Kochi Water Metro: എന്താണ് ഈ വാട്ടർ മെട്രോ? രാജ്യത്ത് ആദ്യത്തേത്, ഏഷ്യയിലേയും... ഇതൊരു കേരള മോഡൽ
Kochi Water Metro: 20 രൂപയാണ് കൊച്ചി വാട്ടർ മെട്രോയിലെ ഏറ്റവും ചുരുങ്ങിയ ടിക്കറ്റ് നിരക്ക്. ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്ക് 40 രൂപയും.
കൊച്ചി: രാജ്യത്തെ ആദ്യ വാട്ടർ മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. മെട്രോ റെയിൽ സംവിധാനങ്ങളെ കുറിച്ച് ഇന്ന് നാട്ടുകാർക്കെല്ലാം അറിയാം. പക്ഷേ, വാട്ടർ മെട്രോ എന്താണെന്ന് ചോദിച്ചാൽ ചിലരെങ്കിലും ആശയക്കുഴപ്പത്തിലാകും. വെള്ളത്തിലൂടെ ഓടുന്ന ട്രെയിൻ ആണോ ഇത് എന്ന് വരെ ചോദിച്ചവരുണ്ട് എന്ന് മറന്നുകൂട. എന്തായാലും ജലഗതാഗത സംവിധാനം ആണ് എന്ന തിരിച്ചറിവെങ്കിലും ഉണ്ടല്ലോ എന്നതിൽ ആശ്വസിക്കാം.
സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നാണ് കൊച്ചി വാട്ടർ മെട്രോ എന്ന് പറയാം. 2016 ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്തായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം വന്നത്. മൂന്ന് വർഷം കൊണ്ട് പ്രവർത്തന സജ്ജം ആകുമെന്നായിരുന്നു വാഗ്ദാനം എങ്കിലും പിന്നേയും വർഷങ്ങളെടുത്തു. എന്തായാലും ഇപ്പോൾ കൊച്ചി വാട്ടർ മെട്രോയുടെ ആദ്യഘട്ടം പ്രവർത്തന സജ്ജമാവുകയാണ്. ചുരുങ്ങിയ ചെലവിൽ യാത്ര ചെയ്യാനാകും എന്നതാണ് ജലഗതാഗതത്തിന്റെ പ്രത്യേകത. മെട്രോ ആണെങ്കിലും കൊച്ചി വാട്ടർ മെട്രോയിലും യാത്രാ ചെലവ് കുറവ് തന്നെയാണ്.
Read Also: ട്രാക്കിൽ കുതിച്ച് വന്ദേഭാരത്; പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്തു
ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ ആണ് കൊച്ചിയിലേത്. മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ ഒന്നും ഇതില്ലേ എന്നൊരു സംശയം തോന്നിയേക്കാം. പലയിടത്തും സമാനമായ ജലഗതാഗത സംവിധാനങ്ങളുണ്ട്. എന്നാൽ ഇത്രയും വിപുലമായ ഒരു സംയോജിത ജലഗതാഗത സംവിധാനം ഏഷ്യയിലെ ഒരു രാജ്യത്തും ഇല്ല എന്നതാണ് വാസ്തവം.
കൊച്ചിയിലെ ഗതാഗത തിരക്ക് കുപ്രസിദ്ധമാണല്ലോ. അതിനൊരു പരിഹാരം എന്ന നിലയിലായിരുന്നു മെട്രോ റെയിൽ വന്നത്. അതിന്റെ ഗുണഫലങ്ങൾ ഇപ്പോഴും ആളുകൾ വേണ്ടവിധം ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയമാണ്. കൊച്ചി വാട്ടർ മെട്രോയിൽ ആദ്യ ഘട്ടത്തിൽ ഹൈക്കോടതി, വൈപ്പിൻ, വൈറ്റില, കാക്കനാട് ടെർമിലനലുകളിൽ നിന്നുള്ള സർവ്വീസുകളാണ് തുടങ്ങുന്നത്. ഹൈക്കോടതി ടെർമിനലിൽ നിന്ന് വൈപ്പിനിലേക്ക് എത്താൻ ആകെ വേണ്ടി വരിക 20 മിനിറ്റാണ്. വൈറ്റിലയിൽ നിന്ന് വാട്ടർ മെട്രോ കയറിയാൽ 25 മിനിട്ടുകൊണ്ട് കാക്കനാട് എത്തിച്ചേരാം.
വിപുലമാണ് കൊച്ചി വാട്ടർ മെട്രോ പദ്ധതി. ആകെ 38 ടെർമിനലുകളും 16 റൂട്ടുകളും ആണ് പദ്ധതിയിൽ ഉള്ളത്. മൊത്തം 76 കിലോമീറ്റർ നീളും വാട്ടർ മെട്രോയുടെ യാത്രാശൃംഖല. കൊച്ചിയിലെ 10 ദ്വീപുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് ഈ പദ്ധതി. പൂർണതോതിൽ പ്രവർത്തന സജ്ജം ആകുമ്പോൾ മൊത്തം 78 ബോട്ടുകളായിരിക്കും കൊച്ചിയിലെ ജലനിരപ്പുകളിൽ ഓടുക. ആദ്യ ഘട്ടത്തിൽ 8 ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകളാണ് സവ്വീസ് നടത്തുന്നത്. യാത്രാ സൗകര്യങ്ങൾ കുറഞ്ഞ മേഖലകളിലേക്ക് ഫീഡർ സർവ്വീസുകളും പരിഗണനയിൽ ഉണ്ട്.
അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള ബോട്ടുകളാണ് വാട്ട മെട്രോയിൽ ഉപയോഗിക്കുന്നത്. ശീതീകരിച്ചവയാണ് ബോട്ടുകൾ. വൈഫൈ സംവിധാനവും ലഭ്യമാണ്. 50 മുതൽ 100 വരെ യാത്രക്കാരെ ഉൾക്കൊള്ളാവുന്ന ബോട്ടുകളാണ് സർവ്വീസ് നടത്തുക. മണിക്കൂറിൽ 15 മുതൽ 22 വരെ കിലോമീറ്റ വേഗത്തിൽ സഞ്ചരിക്കാൻ ഈ ബോട്ടുകൾക്ക് കഴിയും. വെള്ളത്തിലൂടെ ആകുമ്പോൾ ട്രാഫിക് ബ്ലോക്ക് ഉണ്ടാകുമെന്ന് പേടിക്കുകയും വേണ്ട.
വാട്ടർ മെട്രോയിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 20 രൂപയാണ്. ഏറ്റവും ഉയർന്ന നിരക്ക് 40 രൂപയും. 180 രൂപയ്ക്ക് പ്രതിവാര പാസും 600 രൂപയ്ക്ക് പ്രതിമാസ പാസും ലഭ്യമാണ്. മൂന്നുമാസത്തേക്കുള്ള പാസിന് 1,500 രൂപയാണ്. കൊച്ചി മെട്രോയുടെ വൺ കാർഡ് വഴിയും വാട്ടർ മെട്രോ ഉപയോഗിക്കാം. ഒറ്റ ടിക്കറ്റുകൊണ്ട് കൊച്ചി മെട്രോ റെയിലും വാട്ടർ മെട്രോയിലും യാത്ര ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. കൊച്ചി വൺ ആപ്പ് ഉപയോഗിക്കുന്നവരാണെങ്കിൽ നിങ്ങൾക്ക് ഡിജിറ്റൽ ആയും ടിക്കറ്റ് ബുക്ക് ചെയ്യാം. മൊബൈൽ ഫോണിലെ ക്യുആർ കോഡ് മാത്രം സ്കാൻ ചെയ്താൽ മതിയാകും.
സംസ്ഥാന സർക്കാരിനും കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനും ഓഹരിപങ്കാളിത്തമുള്ള പദ്ധതിയാണ് വാട്ടർ മെട്രോ. നടത്തിപ്പ് ചുമതല കൊച്ചി മെട്രോയ്ക്ക് തന്നെയാണ്. 1,137 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവായി കണക്കാക്കുന്നത്. ഒന്നാം ഘട്ടത്തിൽ ആകെ 747 കോടി രൂപയാണ് ചെലവിട്ടിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...