Onam Bumper: 25 കോടിയുടെ ഓണം ബമ്പറിന് കിട്ടുക 15.75 കോടിയല്ല, പിന്നേയും പിടിക്കും 2.8 കോടി! ശ്രദ്ധിച്ചില്ലെങ്കില്‍ പിഴയും അടയ്ക്കണം
25 കോടിയുടെ ലോട്ടറി അടിച്ചാൽ 15.75 കോടി രൂപ ലഭിക്കുമെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാൽ അതിൽ നിന്ന് സർ ചാർജും സെസ്സും ആയി പിന്നേയും കോടികൾ പിടിക്കും. ഈ തുക സമ്മാനം ലഭിച്ച ആൾ തന്നെ അടയ്ക്കുകയും വേണം.
തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടറിയുടെ ഫലം ആണ് കഴിഞ്ഞ ദിവസം വന്നത്. ഒന്നാം സമ്മാനം 25 കോടി രൂപ. ഇതില്‍ എത്ര രൂപ സമ്മാനം ലഭിച്ച ആള്‍ക്ക് ലഭിക്കും എന്നതില്‍ പലര്‍ക്കും ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. ഏജന്റ്സ് കമ്മീഷനും നികുതിയും കിഴിച്ച് 15.75 കോടി രൂപ സമ്മാനാര്‍ഹനായ വ്യക്തിയ്ക്ക് ലഭിക്കും എന്നാണ് പലരും കരുതിയിരിക്കുന്നത്. മാധ്യമ വാര്‍ത്തകളും അങ്ങനെ തന്നെ ആയിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത്രയും തുക കിട്ടില്ല.
25 കോടിയുടെ ലോട്ടറി അടിച്ച ആള്‍ക്ക് നികുതിയെല്ലാം അടച്ചുകഴിഞ്ഞാല്‍ കൈയ്യില്‍ ബാക്കിയാവുക 12.88 കോടി രൂപ മാത്രമാണ്. ബാക്കി 12.12 കോടി രൂപ സര്‍ക്കാര്‍ കൈയ്യിട്ടുവാരുന്നതോ പറ്റിക്കുന്നതോ അല്ല. ഏജന്റിന്റെ കമ്മീഷനും നികുതിയും സെസ്സും എല്ലാം ചേര്‍ന്നതാണ് ഈ തുക.
Read Also: Onam Bumper 2022: ബമ്പറടിച്ച ഭാഗ്യവാനെ കിട്ടി! 25 കോടി ശ്രീവരാഹം സ്വദേശി അനൂപിന്
പത്ത് ശതമാനം ആണ് ഏജന്റ്സ് കമ്മീഷന്. 25 കോടിയുടെ പത്ത് ശതമാനം എന്ന് വച്ചാല്‍ 2.5 കോടി രൂപ. ശേഷിക്കുന്ന 22.5 കോടി രൂപയുടെ 30 ശതമാനം ടിഡിഎസ് (ടാക്സ് ഡിഡക്ഷന് ഫ്രം ദി സോഴ്സ്) പിടിച്ചുകൊണ്ടുള്ള തുകയാണ് ലോട്ടറി വകുപ്പ് സമ്മാനാര്ഹന് കൈമാറുന്നത്. അതായത് 22.5 കോടി രൂപയുടെ 30 ശതമാനം നികുതി- 6.75 കോടി- ആദ്യമേ പിടിക്കും. ഇനി ശേഷിക്കുന്ന തുകയാണ് ഇപ്പോള്‍ എല്ലാവരും പറയുന്ന 15.75 കോടി രൂപ.
എന്നാല്‍ ഇതോടെ 'പിടിത്തങ്ങള്‍' തീര്‍ന്നു എന്ന് കരുതരുത്. അഞ്ച് കോടി രൂപയ്ക്ക് മുകളില്‍ വരുമാനം ഉള്ളവര്‍ മറ്റൊരു സര് ചാര്‍ജ് കൂടി അടയ്ക്കണം. അത് അടച്ച നികുതിയുടെ 37 ശതമാനം ആണ്. 6.75 കോടി നികുതി അടയ്ക്കുമ്പോള്‍ അതിന്റെ 37 ശതമാനം ആയ 2.49 കോടി രൂപ സര് ചാര്‍ജ് ആയി സമ്മാനാര്ഹന് അടയ്ക്കണം എന്നര്‍ത്ഥം. അതുകൊണ്ടും തീരുന്നില്ല കാര്യങ്ങള്‍. നികുതിയും അതിന്റെ സര് ചാര്‍ജും കൂട്ടിയ തുകയുടെ നാല് ശതമാനം ആരോഗ്യ വിദ്യാഭ്യാസ സെസ് ആയും അടക്കേണ്ടതുണ്ട്. ഇത് 36.99 ലക്ഷം രൂപ വരും.
Read Also: അപ്രതീക്ഷിത ഭാഗ്യത്തിൽ സന്തോഷം പങ്കുവെച്ച് അനൂപിന്റെ ഭാര്യ
അപ്പോള്‍ 25 കോടിയില്‍ നിന്ന് കുറയ്ക്കേണ്ട തുകകള്‍ ഏതൊക്കെ എന്ന് നോക്കാം
1. ഏജന്റ്സ് കമ്മീഷന്- 2.5 കോടി രൂപ
2. ടിഡിഎസ്- 6.75 കോടി രൂപ
3. സര് ചാര്‍ജ്- 2.49 കോടി രൂപ (24975000)
4. ആരോഗ്യ വിദ്യാഭ്യാസ സെസ്- 36.99 ലക്ഷം രൂപ (3699000)
ആകെ- 12.12 കോടി രൂപ (12,11,74,000)
25 കോടിയില്‍ നിന്ന് ഈ കിഴിവുകളെല്ലാം കുറച്ചാല്‍ കൈയ്യില്‍ കിട്ടുക 12,88,26,000 രൂപയാണ്.
ലോട്ടറി അടിച്ച ആള് ശ്രദ്ധിക്കേണ്ട വേറൊരു കാര്യം കൂടിയുണ്ട്. ടിഡിഎസ് മാത്രം കിഴിച്ചുള്ള തുകയാണ് ലോട്ടറി വകുപ്പ് വിജയിക്ക് കൈമാറുക. ബാക്കി സര് സാര്ജും സെസ്സും എല്ലാം പ്രസ്തുത വ്യക്തി തന്നെ അടക്കേണ്ടതാണ്. പണം അക്കൗണ്ടില്‍ ലഭിച്ച് രണ്ട് മാസത്തിനകം തന്നെ ഇത് ചെയ്യണം. അല്ലെങ്കില്‍ ഓരോ മാസവും ഒരു ശതമാനം വീതം ഈ തുകയുടെ പിഴയും അടയ്ക്കേണ്ടി വരും.
മറ്റ് പല രാജ്യങ്ങളിലും നമ്മുടെ രാജ്യത്തെ പോലെ സങ്കീര്‍ണമായ നികുതി ഘടനകളില്ല. അതുകൊണ്ട് തന്നെ പലയിടത്തും ലോട്ടറി സമ്മാനത്തുക പൂര്‍ണമായും ലഭിക്കുകയും ചെയ്യും. ലോട്ടറി നടത്തുന്നതും വില്‍ക്കുന്നതും സമ്മാനം നല്‍കുന്നതും എല്ലാം സംസ്ഥാന സര്‍ക്കാര്‍ ആണെങ്കിലും നികുതി വരുമാനം പോകുന്നത് കേന്ദ്ര സര്‍ക്കാരിലേക്കാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...