ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് എത്ര സ്വർണം കൊണ്ടുവരാം? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സാധിക്കുന്ന സ്വർണത്തിന് ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. അതിനെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
ദീപാവലി ആഘോഷങ്ങൾക്ക് എങ്ങും തുടക്കം കുറിച്ചിരിക്കുകയാണ്. ഇന്ത്യയിൽ മാത്രമല്ല അങ്ങ് യുഎഇയിലും ദീപാവലി ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ദീപാവലിയോട് അടുക്കുന്തോറും ദുബായിൽ സ്വർണാഭരണങ്ങൾ വാങ്ങാനെത്തുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. ഇന്ത്യക്കാർ പൊതുവെ സ്വർണാഭരണങ്ങളോട് താൽപര്യമുള്ളവരാണ്. ദുബായിൽ വിൽക്കുന്ന സ്വർണ്ണത്തിന്റെ പരിശുദ്ധി കണക്കിലെടുത്ത് ഇവിടുന്ന് സ്വർണം വാങ്ങാൻ ഇന്ത്യക്കാർ ഇഷ്ടപ്പെടുന്നു. ഗോൾഡ് സിറ്റി എന്നാണ് ദുബായ് അറിയപ്പെടുന്നത്. ദുബായിലെ വ്യാപാരത്തിന്റെ 35 ശതമാനവും ഇത്തരത്തിൽ സ്വർണത്തിന്റെയും ആഭരണങ്ങളുടെയും വിൽപ്പനയാണെന്നാണ് പറയപ്പെടുന്നത്. വൈവിധ്യാമാർന്ന കളക്ഷനുകളാണ് അവിടുത്തെ പ്രധാന ആകർഷണം.
എന്നാൽ യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് സ്വർണം കൊണ്ടുവരുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സാധിക്കുന്ന സ്വർണത്തിന്റെ പരിധിയെ കുറിച്ച് എല്ലാവരും മനസിലാക്കിയിരിക്കേണ്ടത് അനിവാര്യമാണ്. ഒരു വർഷത്തിൽ അധികം ദുബായിൽ താമസിച്ചതിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്ക് സ്വർണ്ണാഭരണങ്ങൾ കൊണ്ടുവരാൻ സാധിക്കും. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് & കസ്റ്റംസ് (CBIC) ആണ് ഈ പരിധികൾ നിശ്ചയിച്ചിരിക്കുന്നത്. പുരുഷൻമാര്‍ക്ക് പരമാവധി 20 ഗ്രാം സ്വര്‍ണാഭരണങ്ങൾ നികുതി ഇല്ലാതെ കൊണ്ടു വരാൻ സാധിക്കും. 2500 ദിർഹം അതായത് ഇന്ത്യയിൽ 50,000 രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ മാത്രമാണ് കൊണ്ടുവരാൻ കഴിയുക. അതേസമയം സ്ത്രീകൾക്ക് 5,000 ദിർഹം അതായത് 100,000 രൂപ മൂല്യമുള്ള 40 ഗ്രാം സ്വർണം ഇന്ത്യയിലേക്ക് കൊണ്ടുവരാം.
പരിമിതമായ സാഹചര്യങ്ങളിൽ മാത്രമേ സ്വർണ്ണം ഇറക്കുമതി ചെയ്യാൻ അനുവാദമുള്ളൂ. കുറഞ്ഞത് ആറ് മാസമെങ്കിലും വിദേശത്ത് താമസിച്ച് ഇന്ത്യയിലേക്ക് മടങ്ങുന്ന വ്യക്തിക്ക് പരമാവധി ഒരു കിലോഗ്രാം സ്വർണം ഇറക്കുമതി ചെയ്യാൻ കഴിയും. സ്വർണ്ണ ബാറുകളുടെ കസ്റ്റം തീരുവ അടുത്തിടെ 7.5 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...