Adani Vs Ambani: സമ്പത്തിൽ അദാനിയെ വെട്ടിച്ച് മുകേഷ് അംബാനി; ഫോര്‍ബ്‌സ് പട്ടികയില്‍ മുന്നില്‍, പക്ഷേ ബ്ലൂംബെര്‍ഗില്‍ പിന്നില്‍
Adani Vs Ambani: ബ്ലൂംബെർഗിന്റെ ബില്യണയർ ഇൻഡക്സിൽ അദാനി നില മെച്ചപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ആദ്യ പത്തിൽ നിന്ന് അദ്ദേഹം പുറത്തായിരുന്നു.
മുംബൈ: രാജ്യം കേന്ദ്ര ബജറ്റിലേക്ക് ഉറ്റുനോക്കുമ്പോള്‍ ബിസിനസ് ലോകത്ത് മറ്റൊരു വലിയ മാറ്റം സംഭവിച്ചിരിക്കുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷം ഗൗതം അദാനിയെ മറികടന്ന് ലോക സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി മുന്നിലെത്തിയിരിക്കുന്നു. ഫോര്‍ബ്‌സിന്റെ ബില്യണയര്‍ ഇന്‍ഡക്‌സിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി സ്ഥാനം മെച്ചപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഫോർബ്സ് പട്ടിക പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം മുകേഷ് അംബാനി തിരിച്ചുപിടിച്ചിരിക്കുകയാണ്. ആഗോള സമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിന്നാണ് അദാനിയുടെ വീഴ്ച എന്നതും ശ്രദ്ധേയമാണ്.
ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം പ്രകാരം മുകേഷ് അംബാനി ഫോര്‍ബ്‌സ് പട്ടികയില്‍ 9-ാം സ്ഥാനത്താണ്. അദ്ദേഹത്തിന്റെ ആസ്തി 84.3 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആണ്. ഗൗതം അദാനിയുടെ സ്ഥാനം പത്താമനം. 84.1 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആണ് അദാനിയുടെ ആസ്തി. മുകേഷ് അംബാനിയുടെ ആസ്തിയില്‍ 171 ദശലക്ഷം ഡോളറിന്റെ വര്‍ദ്ധനയാണ് ഉണ്ടായത്. എന്നാല്‍ ഗൗതം അദാനിയുടെ ആസ്തിയില്‍ 4.1 ബില്യണ്‍ ഡോളറിന്റെ നഷ്ടം സംഭവിച്ചു.
ബ്ലൂംബെര്‍ഗ് ഇന്‍ഡക്‌സില്‍ കഴിഞ്ഞ ദിവസം ഗൗതം അദാനി ലോക സമ്പന്നരുടെ ആദ്യ പത്തില്‍ നിന്ന് പുറത്തായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ വിവരം പ്രകാരം അദാനി ആദ്യ പത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇപ്പോള്‍ പത്താം സ്ഥാനത്താണ് അദ്ദേഹം ഉള്ളത്. ബ്ലൂംബെര്‍ഗിന്റെ കണക്ക് പ്രകാരം ഗൗതം അദാനിയുടെ ആസ്തി 84.5 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആണ്. ഈ പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ് മുകേഷ് അംബാനിയുള്ളത്. 81.5 ബില്യണ്‍ ഡോളറാണ് ഇത് പ്രകാരം അംബാനിയുടെ ആസ്തി. ഫോര്‍ബ്‌സിന്റെ ലൈവ് ബില്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം കഴിഞ്ഞ ദിവസം അദാനിയുടെ സ്ഥാനം എട്ടാമതായിരുന്നു. ബ്ലൂംബെര്‍ഡ് ബില്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം 11-ാം സ്ഥാനത്തും. ഫോർബ്സ് പട്ടികയിൽ അദാനി രണ്ട് സ്ഥാനം പിറകോട്ടായപ്പോൾ ബ്ലൂംബെർഗ് പട്ടികയിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വലിയ വെല്ലുവിളിയാണ് അദാനി ഗ്രൂപ്പ് നേരിട്ടുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ് അദാനി ഗ്രൂപ്പിന്റെ ഫോളോ ഓണ്‍ പബ്ലിക് ഓഫറിങ് (എഫ്പിഒ) നടന്നത്. എഫ്പിഒയുടെ ആദ്യ ദിവസം നിക്ഷേപകരില്‍ നിന്നുള്ള പ്രതികരണം തീരെ പ്രതീക്ഷ പകരുന്നതായിരുന്നില്ല. എന്നാല്‍ അവസാന ദിവസം എല്ലാം മാറിമറിഞ്ഞു. ജനുവരി 31, ചൊവ്വാഴ്ച ഉച്ചയോടെ തന്നെ എഫ്പിഒയിലെ ഓഹരികള്‍ക്ക് പൂര്‍ണമായും അപേക്ഷകരായി. ഇഷ്യു വില കുറച്ച് മുന്നോട്ട് പോകേണ്ട സാഹചര്യം ഉണ്ടാകുമോ എന്ന തരത്തിലും വിദഗ്ധര്‍ക്കിടയില്‍ ചര്‍ച്ചകളുണ്ടായിരുന്നു. എന്തായാലും, റീട്ടെയില്‍ രംഗത്തെ കണക്കുകള്‍ അത്ര ശുഭകരമല്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. അബുദാബി ആസ്ഥാനമായ ഇന്റർനാഷണൽ ഹോൾഡിങ് കമ്പനി എഫ്പിഒയിൽ അധികമായി നടത്തിയ 400 ദശലക്ഷം ഡോളറിന്റെ നിക്ഷേപം അദാനി ഗ്രൂപ്പിന് വലിയ തുണയായി.
അദാനി ഗ്രൂപ്പിന്റെ ആസ്തി വളര്‍ച്ചയില്‍ വലിയ സംശയങ്ങളും ചോദ്യങ്ങളും ആയിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരുന്നത്. ഇതോടെ ആയിരുന്നു വിപണിയില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം കുത്തനെ ഇടിയാന്‍ തുടങ്ങിയത്. തങ്ങള്‍ക്ക് നേരെയുള്ള വിമര്‍ശനങ്ങളെ ഇന്ത്യയ്ക്ക് നേരെയുള്ള ആക്രമണം എന്ന് അദാനി ഗ്രൂപ്പ് വിശേഷിപ്പിച്ചതും വലിയ വിവാദത്തിന് കാരണമായിരുന്നു. ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങൾ വരും ദിവസങ്ങളിൽ എങ്ങനെ അദാനി ഗ്രൂപ്പിന്റെ മുന്നേറ്റത്തെ, അല്ലെങ്കിൽ കിതപ്പിനെ സ്വാധീനിക്കും എന്ന് കാത്തിരുന്ന് കാണാം. കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങളും പലവിധത്തിൽ പ്രതിഫലിച്ചേക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...