ജർമനിയിലും സ്ലോവാക്യയിലും ഓഫീസ് തുറന്ന് മലയാളി ഐടി കമ്പനി എൻകോർ ടെക്‌നോളജീസ്
NKORR Technologies: യൂറോപ്പിലെ രണ്ട് ഓഫീസുകളുടെയും ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് നിന്ന് ഓൺലൈനായി നിർവഹിച്ചു.
തിരുവനന്തപുരം: ലോക ഐടി ഭൂപടത്തിൽ മറ്റൊരു മലയാളി വിജയഗാഥ കൂടി. തിരുവനന്തപുരം ടെക്‌നോപാർക്ക് ആസ്ഥാനമായി 2017 ൽ പ്രവർത്തനം ആരംഭിച്ച എൻകോർ ടെക്‌നോളജീസ് എന്ന മലയാളി ഐടി കമ്പനിയാണ് പുതുചരിത്രം സൃഷ്ടിച്ചു മുന്നേറുന്നത്. ജർമ്മനിയിലും സ്ലോവാക്യയിലുമായി രണ്ടു പുതിയ ഓഫീസുകൾ തുറന്നുകൊണ്ടാണ് കമ്പനി അവരുടെ പ്രവർത്തന മേഖല യൂറോപ്പിലേക്ക് വ്യാപിപ്പിക്കുന്നത്. ഇരു രാജ്യങ്ങളിലിൽ നിന്നുമുള്ള ഒട്ടേറെ ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് യൂറോപ്പിലേക്ക് പ്രവർത്തനം വിപുലീകരിക്കുന്നത്.
യൂറോപ്പിലെ രണ്ട് ഓഫീസുകളുടെയും ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് നിന്ന് ഓൺലൈനായി നിർവഹിച്ചു. ഇതുകൂടാതെ എൻകോർ ടെക്‌നോളജീസിന്റെ ടെക്‌നോപാർക്കിലെ പുതിയ ഓഫീസും മന്ത്രി ഉദ്ഘാടനം ചെയ്തു. ടെക്‌നോപാർക്ക് സിഇഒ സഞ്ജീവ് നായർ ചടങ്ങിൽ സന്നിഹിതനായി. കാർണിവൽ ബിൽഡിങ്ങിലെ ഒന്നാം നിലയിലാണ് പുതിയ ഓഫീസ്.
തിരുവനന്തപുരം ആസ്ഥാനമായി 2017ൽ പ്രവർത്തനം ആരംഭിച്ച എൻകോർ ടെക്‌നോളജീസ് ആരോഗ്യ മേഖലയിലാണ് സാങ്കേതിക സേവനങ്ങൾ നൽകുന്നത്. നിലവിൽ അമേരിക്ക ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ എൻകോർ ടെക്‌നോളജീസ് സേവനം ലഭ്യമാക്കുന്നുണ്ട്. ആരോഗ്യ മേഖലയിലെ ഐ ടി സൊല്യൂഷനുകളിൽ ഏറ്റവും മികച്ച സേവന ദാതാക്കളായി വളരാൻ കഴിഞ്ഞ ആറ് വർഷം കൊണ്ട് എൻകോർ ടെക്‌നോളജീസിന് കഴിഞ്ഞതായി കമ്പനിയുടെ സ്ഥാപകരായ രാകേഷ് രാമചന്ദ്രൻ, നൈജിൽ ജോസഫ്, രതീഷ് കുമാർ എന്നിവർ പറഞ്ഞു. 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ഇമേജ് പ്രോസസ്സിംഗ് എന്നീ മേഖലകളിലെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി കൂടുതൽ വിപണികളിലേക്കും കടക്കാനുള്ള ശ്രമത്തിലാണ് കമ്പനി. യൂറോപ്പിൽ രണ്ട് പുതിയ ഓഫീസുകൾ ആരംഭിക്കുന്നതും ടെക്‌നോപാർക്കിൽ അടിത്തറ വിപുലീകരിക്കുന്നതും ഈ യാത്രയിലേക്കുള്ള കമ്പനിയുടെ പ്രധാന ചുവടുവെപ്പാണെന്നു ഞങ്ങൾ വിശ്വസിക്കുന്നതായും മൂവരും കൂട്ടി ചേർത്തു.
2017-ൽ അഞ്ച് ജീവനക്കാരുമായി പ്രവർത്തനമാരംഭിച്ച എൻകോർ ടെക്‌നോളജീസിന്റെ വളർച്ച അതിവേഗത്തിലായിരുന്നു. നിലവിൽ 60ലധികം ജീവനക്കാർ കമ്പനിയിൽ പ്രവർത്തിക്കുന്നുണ്ട്. ഫ്യുജിഫിലിം, കംപോട്ട് എന്നി വമ്പൻ കമ്പനികളുടെതടക്കമുള്ള പ്രോജക്റ്റുകളാണ് എൻകോർ ടെക്‌നോളജീസ് കൈകാര്യം ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...