Maha Shivaratri 2022: ഭക്തിയുടെ നിറവിൽ ഇന്ന് മഹാശിവരാത്രി; വ്രതം അനുഷ്ഠിച്ചോളൂ ഫലം നിശ്ചയം
Maha Shivaratri 2022: ഹൈന്ദവരുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ശിവരാത്രി. ഇത് ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളിൽ പ്രധാനമായ ഒന്നാണ്. മഹാവ്രതം എന്നറിയപ്പെടുന്ന ഈ വ്രതം വർഷത്തിലൊരിക്കൽ മാത്രമാണ് വരുന്നത്.
Maha Shivaratri 2022: ഹൈന്ദവരുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ശിവരാത്രി. ഇത് ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളിൽ പ്രധാനമായ ഒന്നാണ്. മഹാവ്രതം എന്നറിയപ്പെടുന്ന ഈ വ്രതം വർഷത്തിലൊരിക്കൽ മാത്രമാണ് വരുന്നത്. സകലപാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും കളിയാടുമെന്നാണ് കണക്കാക്കുന്നത്.
മറ്റ് വ്രതങ്ങളൊന്നും അനുഷ്ഠിക്കാത്തവര്‍ ശിവരാത്രിവ്രതം മാത്രം അനുഷ്ഠിക്കുന്നത് സകലവ്രതങ്ങളുമനുഷ്ഠിച്ച ഫലമുണ്ടാകുമെന്നാണ് പറയുന്നത്. ഭക്തിയോടുകൂടിയുള്ള വ്രതാനുഷ്ഠാനം അവനവനും ജീവിതപങ്കാളിയ്ക്കും ദീര്‍ഘായുസ്സുണ്ടാവാൻ ഉത്തമമാണെന്നും വിശ്വാസമുണ്ട്.
Also Read: Horoscope March 01, 2022: മഹാശിവരാത്രി ദിനമായ ഇന്ന് ഈ രാശിക്കാർക്ക് നല്ലതായിരിക്കും
കുംഭമാസത്തിലെ കൃഷ്ണചതുർദ്ദശിയിലാണ് ശിവരാത്രി വരുന്നത്. ഈ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. വ്രത ശുദ്ധിയോടെ ശിവ പൂജകളുമായി ഉപവാസമിരിക്കുന്നതിന് പുറമെ ഉറക്കമിളയ്ക്കുന്നതും ശിവരാത്രിയുടെ പ്രധാന ആചാരങ്ങളിലുള്ളതാണ്. ഇന്നേ ദിനം ഉറങ്ങാതിരിക്കുന്നവർ ഇതിലൂടെ സർവ്വ പാപങ്ങളും കഴുകി കളയും എന്നൊരു വിശ്വാസവുമുണ്ട്.
ശിവരാത്രിയ്ക്ക് പിന്നില്‍ നിരവധി കഥകളുണ്ട്. അതില്‍ പ്രധാനം പാലാഴി മഥനം നടത്തിയപ്പോൾ പുറത്തുവന്ന കാളകൂടവിഷം ലോക രക്ഷാർത്ഥം ശ്രീ പരമേശ്വരൻ പാനം ചെയ്തുവെന്നതാണ്. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവതീ ദേവി അദ്ദേഹത്തിന്‍റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും എന്നാല്‍ വായിൽ നിന്നു പുറത്തു പോകാതിരിക്കാൻ ഭഗവാൻ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഇതിൽ നിന്നും മഹാദേവന് നീലകണ്ഠൻ എന്ന നാമധേയവും ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ പാർവ്വതീദേവി ഉറക്കമിളച്ചിരുന്നു പ്രാർത്ഥിച്ച ദിവസമാണ് നമ്മള്‍ ശിവരാത്രിയായി ആചരിക്കുന്നത്. ഇതുകൂടാതെ ഉത്തരേന്ത്യയിൽ ഇന്ന് ശിവന്റെയും പാർവ്വതിയുടെയും വിവാഹദിനമാണ് എന്ന ഒരു വിശ്വാസവുമുണ്ട്.
Also Read: Mahashivratri 2022: മഹാശിവരാത്രിയിൽ മഹാസംയോഗം, ഈ 4 രാശിക്കാർക്ക് വൻ ധനലാഭം!
വ്രതം അനുഷ്ഠിക്കേണ്ടത് തലേന്ന് ഒരിക്കലോടെയാണ്. അതായത് തലേന്ന് വൈകുന്നേരം അരിയാഹാരം പാടില്ല. ശിവരാത്രി നാളിൽ അതിരാവിലെ ഉണർന്ന് ശരീരശുദ്ധി വരുത്തി "ഓം നമശിവായ" ജപിച്ചു ഭസ്മധാരണം നടത്തിയ ശേഷം ശിവക്ഷേത്ര ദർശനം നടത്തണം. ശേഷം അവിടെ വിധിവിദാനത്തിലുള്ള പൂജകൾ നടത്തണം.
ശിവരാത്രി ദിനത്തിൽ പൂർണ ഉപവാസമാണ് അനുഷ്ഠിക്കേണ്ടത്. അതിനു സാധിക്കാത്തവർ ക്ഷേത്രത്തിൽ നിന്നുളള നിവേദ്യമോ കരിക്കിൻ വെളളമോ പഴമോ കഴിക്കാവുന്നതാണ്. അന്നേദിവസം ശിവപ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കണം അതിൽ പ്രധാനം ദാനമാണ്.
അതുപോലെ ഇന്നേ ദിനം ഭഗവാന്‍റെ പ്രിയ വൃക്ഷമായ കൂവളം നനയ്ക്കുന്നതും പരിപാലിക്കുന്നതും ശിവപ്രീതികരമാണെന്നും വിശ്വാസമുണ്ട്. രാത്രി പൂർണമായി ഉറക്കമിളച്ചു വേണം ശിവരാത്രി വ്രതം അനുഷ്ഠിക്കാൻ. പിറ്റേന്ന് കുളിച്ചു ക്ഷേത്രത്തിലെ തീർഥം സേവിച്ച് പാരണ വിടാം.
Also Read: Mahashivratri 2022: മഹാശിവരാത്രി ദിനത്തിൽ ഇക്കാര്യം ചെയ്യു... ലഭിക്കും ആഗ്രഹിച്ച ജോലി
ഇന്ന് കഴിയുന്നത്ര തവണ പഞ്ചാക്ഷരീ മന്ത്രജപം ജപിക്കുന്നത് സകല പാപങ്ങളും കഴുകിക്കളഞ്ഞു മനസ് ശുദ്ധമാക്കും. ശിവ പഞ്ചാക്ഷരസ്തോത്രം, ബില്വാഷ്‌ടകം, ശിവാഷ്ടകം, ശിവസഹസ്രനാമം, ശിവപുരാണപാരായണം, ഉമാമഹേശ്വരസ്‌തോത്രം, പഞ്ചാക്ഷരീ മന്ത്രം എന്നിവ ഭക്തിപൂർവം ചൊല്ലുന്നതും ഉത്തമം.
സൂര്യോദയത്തിനുമുന്നെ കുളികഴിഞ്ഞു നിലവിളക്കു തെളിയിച്ച ശേഷം ഗായത്രിമന്ത്രം ജപിക്കുന്നതിനോടൊപ്പം ശിവ ഗായത്രി ജപിക്കുന്നത് നല്ലതാണ്. ക്ഷിപ്രകോപിയായ ഭഗവാനെ ശാന്തസ്വരൂപനാക്കുന്നതിന് ശിവാഷ്ടകവും ജപിക്കാം. ശിവാഷ്ടകം നിത്യേന ജപിക്കുന്നത് ജീവിതത്തിലെ പ്രതിസന്ധിയെല്ലാം നീങ്ങി സുഗമമായി മുന്നോട്ടു പോവാൻ ഉത്തമമാണെന്ന വിശ്വാസവും ഉണ്ട്.
Also Read: Maha Shivratri 2022: ഈ 4 രാശിക്കാർക്ക് എപ്പോഴും ഉണ്ടാകും മഹാദേവന്റെ കൃപ
ശിവനും ശക്തിയും ഒന്നാണ്. അതുകൊണ്ടുതന്നെ ശക്തിസ്വരൂപിണിയായ ദേവിയില്ലെങ്കിൽ ശിവനില്ല എന്നാണ് പുരാണസങ്കല്പം. അതുകൊണ്ടുതന്നെ വിവാഹതടസ്സം, ദാമ്പത്യ ക്ലേശങ്ങള്‍ എന്നിവ മാറാൻ ഉമാ മഹേശ്വര സ്തോത്രം ഭജിക്കുന്നതും ഉത്തമം. ശിവരാത്രി ദിനത്തിൽ കൂവളത്തില സമർപ്പിക്കുന്നതും പ്രധാന ആചാരമാണ്.
ഭക്തിനിർഭരമായ ശിവരാത്രി ദിനത്തിൽ ഏവർക്കും സീ മലയാളം ന്യൂസിന്റെ ശിവരാത്രി ആശംസകൾ...
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.