ഇലക്ട്രിക് കാറുകളുടെ കാര്യത്തില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ആരെന്ന് ചോദിച്ചാല്‍ ഇലോണ്‍ മസ്‌കിന്റെ 'ടെസ്ല' എന്നായിരിക്കും ഉത്തരം. വെറും രണ്ട് പതിറ്റാണ്ടിന്റെ മാത്രം പാരമ്പര്യമുള്ള ഒരു കമ്പനിയാണ്, നൂറ്റാണ്ടുകള്‍ പഴക്കവും പാരമ്പര്യവും ഉള്ള വാഹന നിര്‍മാതാക്കളെ വെട്ടിനിരത്തി ഈ സെഗ്മെന്റില്‍ ഒന്നാമതെത്തി നില്‍ക്കുന്നത്. ടെസ്ല തങ്ങളുടെ ആദ്യത്തെ കാര്‍ മോഡല്‍ പുറത്തിറക്കുന്നത് 2009 ല്‍ ആയിരുന്നു എന്നും ഓര്‍ക്കണം. എലോണ്‍ മസ്‌കിനെ ലോകത്തിലെ ഒന്നാം നമ്പര്‍ കോടീശ്വരനാക്കിയതും ടെസ്ല തന്നെ. ഏറ്റവും വിപണി മൂല്യമുള്ള വാഹനനിര്‍മാതാക്കളും ടെസ്ലയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫോക്‌സ് വാഗണും മേഴ്‌സിഡസും ഷെവര്‍ലേയും തുടങ്ങി പതിറ്റാണ്ടുകളുടെ പഴക്കമുള്ള വാഹന നിര്‍മാതാക്കളെല്ലാം ടെസ്ലയുടെ വളര്‍ച്ചയില്‍ ഞെട്ടിത്തരിച്ച് നിന്നിട്ടുണ്ട്. എന്തായാലും, മൂന്ന് വര്‍ഷം കൊണ്ട് ടെസ്ലയെ വെല്ലുന്ന നിലയിലേക്ക് തങ്ങള്‍ എത്തുമെന്നാണ് ഫോക്‌സ് വാഗണ്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്.


Read Also: Tesla യുടെ ലോകത്തിലെ ഏറ്റവും വില കൂടിയ സ്വർണ്ണം പതിച്ച കാർ ചിത്രങ്ങൾ കാണാം


എഴുതുന്നത് വോക്‌സ് വാഗണ്‍ (Volkswagen) എന്നാണെങ്കിലും ഫോക്‌സ് വാഗണ്‍ എന്നാണ് ഈ ജര്‍മന്‍ കമ്പനി വിളിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ മലയാളികളും മറ്റ് ഭാഷക്കാരും എല്ലാം ഫോക്‌സ് വാഗണെ 'കുറുക്കന്‍ വണ്ടി' എന്നും തമാശ രൂപത്തിൽ വിളിക്കാറുണ്ട്. പക്ഷേ യഥാര്‍ത്ഥത്തില്‍ 'ജനങ്ങളുടെ കാര്‍' എന്നതാണ് ഈ പേരുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ജര്‍മന്‍ ഭാഷയില്‍ വോക്‌സ് എന്നാല്‍ ജനങ്ങള്‍ എന്നാണ്.


ഇനി കാര്യത്തിലേക്ക് വരാം. 2025 ഓടെ ഇലോണ്‍ മസ്‌കിന്റെ ടെസ്ലയെ തങ്ങള്‍ മറികടക്കും എന്നാണ് ഫോക്‌സ് വാഗണ്‍ ചെയര്‍മാന്‍ ഹെര്‍ബെര്‍ട്ട് ഡയസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫോക്‌സ് വാഗണ്‍ ഇലക്ട്രിക് വാഹന രംഗത്ത് അതിന്റെ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. അതുകൊണ്ട് മാത്രമല്ല ഡയസ് ഇങ്ങനെ ഒരു ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.


ജര്‍മനിയില്‍ കമ്പനി ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് ഹെര്‍ബെര്‍ട്ട് ഡയസിന്റെ ആത്മവിശ്വാസം ഇങ്ങനെ പ്രകടിപ്പിക്കപ്പെട്ടത്. ഓസ്റ്റിനിലേയും ഗ്രണ്‍ഹീഡിലേയും ഫാക്ടറികളിലെ ഉത്പാദനം കൂട്ടുന്ന നീക്കത്തിലാണ് ടെസ്ല ഇപ്പോഴുള്ളത്. അതോടൊപ്പം ഷാങ്ഹായിലെ ഫാക്ടറി കൂടുതല്‍ വിപുലപ്പെടുത്താനും ഇലോണ്‍ മസ്‌ക് ശ്രമിക്കുന്നുണ്ട്. ഇത് ടെസ്ലയെ ദുര്‍ബലപ്പെടുത്തുമെന്നാണ് ഡയസിന്റെ വിലയിരുത്തല്‍. ഈ സാഹചര്യം ഫോക്‌സ് വാഗണ്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറയുന്നുണ്ട്. 


Read Also: പത്ത് മിനിറ്റ് ചാർജിൽ 300 കിലോമീറ്റർ യാത്ര ചെയ്യാം ; ഔഡി എ6 അവന്റ് ഇ-ട്രോൺ ഇലക്ട്രിക് കാർ


ഫോക്‌സ് വാഗന്റെ ഏറ്റവും വലിയ എതിരാളി എന്ന നിലയില്‍ ആണ് കുറച്ച് കാലമായി ഡയസ് ടെസ്ലയെ വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ വിപണി യുദ്ധത്തിന് പുറത്ത് ഡയസും മസ്‌കും നല്ല സുഹൃത്തുക്കളും ആണ്. 85 വര്‍ഷത്തിന്റെ പാരമ്പര്യമാണ് വാഹന നിര്‍മാണത്തില്‍ ഫോക്‌സ് വാഗണുള്ളത്. എന്നാല്‍ വെറും 13 വര്‍ഷം കൊണ്ട് ഇലക്ട്രിക് കാറുകളുടെ ലോകം കീഴടക്കിയവരാണ് ടെസ്ല. 


2021 ലെ കണക്കെടുത്താല്‍ ഫോക്‌സ് വാഗണ്‍ ലോകം മുഴുവനുമായും വിറ്റത് നാലര ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ്. ഇതേ വര്‍ഷം ടെസ്ല വിറ്റത് 9.3 ലക്ഷം ഇലക്ട്രിക് വാഹനങ്ങളും. ചുരുക്കിപ്പറഞ്ഞാല്‍ ടെസ്ലയുടെ പാതിപോലും എത്താന്‍ ഫോക്‌സ് വാഗണ് കഴിഞ്ഞിട്ടില്ല. അങ്ങനെ ഒരു സാഹചര്യത്തില്‍ രണ്ട് വര്‍ഷം കൊണ്ട് ടെസ്ലയെ വെല്ലാന്‍ ഈ ജര്‍മന്‍ കമ്പനിയ്ക്ക് സാധിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ലോകത്തിലെ ഇലക്ട്രിക് കാ‍ർ നിർമാതാക്കളുടെ കാര്യത്തിൽ നാലാം സ്ഥാനത്താണ് നിലവിൽ ഫോക്സ് വാ​ഗൺ ഉള്ളത്. ഇലക്ട്രിക് വാഹന നി‍ർമാത്ക്കളുടെ കാര്യത്തിൽ അഞ്ചാം സ്ഥാനത്തും. ടെസ്ലയേയും ഫോക്സ് വാ​ഗണേയും മാറ്റി നി‍ർത്തിയാൽ സെയ്ക് (SAIC) , ബിവൈഡി (BYD), സ്റ്റെലാന്റിസ് (Stellantis) എന്നിവയാണ് മറ്റ് മുൻനിര കമ്പനികൾ. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.