Ramayana Masam 2021: രാമായണം എട്ടാം ദിനം പാരായണം ചെയ്യേണ്ട ഭാഗം
Ramayana Masam 2021: കര്‍ക്കടക മാസത്തിനെ നാം രാമായണ മാസം എന്നും വിളിക്കുന്നുണ്ട്. കാരണം കർക്കിടകം തുടങ്ങിയാൽ എല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണം വായിക്കാന്‍ തുടങ്ങും.
Ramayana Masam 2021: കര്‍ക്കടക മാസത്തിനെ നാം രാമായണ മാസം എന്നും വിളിക്കുന്നുണ്ട്. കാരണം കർക്കിടകം തുടങ്ങിയാൽ എല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണം വായിക്കാന്‍ തുടങ്ങും. അതുകൊണ്ടുതന്നെ ഈ മാസം മുഴുവനും രാമായണം പാരായണം ചെയ്യുകയാണ് വേണ്ടത്.
ഒരു മാസത്തെ പാരായണത്തിലൂടെ രാമായണം പൂര്‍ണമായി വായിച്ചു തീര്‍ക്കണമെന്നാണ് വിശ്വാസം. ബാലകാണ്ഡത്തിലെ ശ്രീരാമ രാമ രാമ എന്ന ഭാഗത്തില്‍ നിന്നായിരിക്കണം രാമായണപാരായണം ആരംഭിക്കേണ്ടത്. ഏതൊരു ഭാഗം വായിക്കുന്നതിനുമുന്‍പും ബാലകാണ്ഡത്തിലെ ഈ ഭാഗം പാരായണം ചെയ്തതിനുശേഷം വേണം വായിക്കാന്‍.
Also Read: Guru Purnima 2021: ഗുരു-ശിഷ്യ ബന്ധത്തിന്‍റെ പ്രാധാന്യം വിളിച്ചോതി ഗുരു പൂര്‍ണിമ
വനയാത്ര
രാഘവന്‍ താതഗേഹം പ്രവേശിച്ചുടന്‍
വ്യാകുലഹീനം വണങ്ങിയരുള്‍ ചെയ്തു
കൈകേയിയാകിയ മാതാവു തന്നോടു
“ശോകം കളഞ്ഞാലുമമ്മേ! മനസി തേ
സൌമിത്രിയും ജനകാത്മജയും ഞാനും
സൌമുഖ്യമാര്‍ന്നു പോവാനായ് പുറപ്പെട്ടു
ഖേദമകലെക്കളഞ്ഞിനി ഞങ്ങളെ
താതന്നജ്ഞാപിക്ക വേണ്ടതു വൈകാതെ”
ഇഷ്ടവാക്യം കേട്ടു കൈകേയി സാദരം
പെട്ടെന്നെഴുന്നേറ്റിരുന്നു സസംഭ്രമം
ശ്രീരാമനും മൈഥിലിക്കുമനുജനും
ചീരങ്ങള്‍ വെവ്വേറെ നല്‍കിനാളമ്മയും
ധന്യവസ്ത്രങ്ങളുപേക്ഷിച്ചു രാഘവന്‍
വന്യചീരങ്ങള്‍ പരിഗ്രഹിച്ചീടിനാന്‍
പുഷ്കരലോചനാനുജ്ഞയാ വല്‍ക്കലം
ലക്ഷ്മണന്‍ താനുമുടുത്താനതു നേരം
ലക്ഷ്മീഭഗവതിയാകിയ ജാനകി
വല്‍ക്കലം കയ്യില്‍ പിടിച്ചുകൊണ്ടാകുലാല്‍
പക്ഷമെന്തുള്ളിലെന്നുള്ളതറിവാനായ്
തല്‍ക്ഷണേ ലജ്ജയാ ഭര്‍ത്തൃമുഖാംബുജം
ഗൂഢമായ് നോക്കിനാളെങ്ങനെ ഞാനിതു
ഗാഢമുടുക്കുന്നതെന്നുള്ളചിന്തയാ
മഗലദേവതാവല്ലഭന്‍ രാഘവ-
നിംഗിതജ്ഞന്‍ തദാ വാങ്ങിപ്പരുഷമാം
വല്‍ക്കലം ദിവ്യാംബരോപരി വേഷ്ടിച്ഛു
സല്‍കാരമാനം കലര്‍ന്നു നിന്നീടിനാന്‍
എന്നതു കണ്ടൊരു രാജദാരങ്ങളു-
മന്യരായുള്ള ജനങ്ങളുമൊക്കവേ
വന്ന ദു:ഖത്താല്‍ കരയുന്നതു കേട്ടു
നിന്നരുളീടും വസിഷ്ഠമഹാമുനി
കോപേന ഭര്‍ത്സിച്ചു കൈകേയി തന്നോടു
താപേന ചൊല്ലിനാ‘നെന്തിതു തോന്നുവാന്‍?
ദുഷ്ടേ! നിശാചരീ! ദുര്‍വൃത്തമാനസേ!
കഷ്ടമോര്‍ത്തോളം കഠോരശീലേ! ഖലേ!
രാമന്‍ വനത്തിന്നു പോകേണമെന്നല്ലോ
താമസശീലേ! വരത്തെ വരിച്ചു നീ
ജാനകീദേവിക്കു വല്‍ക്കലം നല്‍കുവാന്‍
മാനസേ തോന്നിയതെന്തൊരു കാരണം?
ഭക്ത്യാ പതിവ്രതയാകിയ ജാനകി
ഭര്‍ത്താവിനോടുകൂടെ പ്രയാണം ചെയ്കില്‍
സര്‍വ്വാഭരണവിഭൂഷിതഗാത്രിയായ്
ദിവ്യാംബരം പൂണ്ടനുഗമിചീടുക.
കാനനദു:ഖനിവാരണാര്‍ത്ഥം പതി-
മാനസവും രമിപ്പിച്ചു സദാകാലം
ഭര്‍ത്തൃശുശ്രൂഷയും ചെയ്തു പിരിയാതെ
ചിത്തശുദ്ധ്യാ ചരിച്ചീടുകെന്നേവരൂ’
ഇത്ഥം വസിഷ്ടോക്തി കേട്ടു ദശരഥന്‍
നത്വാ സുമന്ത്രരോടേവമരുള്‍ ചെയ്തു:
Also Read: Ramayana Masam 2021: രാമായണം ഏഴാം ദിനം പാരായണം ചെയ്യേണ്ട ഭാഗം
‘രാജയോഗ്യം രഥമാശു വരുത്തുക
രാജീവനേത്രപ്രയാണായ സത്വരം’
ഇത്ഥമുക്ത്വാ രാമവക്ത്രാംബുജം പാര്‍ത്തു
‘പുത്ര! ഹാ രാമ! സൌമിത്രേ! ജനകജേ!
രാമ! രാമ! ത്രിലോകാഭിരാമാംഗ!ഹാ!
ഹാ! മമ പ്രാണസമാന! മനോഹര!‘
ദു:ഖിച്ചു ഭൂമിയില്‍ വീണു ദശരഥ-
നുള്‍ക്കാന്പഴിഞ്ഞു കരയുന്നതു നേരം
തേരുമൊരുമിച്ചു നിര്‍ത്തി സുമന്ത്രരും
ശ്രീരാമദേവനുമപ്പോളുരചെയ്തു:
‘തേരില്‍ കരേറുക സീതേ!വിരവില്‍ നീ
നേരമിനിക്കളഞ്ഞീടരുതേതുമേ‘
സുന്ദരിവന്ദിച്ചു തേരില്‍ക്കരേറിനാ-
ളിന്ദിരാവല്ലഭനാകിയ രാമനും
മാനസേ ഖേദം കളഞ്ഞു ജനകനെ
വീണു വണങ്ങി പ്രദക്ഷിണവും ചെയ്തു
താണുതൊഴുതുടന്‍ തേരില്‍ കരേറിനാന്‍;
ബാണചാപാസി തൂണീരാദികളെല്ലാം
കൈക്കൊണ്ടു വന്ദിച്ചു താനും കരേറിനാന്‍
ലക്ഷ്മണനപ്പോള്‍, സുമന്ത്രരുമാകുലാല്‍
ദു:ഖേന തേര്‍ തെളിച്ചീടിനാന്‍, ഭൂപനും
നില്‍ക്കുനില്‍ക്കെന്നു ചൊന്നാന്‍ ,രഘുനാഥനും
ഗച്ഛഗച്ഛേതിവേഗാലരുള്‍ ചെയ്തിതു:
നിശ്ചലമായിതു ലോകവുമന്നേരം
രാജീവലോചനന്‍ ദൂരെ മറഞ്ഞപ്പോള്‍
രാജാവു മോഹിച്ചുവീണിതേ ഭൂതലേ
സ്ത്രീബാലവൃദ്ധാവധി പുരവാസികള്‍
താപം മുഴുത്തു വിലപിച്ചു പിന്നാലെ
‘തിഷ്ഠ!തിഷ്ഠപ്രഭോ! രാമ! ദയാനിധേ!
ദൃഷ്ടിയ്ക്കമൃതമായൊരു തിരുമേനി
കാണായ്കിലെങ്ങനെ ഞങ്ങള്‍ പൊറുക്കുന്നു?
പ്രാണനോ പോയിതല്ലോ മമം ദൈവമേ!‘
ഇത്തരം ചൊല്ലി വിലപിച്ചു സര്‍വ്വരും
സത്വരം തേരിന്‍ പിറകെ നട കൊണ്ടാര്‍
മന്നവന്‍ താനും ചിരം വിലപിച്ചഥ
ചൊന്നാന്‍ പരിചക്രന്മാരൊടാകുലാല്‍
‘എന്നെയെടുത്തിനിക്കൊണ്ടുപോയ് ശ്രീരാമന്‍
തന്നുടെ മാത്രുഗേഹത്തിങ്കലാക്കുവിന്‍
രാമനെ വേറിട്ടു ജീവിച്ചു ഞാനിനി
ഭൂമിയില്‍ വാഴ്കെന്നതില്ലെന്നു നിര്‍ണ്ണയം‘
എന്നതു കേട്ടോരു ഭൃത്യജനങ്ങളും
മന്നവന്‍ തന്നെയെടുത്തു കൌസല്യ തന്‍
മന്ദിരത്തിങ്കലാക്കീടിനാനന്നേരം
വന്നൊരു ദു:ഖേന മോഹിച്ചു വീണിതു
പിന്നെയുണര്‍ന്നു കരഞ്ഞു തുടങ്ങിനാന്‍
ഖിന്നയായ് മേവുന്ന കൌസല്യ തന്നോടും.
ശ്രീരാമനും തമസാനദി തന്നുടെ
തീരം ഗമിച്ചു വസിച്ചു നിശാമുഖേ
പാനീയമാത്രമുപജീവനം ചെയ്തു
ജാനകിയോടും നിരാഹാരനായൊരു
വൃക്ഷമൂലേ ശയനം ചെയ്തുറങ്ങീടിനാന്‍;
ലക്ഷ്മണന്‍ വില്ലുമമ്പും ധരിച്ചന്തികേ
രക്ഷിച്ചു നിന്നു, സുമന്ത്രരുമായോരോ
ദു:ഖവൃത്താന്തങ്ങളും പറഞ്ഞാകുലാല്‍
പൌരജനങ്ങളും ചെന്നരികേ പുക്കു
ശ്രീരാമനെയങ്ങു കൊണ്ടുപൊയ്ക്കൂടാകില്‍
കാനനവാസം നമുക്കുമെന്നേവരും
മാനസത്തിങ്കലുറച്ചു മരുവിനാര്‍
പൌരജനത്തിന്‍ പരിദേവനം കണ്ടു
ശ്രീരാമദേവനുമുള്ളില്‍ നിരൂപിച്ചു
‘സൂര്യനുദിച്ചാലയയ്ക്കയുമില്ലിവര്‍
കാര്യത്തിനും വരും വിഘ്നമെന്നാലിവര്‍
ഖേദം കലര്‍ന്നു തളര്‍ന്നുറങ്ങുന്നിതു
ബോധമില്ലിപ്പോളിനിയുണരും മുന്‍പേ
പോകനാമിപ്പൊഴേ കൂട്ടുക തേരെ‘ന്നു
രാഘവന്‍ വാക്കുകള്‍ കേട്ടു സുമന്ത്രരും
വേഗേന തേരുമൊരുമിച്ചിതന്നേരം
രാഘവന്മാരും ജനകതനൂജയും
തേരിലേറീടിനാരേതുമറിഞ്ഞീല
പൌരജനങ്ങളന്നേരം സുമന്ത്രരും
ചെറ്റയോദ്ധ്യാഭിമുഖം ഗമിച്ചിട്ടഥ
തെറ്റെന്നു തെക്കോട്ടു തന്നെ നടകൊണ്ടു
ചുറ്റും കിടന്ന പുരവാസികളെല്ലാം
പിറ്റേന്നാള്‍ തങ്ങളുണര്‍ന്നു നോക്കുന്നേരം
കണ്ടീലരാമനെയെന്നു കരഞ്ഞതി-
കുണ്ഠിതന്മാരായ് പുരിപുക്കു മേവിനാര്‍
സീതാസമേതനാം രാമനെസ്സന്തതം
ചേതസി ചിന്തിച്ചുചിന്തിച്ചനുദിനം
പുത്രമിത്രാദികളോടുമിട ചേര്‍ന്നു
ചിത്തശുദ്ധ്യാ വസിച്ചീടിനാനേവരും
മംഗലാദേവതാവല്ലഭന്‍ രാഘവന്‍
ഗംഗാതടം പുക്കു ജാനകി തന്നോടും
മംഗലസ്നാനവും ചെയ്തു സഹാനുജം
ശ്രുംഗിവേരാവിദൂരേ മരുവീടിനാന്‍
ദാശരഥിയും വിദേഹതനൂജയും
ശിംശപാമൂലേ സുഖേന വാണീടിനാര്‍
ഗുഹസംഗമം
രാമാഗമനമഹോത്സവമെത്രയു-
മാമോദമുള്‍ക്കൊണ്ടു കേട്ടുഗുഹന്‍ തദാ
സ്വാമിയായിഷ്ടവയസ്യനായുള്ളൊരു
രാമന്‍ തിരുവടിയെക്കണ്ടു വന്ദിപ്പാന്‍
പക്വമനസ്സൊടു ഭക്ത്യയ്‌വ സത്വരം
പക്വഫലമധുപുഷ്പാദികളെല്ലാം
കൈക്കൊണ്ടു ചെന്നു രാമാഗ്രേ വിനിക്ഷിപ്യ
ഭക്ത്യൈവ ദണ്ഡനമസ്കാരവും ചെയ്തു
പെട്ടെന്നെടുത്തെഴുന്നേല്‍പ്പിച്ചു വക്ഷസി
തുഷ്ട്യാ ദൃഢമണച്ചാശ്ലേഷവും ചെയ്തു
മന്ദഹാസം പൂണ്ടു മാധുര്യപൂര്‍വ്വകം
മന്ദേതരം കുശലപ്രശ്നവും ചെയ്തു
കഞ്ജവിലോചനന്‍ തന്‍ തിരുമേനി ക-
ണ്ടഞ്ജലി പൂണ്ടു ഗുഹനുമുര ചെയ്തു:
“ധന്യനായേയടിയനിന്നു കേവലം
നിര്‍ണ്ണയം നൈഷാദജന്മവും പാവനം
നൈഷാദമായുള്ള രാജ്യമിതുമൊരു
ദൂഷണഹീനമധീനമല്ലോ തവ
കിങ്കരനാമടിയനേയും രാജ്യവും
സങ്കടം കൂടാതെ രക്ഷിച്ചു കൊള്ളുക
സന്തോഷമുള്‍ക്കൊണ്ടിനി നിന്തിരുവടി
സന്തതമത്ര വസിച്ചരുളീടണം
അന്ത:പുരം മമ ശുദ്ധമാക്കീടണ-
മന്തര്‍മുദാ പാദപത്മരേണുക്കളാല്‍
മൂലഫലങ്ങള്‍ പരിഗ്രഹിക്കേണമേ
കാലേ കനിവോടനുഗ്രഹിക്കേണമേ!”
ഇത്തരം പ്രാര്‍ത്ഥിച്ചുനില്‍ക്കും ഗുഹനോടു
മുഗ്ദ്ധഹാസം പൂണ്ടരുള്‍ ചെയ്തു രാഘവന്‍
‘കേള്‍ക്ക നീ വാക്യം മദീയം മമ സഖേ!
സൌഖ്യമിതില്‍പ്പരമില്ലെനിക്കേതുമേ
സംവത്സരം പതിനാലു കഴിയണം
സംവസിച്ചീടുവാന്‍ ഗ്രാമാലയങ്ങളില്‍
അന്യദത്തം ഭുജിക്കെന്നതുമില്ലെന്നു
മന്യേ വനവാസകാലം കഴിവോളം
രാജ്യം മമൈതതു ഭവാന്‍ മത്സഖിയല്ലോ
പൂജ്യനാം നീ പരിപാലിക്ക സന്തതം
കുണ്ഠഭാവം ചെറുതുണ്ടാകയും വേണ്ട
കൊണ്ടുവരിക വടക്ഷീരമാശു നീ’
തല്‍ക്ഷണം കൊണ്ടുവന്നു വടക്ഷീരവും
ലക്ഷ്മണനോടും കലര്‍ന്നു രഘുത്തമന്‍
ശുദ്ധവടക്ഷീരഭൂമികളെക്കൊണ്ടു
ബദ്ധമായോരു ജടാമകുടത്തൊടും
സോദരന്‍ തന്നാല്‍ കുശദളാദ്യങ്ങളാല്‍
സാദരമാസ്തൃതമായ തല്പസ്ഥലേ
പാനീയമാത്രമശിച്ചു വൈദേഹിയും
താനുമായ് പള്ളിക്കുറുപ്പു കൊണ്ടീടിനാന്‍
പ്രാസാദമൂര്‍ദ്ധ്നി പര്യങ്കേ യഥാപുര-
വാസവും ചെയ്തുറങ്ങുന്നതുപോലെ
ലക്ഷ്മണന്‍ വില്ലുമമ്പും ധരിച്ചന്തികേ
രക്ഷിച്ചു നിന്നു ഗുഹനോടു കൂടവേ
ലക്ഷ്മീപതിയായ രാഘവസ്വാമിയും
ലക്ഷ്മീഭഗവതിയാകിയ സീതയും
വൃക്ഷമൂലേ കിടക്കുന്നതു കണ്ടതി-
ദു:ഖം കലര്‍ന്നു ബാഷ്പാകുലനായ് ഗുഹന്‍
ലക്ഷ്മണനോടു പറഞ്ഞുതുടങ്ങിനാന്‍:
‘പുഷ്കരനേത്രനെക്കണ്ടീലയോ സഖേ!
പര്‍ണ്ണതല്‍പ്പേ ഭുവി ദാരുമൂലേ കിട-
ന്നര്‍ണ്ണോജനേത്രനുറങ്ങുമാറായിതു
സ്വര്‍ണതല്‍പ്പേ ഭവനോത്തമേ സല്‍പ്പുരേ
പുണ്യപുരുഷന്‍ ജനകാത്മജയോടും
പള്ളിക്കുറുപ്പുകൊള്ളും മുന്നമിന്നിഹ
പല്ലവപര്യങ്ക സീമ്നി വനാന്തരേ
ശ്രീരാമദേവനു ദു:ഖമുണ്ടാകുവാന്‍
കാരണഭൂതയായ് വന്നിതു കൈകേയി
മന്ഥരാചിത്തമാസ്ഥായ കൈകേയി താന്‍
ഹന്ത! മഹാപാപമാചരിച്ചാളല്ലോ?‘
ശ്രുത്വാ ഗുഹോക്തികളിത്ഥമാഹന്ത സൌ-
മിത്രിയും സത്വരമുത്തരം ചൊല്ലിനാന്‍:
‘ഭദ്രമതേ! ശ്രുണു! മദ്വചനം രാമ-
ഭദ്രനാമം ജപിച്ചീടുക സന്തതം
കസ്യ ദു:ഖസ്യ കോ ഹേതു ജഗത്രയേ
കസ്യ സുഖസ്യ വാ കോപി ഹേതുസ്സഖേ!
പൂര്‍വ്വജന്മ്മാര്‍ജ്ജിത കര്‍മ്മമത്രേ ഭുവി
സര്‍വ്വലോകര്‍ക്കും സുഖ ദു:ഖകാരണം
ദു:ഖസുഖങ്ങള്‍ ദാനം ചെയ്‌വതിന്നാരു-
മുള്‍ക്കാമ്പിലോര്‍ത്തുകണ്ടാലില്ല നിര്‍ണ്ണയം
ഏകന്‍ മമ സുഖദാതാ ജഗതി മ-
റ്റേകന്‍ മമ ദു:ഖദാതാവിതി വൃഥാ
തോന്നുന്നതജ്ഞാനബുദ്ധികള്‍ക്കെപ്പൊഴും
തോന്നുകയില്ല ബുധന്മാര്‍ക്കതേതുമേ
ഞാനിതിനിന്നു കര്‍ത്താവെന്നു തോന്നുന്നു
മാനസതാരില്‍ വൃഥാഭിമാനേന കേള്‍
ലോകം നിജ കര്‍മ്മസൂത്രബദ്ധം സഖേ!
ഭോഗങ്ങളും നിജ കര്‍മ്മാനുസാരികള്‍
മിത്രാര്യുദാസീന ബാന്ധവ ദ്വേഷ്യമ-
ദ്ധ്യസ്ഥ സുഹൃജ്ജന ഭേദബുദ്ധിഭ്രമം
ചിത്രമത്രേ നിരൂപിച്ചാല്‍ സ്വകര്‍മ്മങ്ങള്‍
യത്ര വിഭാവ്യതേ തത്ര യഥാ തഥാ
ദു:ഖം സുഖം നിജകര്‍മ്മവശഗത-
മൊക്കെയെന്നുള്‍ക്കാമ്പുകൊണ്ടു നിനച്ചതില്‍
യദ്യദ്യദാഗതം തത്ര കാലാന്തരേ
തത്തത് ഭുജിച്ചതിസ്വസ്ഥനായ് വാഴണം
ഭോഗത്തിനായ്ക്കൊണ്ടു കാമിക്കയും വേണ്ട
ഭോഗം വിധികൃതം വര്‍ജ്ജിക്കയും വേണ്ട
വ്യര്‍ത്ഥമോര്‍ത്തോളം വിഷാദാതി ഹര്‍ഷങ്ങള്‍
ചിത്തേ ശുഭാശുഭ കര്‍മ്മഫലോദയേ
മര്‍ത്ത്യദേഹം പുണ്യപാപങ്ങളെക്കൊണ്ടു
നിത്യമുല്‍പ്പന്നം വിധിവിഹിതം സഖേ!
Also Read: Vastu Tips: ഈ 4 ചെടികൾ വീട്ടിൽ അബദ്ധത്തിൽ പോലും നട്ടുപിടിപ്പിക്കരുത്, ശ്രദ്ധിക്കുക
സൌഖ്യദു:ഖങ്ങള്‍ സഹജമേവര്‍ക്കുമേ
നീക്കാവതല്ല സുരാസുരന്മാരാലും
ലോകേ സുഖാനന്തരംദു:ഖമായ് വരു-
മാകുലമില്ല ദു:ഖാനന്തരം സുഖം
നൂനം ദിനരാത്രി പോലെ ഗതാഗതം
മാനസേചിന്തിക്കിലത്രയുമല്ലെടോ!
ദു:ഖമദ്ധ്യേ സുഖമായും വരും പിന്നെ-
പിന്നെ ദു:ഖം സുഖമദ്ധ്യസംസ്ഥമായും വരും
രണ്ടുമന്യോന്യസംയുക്തമായേവനു-
മുണ്ടു ജലപങ്കമെന്നപോലെ സഖേ!
ആകയാല്‍ ധൈര്യേണ വിദ്വജ്ജനം ഹൃദി
ശോകഹര്‍ഷങ്ങള്‍ കൂടാതെ വസിക്കുന്നു
ഇഷ്ടമായുള്ളതു തന്നെ വരുമ്പോഴു-
മിഷ്ടമില്ലാത്തതു തന്നെ വരുമ്പോഴും
തുഷ്ടാത്മനാ മരുവുന്നു ബുധജനം
ദൃഷ്ടമെല്ലാം മഹാമായേതി ഭാവനാല്‍’
ഇത്ഥം ഗുഹനും സുമിത്രാത്മജനുമായ്
വൃത്താന്തഭേദം പറഞ്ഞുനില്‍ക്കുന്നേരം
മിത്രനുദിച്ചിതു സത്വരം രാഘവന്‍
നിത്യകര്‍മ്മങ്ങളും ചെയ്തരുളിച്ചെയ്തു
‘തോണി വരുത്തുകെ’ന്നപ്പോള്‍ ഗുഹന്‍ നല്ല-
തോണിയും കൊണ്ടുവന്നാശു വണങ്ങിനാന്‍
‘സ്വാമിന്നിയം ദ്രോണികാ സമാരുഹ്യതാം
സൌമിത്രിണാ ജനകാത്മജയാ സമം
തോണി തുഴയുന്നതുമടിയന്‍ തന്നെ
മാനവവീര! മമ പ്രാണവല്ലഭ!‘
ശൃംഗിവേരാധിപന്‍ വാക്കു കേട്ടന്നേരം
മംഗലദേവതയാകിയ സീതയെ
കയ്യും പിടിച്ചു കരേറ്റി ഗുഹനുടെ
കയ്യും പിടിച്ചു താനും കരേറിനാന്‍
ആയുധമെല്ലാമെടുത്തു സൌമിത്രിയു-
മായതമായൊരു തോണി കരേറിനാന്‍
ജ്ഞാതിവര്‍ഗ്ഗത്തോടു കൂടെ ഗുഹന്‍ പര-
മാദരവോടു വഹിച്ചിതു തോണിയും
മംഗലാപാംഗിയാം ജാനകീദേവിയും
ഗംഗയെ പ്രാര്‍ത്ഥിച്ചു നന്നായ് വണങ്ങിനാള്‍:
‘ഗംഗേ! ഭഗവതീ! ദേവീ! നമോസ്തുതേ!
സംഗേന ശംഭു തന്‍ മൌലിയില്‍ വാഴുന്ന
സുന്ദരീ! ഹൈമവതീ! നമസ്തേ നമോ
മന്ദാകിനീ! ദേവീ! ഗംഗേ! നമോസ്തു തേ!
ഞങ്ങള്‍ വനവാസവും കഴിഞ്ഞാദരാ-
ലിങ്ങുവന്നാല്‍ ബലിപൂജകള്‍ നല്‍കുവന്‍
രക്ഷിച്ചുകൊള്‍ക നീയാപത്തു കൂടാതെ
ദക്ഷാരിവല്ലഭേ! ഗംഗേ! നമോസ്തുതേ!
ഇത്തരം പ്രാര്‍ത്ഥിച്ചു വന്ദിച്ചിരിക്കവേ
സത്വരം പാരകൂലം ഗമിച്ചീടിനാര്‍
തോണിയില്‍ നിന്നു താഴ്ത്തിറങ്ങി ഗുഹന്‍
താണുതൊഴുതപേക്ഷിച്ചാന്‍ മനോഗതം
‘കൂടെവിടകൊള്‍വതിനടിയനുമൊ-
രാടല്‍ കൂടാതെയനുജ്ഞ നല്‍കീടണം
പ്രാണങ്ങളെക്കളഞ്ഞീടുവനല്ലായി-
ലേണാംക ബിംബാനന! ജഗതീപതേ!‘
നൈഷാദവാക്യങ്ങള്‍ കേട്ടു മനസി സ-
ന്തോഷേണ രാഘവനേവമരുള്‍ ചെയ്തു:
‘സത്യം പതിന്നാലു സംവത്സരം വിപി-
നത്തില്‍ വസിച്ചു വരുവന്‍ വിരവില്‍ ഞാന്‍
ചിത്തവിഷാദമൊഴിഞ്ഞു വാണീടു നീ
സത്യവിരോധം വരാ രാമഭാഷിതം’
ഇത്തരമോരോവിധമരുളിച്ചെയ്തു
ചിത്തമോദേന ഗാഢാശ്ലേഷവും ചെയ്തു
ഭക്തനെപ്പോകെന്നയച്ചു രഘുത്തമന്‍
ഭക്ത്യാ നമസ്കരിച്ചഞ്ജലിയും ചെയ്തു
മന്ദമന്ദം തോണിമേലേ ഗുഹന്‍ വീണ്ടു
മന്ദിരം പുക്കു ചിന്തിച്ചു മരുവിനാന്‍.
ഭരദ്വാജാശ്രമപ്രവേശം
വൈദേഹി തന്നോടു കൂടവേ രാഘവന്‍
സോദരനോടുമൊരുമൃഗത്തെക്കൊന്നു
സാദരം ഭുക്ത്വാ സുഖേന വസിച്ചിതു
പാദപമൂലേ ദളാഢ്യതല്‍പ്പസ്ഥലേ
മാര്‍ത്താണ്ഡദേവനുദിച്ചോരനന്തരം
പാര്‍ത്ഥിവനര്‍ഘ്യാദി നിത്യകര്‍മ്മം ചെയ്തു
ചെന്നുഭരദ്വാജനായ തപോധനന്‍
തന്നാശ്രമപദത്തിന്നടുത്താദരാല്‍
ചിത്തമോദത്തോടിരുന്നോരു നേരത്തു
തത്ര കാണായിതൊരുവടു തന്നെയും
അപ്പോളവനോടരുള്‍ ചെയ്തു രാഘവന്‍:
‘ഇപ്പൊഴേ നീ മുനിയോടുണര്‍ത്തിക്കണം
രാമന്‍! ദശരഥനന്ദനനുണ്ടു തന്‍
ഭാമിനിയോടുമനുജനോടും വന്നു
പാര്‍ത്തിരിയ്ക്കുന്നജുടജാന്തികേയെന്ന
വാര്‍ത്ത വൈകാതെയുണര്‍ത്തിക്ക‘യെന്നപ്പോള്‍
താപസശ്രേഷ്ഠനോടാബ്രഹ്മചാരി ചെ-
ന്നാഭോഗസന്തോഷമോടു ചൊല്ലീടിനാന്‍:
Also Read: Ramayana Masam 2021: ഇതാണ് രാമായണത്തിലെ ഏറ്റവും മഹത്തായ ശ്ലോകം
‘ആശ്രമോപാന്തെ ദശരഥപുത്രനു-
ണ്ടാശ്രിത വത്സല! പാര്‍ത്തിരുന്നീടുന്നു’
ശ്രുത്വാ ഭരദ്വാജനിത്ഥം സമുത്ഥായ ഹസ്തേ
സമാദായ സാര്‍ഘ്യ പാദ്യാദിയും
ഗത്വാ രഘുത്തമ സന്നിധൌ സത്വരം
ഭക്ത്യൈവ പൂജയിത്വാ സഹലക്ഷ്മണം
ദൃഷ്ട്വാ രമാവരം രാമം ദയാപരം
തുഷ്ട്യാ പരമാനന്ദാബ്ധൌ മുഴുകിനാന്‍
ദാശരഥിയും ഭരദ്വാജപാദങ്ങ-
ളാശു വണങ്ങിനാന്‍ ഭാര്യാനുജാന്വിതം
ആശിര്‍വചനപൂര്‍വ്വം മുനിപുംഗവ-
നാശയാനന്ദമിയന്നരുളിച്ചെയ്തു:
‘പാദരജസാ പവിത്രയാക്കീടു നീ
വേദാത്മക! മമ പര്‍ണശാലാമിമാ’
ഇത്ഥമുക്ത്വോടജമാനീയ സീതയാ
സത്യസ്വരൂപം സഹാനുജം സാദരം
പൂജാവിധാനേന പൂജിച്ചുടന്‍ ഭര-
ദ്വാജതപോധനശ്രേഷ്ഠനരുള്‍ ചെയ്തു:
‘നിന്നോടു സംഗമമുണ്ടാകകാരണ-
മിന്നുവന്നു തപസ്സാഫല്യമൊക്കവേ
ജ്ഞാതം മയാ തവോദന്തം രഘുപതേ!
ഭൂതമാഗാമികം വാ കരുണാനിധേ!
ഞാനറിഞ്ഞേന്‍ പരമാത്മാ ഭവാന്‍ കാര്യ-
മാനുഷനായിതു മായയാ ഭൂതലേ
ബ്രഹ്മണാ പണ്ടു സംപ്രാര്‍ത്ഥിതനാകയാല്‍
ജന്മമുണ്ടായതു യാതൊന്നിനെന്നതും
കാനനവാസാവകാശമുണ്ടായതും
ഞാനറിഞ്ഞീടിനേനിന്നതിനെന്നെടോ!
ജ്ഞാനദൃഷ്ട്യാ തവ ധ്യാനൈകജാതയാ
ജ്ഞാനമൂര്‍ത്തേ! സകലത്തേയും കണ്ടു ഞാന്‍
എന്തിനു ഞാന്‍ വളരെപ്പറഞ്ഞീടുന്നു
സന്തുഷ്ടബുദ്ധ്യാ കൃതാര്‍ത്ഥനായേനഹം
ശ്രീപതി രാഘവന്‍ വന്ദിച്ചു സാദരം
താപസശ്രേഷ്ഠനോടേവമരുള്‍ ചെയ്തു”:
ക്ഷത്രബന്ധുക്കളായുള്ളോരു ഞങ്ങളെ-
ച്ചിത്തമോദത്തോടനുഗ്രഹിക്കേണമേ!‘
ഇത്ഥമന്യോന്യമാഭാഷണവും ചെയ്തു
തത്ര കഴിഞ്ഞിതു രാത്രി മുനിയുമായ്.
വാല്മീക്യാശ്രമപ്രവേശം
ഉത്ഥാനവും ചെയ്തുഷസി മുനിവര-
പുത്രരായുള്ള കുമാരകന്മാരുമായ്
ഉത്തമമായ കാളീന്ദിനദിയേയു-
മുത്തീര്യ താപസാദിഷ്ടമാര്‍ഗ്ഗേണ പോയ്
ചിത്രകൂടാദ്രിയെ പ്രാപിച്ചിതു ജവാല്‍
തത്ര വാല്‍മീകി തന്നാശ്രമം നിര്‍മ്മലം
നാനാമുനികുല സങ്കുലം കേവലം
നാനാമൃഗദ്വിജാകീര്‍ണം മനോഹരം
ഉത്തമ വൃക്ഷലതാപരിശോഭിതം
നിത്യകുസുമഫലദലസംയുതം
തത്ര ഗത്വാ സമാസീനം മുനികുല-
സത്തമം ദൃഷ്ട്വാ നമസ്കരിച്ചീടിനാന്‍
രാമം രമാവരം വീരം മനോഹരം
കോമളം ശ്യാമളം കാമദം മോഹനം
കന്ദര്‍പ്പ സുന്ദരമിന്ദീവരേക്ഷണ-
മിന്ദ്രാദിവൃന്ദാര കൈരഭി വന്ദിതം
ബാണതൂണീര ധനുര്‍ദ്ധരം വിഷ്ടപ-
ത്രാണ നിപുണം ജടാമകുടോജ്ജ്വലം
ജാനകീലക്ഷ്മണോപേതം രഘൂത്തമം
മാനവേന്ദ്രം കണ്ടു വാല്‍മീകിയും തദാ
സന്തോഷബാഷ്പാകുലാക്ഷനായ് രാഘവന്‍
തന്‍ തിരുമേനി ഗാഢം പുണര്‍ന്നീടിനാന്‍
നാരായണം പരമാനന്ദവിഗ്രഹം
കാര്‍ണ്യപീയൂഷസാഗരം മാനുഷം
പൂജയിത്വാ ജഗത്പൂജ്യം ജഗന്മയം
രാജീവലോചനം രാജേന്ദ്ര ശേഖരം
ഭക്തിപൂണ്ടര്‍ഘ്യപാദ്യാദികള്‍കൊണ്ടഥ
മുക്തിപ്രദനായ നാഥനു സാദരം
പക്വമധുരമധുഫലമൂലങ്ങ-
ളൊക്കെ നിവേദിച്ചു ഭോജനാര്‍ത്ഥം മുദാ
ഭുക്ത്വാ പരിശ്രമം തീര്‍ത്തു രഘുവരന്‍
നത്വാ മുനിവരന്‍ തന്നോടരുള്‍ ചെയ്തു
താതാജ്ഞയാ വനത്തിന്നു പുറപ്പെട്ടു
ഹേതുവോ ഞാന്‍ പറയേണമെന്നില്ലല്ലോ?
വേദാന്തിനാം ഭവാനതറിയാമല്ലോ
യാതൊരിടത്തു സുഖേന വസിക്കാവൂ
സീതയോടും കൂടിയെന്നരുള്‍ ചെയ്യേണം
ഇദ്ദിക്കിലൊട്ടുകാലം വസിച്ചീടുവാന്‍
ചിത്തേ പെരികയുണ്ടാശ മഹാമുനേ!
ഇങ്ങനെയുള്ള ദിവ്യന്മാരിരിക്കുന്ന
മംഗലദേശങ്ങള്‍ മുഖ്യവാസോചിതം’
എന്നതു കേട്ടു വാല്‍മീകി മഹാമുനി
മന്ദസ്മിതം ചെയ്തിവണ്ണമരുള്‍ ചെയ്തു:
Also Read: Ramayana Masam 2021: രാമായണ പാരായണത്തിന് അനുഷ്ഠിക്കേണ്ട ചിട്ടകൾ അറിയാം
‘സര്‍വ്വ ലോകങ്ങളും നിങ്കല്‍ വസിക്കുന്നു
സര്‍വ്വലോകേഷു നീയും വസിക്കുന്നു
ഇങ്ങനെ സാധാരണം നിവാസസ്ഥല-
മങ്ങനെയാകയാലെന്തു ചൊല്ലാവതും
സീതാസഹിതനായ് വാഴുവാനിന്നൊരു
ദേശം വിശേഷിച്ചു ചോദിക്ക കാരണം
സൌഖ്യേന തേ വസിപ്പാനുള്ള മന്ദിര-
മാഖ്യാവിശേഷേണ ചൊല്ലുന്നതുണ്ടു ഞാന്‍
സന്തുഷ്ടരായ് സമസൃഷ്ടികളായ് ബഹു-
ജന്തുക്കളില്‍ ദ്വേഷഹീനമതികളായ്
ശാന്തരായ് നിന്നെബ്ഭജിപ്പവര്‍ നമ്മുടെ
സ്വാന്തം നിനക്കു സുഖവാസമന്ദിരം
നിത്യധര്‍മ്മാധര്‍മ്മമെല്ലാമുപേക്ഷിച്ചു
ഭക്ത്യാ ഭവാനെബ്ഭജിക്കുന്നവരുടെ
ചിത്തസരോജം ഭവാനിരുന്നീടുവാ-
നുത്തമമായ് വിളങ്ങീടുന്ന മന്ദിരം
നിത്യവും നിന്നെശ്ശരണമായ് പ്രാപിച്ചു
നീര്‍ദ്വന്ദ്വരായ് നിസ്പൃഹരായ് നിരീഹരായ്
ത്വന്മന്ത്രജാപകരായുള്ള മാനുഷര്‍
തന്മന:പങ്കജം തേ സുഖമന്ദിരം
ശാന്തന്മാരായ് നിരഹങ്കാരികളുമായ്
ശാന്ത രാഗദ്വേഷമാനസന്മാരുമായ്
ലോഷ്ടാശ്മകാഞ്ചന തുല്യമതികളാം
ശ്രേഷ്ടമതികള്‍ മനസ്തവ മന്ദിരം
നിങ്കല്‍ സമസ്തകര്‍മ്മങ്ങള്‍ സമര്‍പ്പിച്ചു
നിങ്കലേ ദത്തമായോരു മനസ്സൊടും
സന്തുഷ്ടരായ് മരുവുന്നവര്‍ മാനസം
സന്തതം തേ സുഖവാസായ മന്ദിരം
ഇഷ്ടം ലഭിച്ചിട്ടു സന്തോഷമില്ലൊട്ടു-
മിഷ്ടേതരാപ്തിക്കനുതാപവുമില്ല
സര്‍വവും മായേതി നിശ്ചിന്ത്യ വാഴുന്ന
ദിവ്യമനസ്തവ വാസായ മന്ദിരം
ഷഡ്ദ്ഭാവഭേദവികാരങ്ങളൊക്കെയു-
മുള്‍പ്പൂവിലോര്‍ക്കിലോ ദേഹത്തിനേയുള്ളൂ
ക്ഷുത്തൃഡ്ഭവസുഖദു:ഖാദി സര്‍വവും
ചിത്തേവിചാരിക്കിലാത്മാവിനില്ലേതും
ഇത്ഥമുറച്ചു ഭജിക്കുന്നവരുടെ
ചിത്തം തവ സുഖവാസായ മന്ദിരം
യാതൊരുത്തന്‍ ഭവന്തം പരംചിദ്ഘനം
വേദസ്വരൂപമനന്തമേകം സതാം
വേദാന്തവേദമാദ്യം ജഗദ്കാരണം
നാദാന്തരൂപം പരബ്രഹ്മമച്യുതം
സര്‍വഗുഹാശയത്വം സമസ്താധാരം
സര്‍വഗതം പരാത്മാനമലേപകം
വാസുദേവം വരദം വരേണ്യം ജഗ-
ദ്വാസിനാമാത്മനാ കാണുന്നതും സദാ
തസ്യചിത്തേ ജനകാത്മജയാ സമം
നിസ്സംശയം വസിച്ചീടുക ശ്രീപതേ!
സന്തതാഭ്യാസദൃഢീകൃതചേതസാം
സന്തതം ത്വല്പാദസേവാരതാത്മനാം
അന്തര്‍ഗതനായ് വസിക്കനീ സീതയാ
ചിന്തിത ചിന്താമണേ! ദയാവാരിധേ!
കര്‍ക്കടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്‌തി പകരാനുള്ള വഴിയാണ് രാമായണ മാസാചരണം. ആദ്യന്തം ദുഃഖം നിറഞ്ഞതാണ് രാമകഥ. അവതാര പുരുഷനുപോലും വേദനകളിലൂടെ കടന്നു പോകേണ്ടിവന്നു. അതിനു മുന്നില്‍ സാധാരണ മനുഷ്യരുടെ ആകുലതകള്‍ക്ക് എന്തു പ്രസക്‌തിയാണുള്ളതെന്ന ചിന്തയാണ് രാമായണ പാരായണത്തിലൂടെ നമുക്ക് മനസിലാക്കാൻ കഴിയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...