ലോകത്തെ ശതകോടീശ്വരിൽ ഗൗതം അദാനി അഞ്ചാമത്; എട്ടാം സ്ഥാനത്ത് അംബാനി
പ്രമുഖ നിക്ഷേപകൻ വാറൻ ബഫറ്റിനെ മറികടന്നാണ് ഗൗതം അദാനിയുടെ മുന്നേറ്റം
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ലോകത്തെ അഞ്ചാമത്തെ ശതകോടീശ്വരൻ. പ്രമുഖ നിക്ഷേപകൻ വാറൻ ബഫറ്റിനെ മറികടന്നാണ് ഗൗതം അദാനിയുടെ മുന്നേറ്റം. ഫോബ്സ് മാസികയുടെ റിപ്പോർട്ട് പ്രകാരം 123.7 ബില്യൺ യുഎസ് ഡോളറാണ് 59 കാരൻ ഗൗതം അദാനിയുടെ ആസ്തി. തിങ്കളാഴ്ച രാവിലെയാണ് വാരൻ ബഫറ്റിന്‍റെ ആസ്തിയായ 121.7 ബില്യൺ യുഎസ് ഡോളർ ഗൗതം അദാനി മറികടന്നത്. വ്യവസായിയായ ഗൗതം അദാനി 2022-ൽ തന്‍റെ സമ്പത്തിൽ 43 ബില്യൺ ഡോളറാണ് കൂട്ടി ചേർത്തത്. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം അദ്ദേഹത്തിന്റെ പോർട്ട്‌ഫോളിയോയിൽ 56.2% ത്തിന്റെ വർധനയാണുള്ളത്.
സ്പേസ് എക്സ് ടെസ്‌ല മേധാവി എലോൺ മസ്‌ക് (269.7 ബില്യൺ ഡോളർ), ആമസോൺ മേധാവി ജെഫ് ബെസോസ് (170.2 ബില്യൺ ഡോളർ), എൽഎംവിഎച്ച് ഉടമ ബെർണാഡ് അർനോൾട്ട് (167.9 ബില്യൺ ഡോളർ), മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ് (130.2 ബില്യൺ ഡോളർ), എന്നീ നാല് പേരാണ് അദാനിക്ക് മുന്നിലുള്ളത്. 123.7 ബില്യൺ ഡോളർ ആസ്തിയുള്ള അദാനി ഇന്ത്യയിലെ ഏറ്റവും ധനികനാണ്. 104.2 ബില്യൺ യുഎസ് ഡോളർ സമ്പത്തുള്ള റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനി എട്ടാം സ്ഥാനത്താണ്.
വിമാനത്താവളങ്ങൾ,തുറമുഖങ്ങൾ, വൈദ്യുതി ഉൽപ്പാദനവും വിതരണവും അടക്കമുള്ള മേഖലകളാണ് അദാനി ഗ്രൂപ്പിന് കീഴിലുള്ളത്. അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി പവർ എന്നിവയുൾപ്പെടെ ആറ് കമ്പനികളും അദാനി ഗ്രൂപ്പിനുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...