയെത്തത്ര ധാത്രിയില്‍ നിര്‍ത്തിപ്പുന-
രോര്‍ത്തു തന്‍ ചന്ദ്രഹാസമിളക്കി ലഘുതരം
പക്ഷിനായകനുടെ പക്ഷങ്ങള്‍ ഛേദിച്ചപ്പോ-
ളക്ഷിതിതന്നില്‍ വീണാനക്ഷമനായിട്ടവന്‍.
രക്ഷോനായകന്‍ പിന്നെ ലക്ഷ്‌മീദേവിയേയുംകൊ-
ണ്ടക്ഷതചിത്തത്തോടും ദക്ഷിണദിക്കുനോക്കി
മറ്റൊരു തേരിലേറിത്തെറ്റെന്നു നടകൊണ്ടാന്‍;
മറ്റാരും പാലിപ്പാനില്ലുറ്റവരായിട്ടെന്നോ-
ര്‍ത്തിറ്റിറ്റു വീണീടുന്ന കണ്ണുനീരോടുമപ്പോള്‍
കറ്റവാര്‍കുഴലിയാം ജാനകീദേവിതാനും,
‘ഭര്‍ത്താവുതന്നെക്കണ്ടു വൃത്താന്തം പറഞ്ഞൊഴി-
ഞ്ഞുത്തമനായ നിന്റെ ജീവനും പോകായ്‌കെ’ന്നു
പൃത്ഥ്വീപുത്രിയും വരം പത്രിരാജനു നല്‌കി
പൃത്ഥ്വീമണ്ഡലമകന്നാശു മേല്‍പോട്ടു പോയാള്‍.
“അയ്യോ! രാഘവ ജഗന്നായക! ദയാനിധേ!
നീയെന്നെയുപേക്ഷിച്ചതെന്തു ഭര്‍ത്താവേ! നാഥാ!
രക്ഷോനായകനെന്നെക്കൊണ്ടിതാ പോയീടുന്നു
രക്ഷിതാവായിട്ടാരുമില്ലെനിക്കയ്യോ! പാവം!
ലക്ഷ്‌മണാ! നിന്നോടു ഞാന്‍ പരുഷം ചൊന്നേനല്ലോ
രക്ഷിച്ചുകൊളേളണമേ! ദേവരാ! ദയാനിധേ!
രാമ! രാമാത്മാരാമ! ലോകാഭിരാമ! രാമ!
ഭൂമിദേവിയുമെന്നെ വെടിഞ്ഞാളിതുകാലം.
പ്രാണവല്ലഭ! പരിത്രാഹി മാം ജഗല്‍പതേ!
കൗണപാധിപനെന്നെക്കൊന്നു ഭക്ഷിക്കുംമുമ്പേ
സത്വരം വന്നു പരിപാലിച്ചുകൊളേളണമേ
സത്വചേതസാ മഹാസത്വവാരിധേ! നാഥ!”
ഇത്തരം വിലാപിക്കുംനേരത്തു ശീഘ്രം രാമ-
ഭദ്രനിങ്ങെത്തുമെന്ന ശങ്കയാ നക്തഞ്ചരന്‍
ചിത്തവേഗേന നടന്നീടിനാ,നതുനേരം
പൃത്ഥീപുത്രിയും കീഴ്‌പ്പോട്ടാശു നോക്കുന്നനേരം
അദ്രിനാഥാഗ്രേ കണ്ടു പഞ്ചവാനരന്മാരെ
വിദ്രുതം വിഭൂഷണസഞ്ചയമഴിച്ചു ത-
ന്നുത്തരീയാര്‍ദ്ധഖണ്ഡംകൊണ്ടു ബന്ധിച്ചു രാമ-
ഭദ്രനു കാണ്മാന്‍ യോഗംവരികെന്നകതാരില്‍
സ്‌മൃത്വാ കീഴ്പോട്ടു നിക്ഷേപിച്ചിതു സീതാദേവി;
മത്തനാം നക്തഞ്ചരനറിഞ്ഞീലതുമപ്പോള്‍.
അബ്ധിയുമുത്തീര്യ തന്‍പത്തനം ഗത്വാ തൂര്‍ണ്ണം
ശുദ്ധാന്തമദ്ധ്യേ മഹാശോകകാനനദേശേ
ശുദ്ധഭൂതലേ മഹാശിംശപാതരുമൂലേ
ഹൃദ്യമാരായ നിജ രക്ഷോനാരികളേയും
നിത്യവും പാലിച്ചുകൊള്‍കെന്നുറപ്പിച്ചു തന്റെ
വസ്ത്യമുള്‍പ്പുക്കു വസിച്ചീടിനാന്‍ ദശാനനന്‍.
ഉത്തമോത്തമയായ ജാനകീദേവി പാതി-
വ്രത്യമാശ്രിത്യ വസിച്ചീടിനാളതുകാലം.
വസ്‌ത്രകേശാദികളുമെത്രയും മലിനമായ്
വക്ത്രവും കുമ്പിട്ടു സന്തപ്തമാം ചിത്തത്തോടും
രാമ രാമേതി ജപധ്യാനനിഷ്‌ഠയാ ബഹു
യാമിനീചരകുലനാരികളുടെ മദ്ധ്യേ
നീഹാരശീതാതപവാതപീഡയും സഹി-
ച്ചാഹാരാദികളേതും കൂടാതെ ദിവാരാത്രം
ലങ്കയില്‍ വസിച്ചിതാതങ്കമുള്‍ക്കൊണ്ടു മായാ-
സങ്കടം മനുഷ്യജന്മത്തിങ്കലാര്‍ക്കില്ലാത്തു?
സീതാന്വേഷണം
രാമനും മായാമൃഗവേഷത്തെക്കൈക്കൊണ്ടൊരു
കാമരൂപിണം മാരീചാസുരമെയ്‌തു കൊന്നു
വേഗേന നടകൊണ്ടാനാശ്രമം നോക്കിപ്പുന-
രാഗമക്കാതലായ രാഘവന്‍തിരുവടി.
നാലഞ്ചു ശരപ്പാടു നടന്നോരനന്തരം
ബാലകന്‍വരവീഷദ്ദൂരവേ കാണായ്‌വന്നു.
ലക്ഷ്‌മണന്‍ വരുന്നതു കണ്ടു രാഘവന്‍താനു-
മുള്‍ക്കാമ്പില്‍ നിരൂപിച്ചു കല്‍പിച്ചു കരണീയം.
“ലക്ഷ്മണനേതുമറിഞ്ഞീലല്ലോ പരമാര്‍ത്ഥ-
മിക്കാലമിവനേയും വഞ്ചിക്കെന്നതേവരൂ.
രക്ഷോനായകന്‍ കൊണ്ടുപോയതു മായാസീതാ
ലക്ഷ്‌മീദേവിയെയുണ്ടോ മറ്റാര്‍ക്കും ലഭിക്കുന്നു?
അഗ്നിമണ്ഡലത്തിങ്കല്‍ വാഴുന്ന സീതതന്നെ
ലക്ഷ്മണനറിഞ്ഞാലിക്കാര്യവും വന്നുകൂടാ.
ദുഃഖിച്ചുകൊളളൂ ഞാനും പ്രാകൃതനെന്നപോലെ
മൈക്കണ്ണിതന്നെത്തിരഞ്ഞാശു പോയ് ചെല്ലാമല്ലോ
രക്ഷോനായകനുടെ രാജ്യത്തി,ലെന്നാല്‍ പിന്നെ-
ത്തല്‍ക്കുലത്തോടുംകൂടെ രാവണന്‍തന്നെക്കൊന്നാല്‍
അഗ്നിമണ്ഡലേ വാഴും സീതയെസ്സത്യവ്യാജാല്‍
കൈക്കൊണ്ടുപോകാമയോദ്ധ്യയ്‌ക്കു വൈകാതെ, പിന്നെ
അക്ഷയധര്‍മ്മമോടു രാജ്യത്തെ വഴിപോലെ
രക്ഷിച്ചു കിഞ്ചില്‍ കാലം ഭൂമിയില്‍ വസിച്ചീടാം.
പുഷ്‌കരോല്‍ഭവനിത്ഥം പ്രാര്‍ത്ഥിക്കനിമിത്തമാ-
യര്‍ക്കവംശത്തിങ്കല്‍ ഞാന്‍ മര്‍ത്ത്യനായ്പിറന്നതും.
മായാമാനുഷനാകുമെന്നുടെ ചരിതവും
മായാവൈഭവങ്ങളും കേള്‍ക്കയും ചൊല്ലുകയും
ഭക്തിമാര്‍ഗ്ഗേണ ചെയ്യും മര്‍ത്ത്യനപ്രയാസേന
മുക്തിയും സിദ്ധിച്ചീടുമില്ല സംശയമേതും.
ആകയാലിവനേയും വഞ്ചിച്ചു ദുഃഖിപ്പു ഞാന്‍
പ്രാകൃതപുരുഷനെപ്പോലെ”യെന്നകതാരില്‍
നിര്‍ണ്ണയിച്ചവരജനോടരുള്‍ചെയ്തീടിനാന്‍ഃ
“പര്‍ണ്ണശാലയില്‍ സീതയ്‌ക്കാരൊരു തുണയുളളൂ?
എന്തിനിങ്ങോട്ടു പോന്നു ജാനകിതന്നെബ്ബലാ-
ലെന്തിനു വെടിഞ്ഞു നീ, രാക്ഷസരവളേയും
കൊണ്ടുപോകയോ കൊന്നു ഭക്ഷിച്ചുകളകയോ
കണ്ടകജാതികള്‍ക്കെന്തോന്നരുതാത്തതോര്‍ത്താല്‍?”
അഗ്രജവാക്യമേവം കേട്ടു ലക്ഷ്‌മണന്‍താനു-
മഗ്രേ നിന്നുടനുടന്‍ തൊഴുതു വിവശനായ്
ഗദ്‌ഗദാക്ഷരമുരചെയ്‌തിതു ദേവിയുടെ
ദുര്‍ഗ്രഹവചനങ്ങള്‍ ബാഷ്പവും തൂകിത്തൂകി.
“ഹാ! ഹാ! ലക്ഷ്‌മണ! പരിത്രാഹി! സൗമിത്രേ! ശീഘ്രം
ഹാ! ഹാ! രാക്ഷസനെന്നെ നിഗ്രഹിച്ചീടുമിപ്പോള്‍
ഇത്തരം നക്തഞ്ചരന്‍തന്‍ വിലാപങ്ങള്‍ കേട്ടു
മുദ്ധഗാത്രിയും തവ നാദമെന്നുറയ്‌ക്കയാല്‍
അത്യര്‍ത്ഥം പരിതാപം കൈക്കൊണ്ടു വിലാപിച്ചു
സത്വരം ചെന്നു രക്ഷിക്കെന്നെന്നോടരുള്‍ചെയ്‌തു.
‘ഇത്തരം നാദം മമ ഭ്രാതാവിനുണ്ടായ്‌വരാ
ചിത്തമോഹവും വേണ്ട സത്യമെന്നറിഞ്ഞാലും.
രാക്ഷസനുടെ മായാഭാഷിതമിതു നൂനം
കാല്‍ക്ഷണം പൊറുക്കെ’ന്നു ഞാന്‍ പലവുരു ചൊന്നേന്‍.
എന്നതു കേട്ടു ദേവി പിന്നെയുമുരചെയ്‌താ-
ളെന്നോടു പലതരമിന്നവയെല്ലാമിപ്പോള്‍
നിന്തിരുമുമ്പില്‍നിന്നു ചൊല്ലുവാന്‍ പണിയെന്നാല്‍
സന്താപത്തോടു ഞാനും കര്‍ണ്ണങ്ങള്‍ പൊത്തിക്കൊണ്ടു
ചിന്തിച്ചു ദേവകളെ പ്രാര്‍ത്ഥിച്ചു രക്ഷാര്‍ത്ഥമായ്
നിന്തിരുമലരടി വന്ദിപ്പാന്‍ വിടകൊണ്ടേന്‍.”
“എങ്കിലും പിഴച്ചിതു പോന്നതു സൗമിത്രേ! നീ
ശങ്കയുണ്ടായീടാമോ ദുര്‍വചനങ്ങള്‍ കേട്ടാല്‍?
യോഷമാരുടെ വാക്കു സത്യമെന്നോര്‍ക്കുന്നവന്‍
ഭോഷനെത്രയുമെന്നു നീയറിയുന്നതില്ലേ
രക്ഷസാം പരിഷകള്‍ കൊണ്ടുപൊയ്‌ക്കളകയോ
ഭക്ഷിച്ചുകളകയോ ചെയ്തതെന്നറിഞ്ഞീല.”
ഇങ്ങനെ നിനച്ചുടജാന്തര്‍ഭാഗത്തിങ്കല്‍ ചെ-
ന്നെങ്ങുമേ നോക്കിക്കാണാഞ്ഞാകുലപ്പെട്ടു രാമന്‍
ദുഃഖഭാവവും കൈക്കൊണ്ടെത്രയും വിലാപിച്ചാന്‍
നിഷ്‌കളനാത്മാരാമന്‍ നിര്‍ഗ്ഗുണനാത്മാനന്ദന്‍.
“ഹാ! ഹാ! വല്ലഭേ! സീതേ! ഹാ! ഹാ! മൈഥിലീ! നാഥേ!
ഹാ! ഹാ! ജാനകീ! ദേവി! ഹാ! ഹാ! മല്‍പ്രാണേശ്വരി!
എന്നെ മോഹിപ്പിപ്പതിന്നായ്‌മറഞ്ഞിരിക്കയോ?
ധന്യേ! നീ വെളിച്ചത്തു വന്നീടു മടിയാതെ.”
ഇത്തരം പറകയും കാനനംതോറും നട-
ന്നത്തല്‍പൂണ്ടന്വേഷിച്ചും കാണാഞ്ഞു വിവശനായ്
“വനദേവതമാരേ! നിങ്ങളുമുണ്ടോ കണ്ടൂ
വനജേക്ഷണയായ സീതയെ സത്യം ചൊല്‍വിന്‍.
മൃഗസഞ്ചയങ്ങളേ! നിങ്ങളുമുണ്ടോ കണ്ടൂ
മൃഗലോചനയായ ജനകപുത്രിതന്നേ?
പക്ഷിസഞ്ചയങ്ങളേ! നിങ്ങളുമുണ്ടോ കണ്ടൂ
പക്ഷ്മളാക്ഷിയെ മമ ചൊല്ലുവിന്‍ പരമാര്‍ത്ഥം.
വൃക്ഷവൃന്ദമേ! പറഞ്ഞീടുവിന്‍ പരമാര്‍ത്ഥം
പുഷ്‌കരാക്ഷിയെ നിങ്ങളെങ്ങാനുമുണ്ടോ കണ്ടൂ?”
ഇത്ഥമോരോന്നേ പറഞ്ഞെത്രയും ദുഃഖം പൂണ്ടു
സത്വരം നീളത്തിരഞ്ഞെങ്ങുമേ കണ്ടീലല്ലോ.
സര്‍വദൃക് സര്‍വേശ്വരന്‍ സര്‍വജ്ഞന്‍ സര്‍വാത്മാവാം
സര്‍വകാരണനേകനചലന്‍ പരിപൂര്‍ണ്ണന്‍
നിര്‍മ്മലന്‍ നിരാകാരന്‍ നിരഹംകാരന്‍ നിത്യന്‍
ചിന്മയനഖണ്ഡാനന്ദാത്മകന്‍ ജഗന്മയന്‍.
മായയാ മനുഷ്യഭാവേന ദുഃഖിച്ചീടിനാന്‍
കാര്യമാനുഷന്‍ മൂഢാത്മാക്കളെയൊപ്പിപ്പാനായ്.
തത്വജ്ഞന്മാര്‍ക്കു സുഖദുഃഖഭേദങ്ങളൊന്നും
ചിത്തേ തോന്നുകയുമില്ല ജ്ഞാനമില്ലായ്‌കയാല്‍ .
കര്‍ക്കടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്‌തി പകരാനുള്ള വഴിയാണ് രാമായണ മാസാചരണം. ആദ്യന്തം ദുഃഖം നിറഞ്ഞതാണ് രാമകഥ. അവതാര പുരുഷനുപോലും വേദനകളിലൂടെ കടന്നു പോകേണ്ടിവന്നു. അതിനു മുന്നില്‍ സാധാരണ മനുഷ്യരുടെ ആകുലതകള്‍ക്ക് എന്തു പ്രസക്‌തിയാണുള്ളതെന്ന ചിന്തയാണ് രാമായണ പാരായണത്തിലൂടെ നമുക്ക് മനസിലാക്കാൻ കഴിയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...