Success story: 30 ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് സമൂസ വിൽക്കാനിറങ്ങി: യുവദമ്പതികളുടെ പ്രതിദിന വരുമാനം കേട്ടാൽ ഞെട്ടും!
സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്നം സാക്ഷാത്കരിക്കാനായി ഇറങ്ങിത്തിരിച്ച ബംഗളൂരുവിലെ യുവദമ്പതികളുടെ വിജയകഥ ഏവർക്കും പ്രചോദനമാകുന്ന ഒന്നാണ്.
ദക്ഷിണേന്ത്യയിൽ ഏറെ പ്രചാരമുള്ള ലഘുഭക്ഷണങ്ങളിൽ ഒന്നാണ് സമൂസ. ഏവരും ഇഷ്ടപ്പെടുന്ന സമൂസ ചിലരുടെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. അത്ഭുതപ്പെട്ടിട്ട് കാര്യമില്ല, സംഭവം സത്യമാണ്. ബംഗളൂരുവിലെ യുവദമ്പതികളാണ് സമൂസ വിൽപ്പനയിലൂടെ കോടികൾ സമ്പാദിക്കുന്നത്. ലക്ഷങ്ങൾ ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് സ്വന്തം സംരംഭം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ യുവദമ്പതികളുടെ കഥ ഏവർക്കും പ്രചോദനമാകുന്ന ഒന്നാണ്.
നിധി സിംഗും ഭർത്താവായ ശിഖർ വീർ സിംഗുമാണ് സമൂസ വിൽപ്പനയിലൂടെ ഓരോ ദിവസവും അമ്പരപ്പിക്കുന്ന വരുമാനം നേടുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി ഇരുവരും വിജയകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ്. ഹരിയാനിൽ ബയോടെക്നോളജിയിൽ ബി-ടെക് ചെയ്യുന്നതിനിടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയത്തിലേയ്ക്കും വിവാഹത്തിലേയ്ക്കും എത്തുകയായിരുന്നു. 17,000 രൂപയ്ക്കാണ് നിധി സിംഗ് ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നത്. പിന്നീട് പ്രതിമാസം 30 ലക്ഷം രൂപ ശമ്പളത്തിൽ ഗുരുഗ്രാമിലെ ഒരു ഫാർമ കമ്പനിയിൽ ബിസിനസ് ഡെവലപ്മെൻ്റ് അസോസിയേറ്റായി നിധി പ്രവർത്തിച്ചിരുന്നു.
അതേസമയം, ഒരു ശാസ്ത്രജ്ഞനാകണമെന്നായിരുന്നു ശിഖർ വീർ സിംഗിൻ്റെ ആഗ്രഹം. ഇതിനായി ഹൈദരാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസസിൽ അദ്ദേഹം എം ടെക് പൂർത്തിയാക്കിയിരുന്നു. എന്നാൽ, 2015ൽ നിധിയും ശിഖറും അവരുടെ ജോലി രാജിവെച്ചു. സ്വന്തമായി ഒരു സംരംഭം ആരംഭിക്കുക സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് വേണ്ടിയാണ് ഇരുവരും ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്. ശിഖർ സിംഗാണ് സമൂസ വിൽപ്പന എന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത്. എന്നാൽ, ഭർത്താവിന്റെ സമൂസ വിൽപ്പന എന്ന ആശയത്തോട് നിധിയ്ക്ക് ആദ്യം യോജിപ്പുണ്ടായിരുന്നില്ല. പിന്നീട് ഒരിക്കൽ ഒരു ഫുഡ് കോർട്ടിൽ വെച്ച് സമൂസയ്ക്ക് വേണ്ടി കരയുന്ന കുട്ടിയെ കണ്ടതോടെയാണ് ഇരുവരും വീണ്ടും സമൂസ വിൽപ്പന എന്ന ആശയത്തിലേയ്ക്ക് എത്തിയത്. ഇതോടെ നിധിയും ഭർത്താവിനൊപ്പം ഉറച്ചുനിന്നു.
സമൂസ വിൽക്കാനായി ബംഗളൂരുവിൽ 'സമൂസ സിംഗ്'എന്ന പേരിൽ ഇരുവരും ഒരു സ്ഥാപനം തുടങ്ങി. 2015ലാണ് നിധിയും ശിഖറും ഈ സ്ഥാപനം ആരംഭിച്ചത്. അധികം വൈകാതെ തന്നെ സമൂസ സിംഗ് ഒരു വൻ വിജയമായി മാറുകയായിരുന്നു. നിലവിൽ പ്രതിദിനം 12 ലക്ഷം രൂപയാണ് ഈ ദമ്പതികൾ സമ്പാദിക്കുന്നത്. പ്രതിമാസം 45 കോടിയുടെ കച്ചവടമാണ് ഈ സ്ഥാപനത്തിൽ നടക്കുന്നത്. അധ്വാനിക്കാനുള്ള മനസുണ്ടെങ്കിൽ ഏത് സ്വപ്നവും യാഥാർത്ഥ്യമാകുക തന്നെ ചെയ്യുമെന്ന സന്ദേശമാണ് ഇരുവരുടെയും വിജയകഥ അടിവരയിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...