രാമായണ മാസമായ കര്‍ക്കിടകത്തിലെ നാലമ്പല തീർത്ഥാടനം ഏറെ പ്രസിദ്ധമാണ്. നാലമ്പലങ്ങള്‍ എന്നാല്‍ ദശരഥപുത്രന്മാരുടെ പ്രതിഷ്ഠ ഉള്ള നാല് ക്ഷേത്രങ്ങള്‍ എന്നർത്ഥം.  കൌസല്യാ പുത്രനായ ശ്രീരാമന്‍ കൈകേയിയുടെ പുത്രനായ ഭരതന്‍ സുമിത്രയുടെ പുത്രന്മാരായ ലക്ഷ്മണനും ശത്രുഘ്നനും അടങ്ങുന്ന നാലുപേരേയും ഒരേ ദിനം ദർശനം നടത്താൻ കഴിഞ്ഞാൽ മഹാപുണ്യം.   


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രീരാമ ക്ഷേത്രം തൃശൂര്‍ ജില്ലയിലെ തൃപ്രയാറിലും, ഭരതക്ഷേത്രം (കൂടല്‍മാണിക്യം) തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലും ലക്ഷ്മണക്ഷേത്രം എറണാകുളം ജില്ലയിലെ ( തൃശൂര്‍ - എറണാകുളം അതിര്‍ത്തി) മൂഴിക്കുളം എന്ന സ്ഥലത്തും ശത്രുഘ്നക്ഷേത്രം തൃശൂര്‍ ജില്ലയിലെ പായമ്മല്‍ എന്ന സ്ഥലത്തും സ്ഥിതി ചെയ്യുന്നു. 


Also read: ലക്ഷ്മി ദേവിയ്ക്ക് മുന്നിൽ നെയ്യ് വിളക്ക് തെളിയിക്കുന്നത് ഉത്തമം... 


ദ്വാപരയുഗത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദാശരഥീവിഗ്രഹങ്ങളെ പൂജിച്ചിരുന്നതായി പറയപ്പെടുന്നു. ദ്വാരക കടലിൽ മുങ്ങിയതോടെ ഈ വിഗ്രഹങ്ങളെ സാഗരം ഏറ്റെടുക്കുകയും അവ ഒഴുകിനടക്കുകയും ചെയ്തു. ഒരു ദിവസം ഇവിടത്തെ പ്രഭുവായിരുന്ന വാക്കയില്‍ കൈമളിന് സ്വപ്നത്തില്‍ ഇതിനെക്കുറിച്ച്‌ അരുളപ്പാട് ഉണ്ടാവുകയും അടുത്ത ദിവസം തന്നെ അദ്ദേഹം ഇതിനെക്കുറിച്ച്‌ അന്വേഷണം നടത്തുകയും ചെയ്തു. തത്സമയം തന്നെ അവിടെയുള്ള മുക്കുവര്‍ക്ക് വലയില്‍ ഈ വിഗ്രഹങ്ങള്‍ ലഭിക്കുകയും ചെയ്തു. 


അരുളപ്പാട് സത്യമായി ഭവിച്ചതിനാല്‍ കൈമള്‍ പ്രമുഖജ്യോതിഷികളെ വരുത്തുകയും അവര്‍ ഈ വിഗ്രഹങ്ങള്‍ നാലിടത്തായി പ്രതിഷ്ഠിക്കാന്‍ പറയുകയും ചെയ്തു. അതുപ്രകാരം ശ്രീരാമവിഗ്രഹം തീവ്രാനദിക്കരയിലും (ഇന്നത്തെ തൃപ്രയാര്‍ പുഴ) ഭരതവിഗ്രഹം കുലീപനിതീര്‍ഥക്കരയിലും ലക്ഷ്മണവിഗ്രഹം പൂര്‍ണ്ണാനദിക്കരയിലും (പെരിയാര്‍) ശത്രുഘ്ന വിഗ്രഹം പായമ്മല്‍ എന്ന സ്ഥലത്തും സ്ഥാപിച്ചുവെന്നാണ് ഐതീഹ്യം. 


നാല് ക്ഷേത്രങ്ങളിലും ഒരേ ദിവസം ദര്‍ശനം നടത്തുന്നത് അതിവിശിഷ്ടമായാണ് കണക്കാക്കുന്നത്. ദോഷപരിഹാരങ്ങള്‍ക്കും സന്താനലബ്ധിക്കുമായി ഭക്തര്‍ നാലമ്പലദര്‍ശനം നടത്തിവരുന്നു. രാവിലെയും വൈകീട്ടും നാലമ്പലദര്‍ശനം നടത്തുന്നുണ്ടെങ്കിലും രാവിലെ നടത്തുന്നതാണ് നല്ലതെന്നാണ് വിശ്വാസം.  മാത്രമല്ല നാല് ക്ഷേത്രങ്ങളും തമ്മില്‍ സാമാന്യം ദൂരവും ഉള്ളതുകൊണ്ട് രാവിലെ ദർശനം തുടങ്ങുന്നതാണ് നല്ലത്. അവസാന അമ്പലവും പിന്നിടാന്‍ ഉച്ചയാകും.   


Also read: മൃത്യുഞ്ജയ മന്ത്രം ജപിക്കുന്നത് നല്ലത്.. 


ആദ്യകാലങ്ങളില്‍ നാലാമത്തെ അമ്പലദര്‍ശനം കഴിഞ്ഞാല്‍ നാലമ്പലദര്‍ശനം പൂര്‍ത്തിയായതായി കരുതുമായിരുന്നു. എന്നാല്‍ കുറെ വര്‍ഷങ്ങളായി മറ്റൊരു രീതി കണ്ടുവരുന്നു. അവസാന ക്ഷേത്രമായ ശത്രുഘ്നക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞാല്‍ വീണ്ടും ഒരിക്കല്‍ക്കൂടി തൃപ്രയാറില്‍ വന്ന് ശ്രീരാമനെ തൊഴണം എന്നും പറയുന്നു. എങ്കിലും ഞായര്‍ പോലുള്ള ദിവസങ്ങളില്‍ അതിരാവിലെ ഇറങ്ങിയവര്‍ക്ക് മാത്രമേ ഉച്ചക്ക് നട അടക്കുന്നതിനു മുന്‍പ് വീണ്ടും തൃപ്രയാറില്‍ വരുന്ന കാര്യം നടക്കാറുള്ളൂ.


എന്തായാലും എ വർഷത്തെ കോറോണ മഹാമാരി കാരണം നാലമ്പലം പോയിട്ട് ഓർ അമ്പലത്തിൽ പോലും പോകാൻ വയ്യാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത് എന്നത് വലിയൊരു സത്യമാണ്.  'കര്‍ക്കടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു' എന്നൊരു ചൊല്ലു തന്നെ ഉണ്ട്.  അതുകൊണ്ടുതന്നെ ഈ കർക്കിടകം കഴിയുന്നതോടെ എല്ലാ മഹാമാരിയും ഒഴിഞ്ഞു പോകട്ടെയെന്ന് നമുക്കും പ്രാർത്ഥിക്കാം.