Joy Alukkas: ജോയ് ആലുക്കാസിന്റെ 305 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി; 25,000 കോടി രൂപ ആസ്തിയുള്ള ജോയ് ആലുക്കാസ് ആരാണ്?
Joy Alukkas Jewellery Dubai: ഇന്ത്യയിൽ നിന്ന് ഹവാല വഴി ദുബായിലേക്ക് വൻ തുക കൈമാറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തിയെന്ന് ഇഡി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ജോയ് ആലുക്കാസ് വർഗീസിന്റെ ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറി എൽഎൽസിയിലാണ് പണം നിക്ഷേപിച്ചത്.
ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് സെക്ഷൻ 37 എ പ്രകാരം കേരളം ആസ്ഥാനമായുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന്റെ 305.84 കോടി രൂപയുടെ ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച കണ്ടുകെട്ടി. ജോയ് ആലുക്കാസ് വർഗീസിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലാണ് ഇഡി പരിശോധന നടത്തിയത്. ആഗോള ജ്വല്ലറി ഭീമനായ ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനാണ് ജോയ് ആലുക്കാസ്.
സ്ഥാപനം ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ടിലെ സെക്ഷൻ 4 ലംഘിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. ഇന്ത്യയിൽ നിന്ന് ഹവാല വഴി ദുബായിലേക്ക് വൻ തുക കൈമാറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തിയെന്ന് ഇഡി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ജോയ് ആലുക്കാസ് വർഗീസിന്റെ ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറി എൽഎൽസിയിലാണ് പണം നിക്ഷേപിച്ചത്.
81.54 കോടി രൂപ വിലമതിക്കുന്ന 33 സ്ഥാവര സ്വത്തുക്കൾ, മൂന്ന് ബാങ്ക് അക്കൗണ്ടുകൾ, മൂന്ന് സ്ഥിരനിക്ഷേപങ്ങൾ എന്നിവയാണ് കണ്ടുകെട്ടിയത്. ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 217.81 കോടി രൂപയുടെ ഓഹരികളും കണ്ടുകെട്ടി. "ഹവാല ഇടപാടുകളിൽ ജോയ് ആലുക്കാസിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചു. ഈ തുക പിന്നീട് ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറി എൽഎൽസിയിൽ നിക്ഷേപിച്ചു," എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ആരാണ് ജോയ് ആലുക്കാസ്?
ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് ജോയ് ആലുക്കാസ്. അച്ഛൻ വർഗീസ് ആലുക്കാസ് ആണ് ജ്വല്ലറി ബിസിനസ് ആരംഭിച്ചത്. 1956-ൽ അദ്ദേഹം തന്റെ ആദ്യ ജ്വല്ലറി ആരംഭിച്ചു. 2001-ൽ ജോയ് ആലുക്കാസ് തന്റെ കമ്പനിയായ ജോയ് ആലുക്കാസ് ജ്വല്ലറി ആരംഭിച്ചു. തൃശൂരിലും ദുബായിലും ജോയ് ആലുക്കാസിന്റെ ഓഫീസുകൾ പ്രവർത്തിക്കുന്നു. ഇന്ത്യയിൽ 85 ഷോറൂമുകളും വിദേശത്ത് 45 ഷോറൂമുകളുമുണ്ട്. ഫോർഎവർമാർക്ക് ബ്രാൻഡഡ് ഡയമണ്ടുകളും ജോയ് ആലുക്കാസ് വിൽപ്പന നടത്തുന്നു.
ഫോർബ്‌സിന്റെ കണക്കനുസരിച്ച് ജോയ് ആലുക്കാസിന്റെ ആസ്തി 3.1 ബില്യൺ ഡോളറാണ്, ഏകദേശം 25,000 കോടി രൂപ. 1987ൽ അബുദാബിയിലാണ് അദ്ദേഹം വിദേശത്ത് തന്റെ ആദ്യ ജ്വല്ലറി തുറന്നത്. മണി എക്സ്ചേഞ്ച്, മാളുകൾ, റിയൽ എസ്റ്റേറ്റ് എന്നിവയിലും ജോയ് ആലുക്കാസിന് നിക്ഷേപമുണ്ട്. അദ്ദേഹത്തിന്റെ മകൻ ജോൺ പോൾ അന്താരാഷ്ട്ര ജ്വല്ലറി ബിസിനസിന്റെ മാനേജിംഗ് ഡയറക്ടറാണ്. 2022ലെ കണക്കനുസരിച്ച് ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ 69-ാം സ്ഥാനത്താണ് അദ്ദേഹം.
2007-ൽ ചെന്നൈയിൽ ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂം ജോയ് ആലുക്കാസ് തുറന്നു. മാൾ ഓഫ് ജോയ്, ജോളി സിൽക്‌സ്, ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച്, ജോയ് ആലുക്കാസ് ഡെവലപ്പേഴ്‌സ് തുടങ്ങിയ മറ്റ് ബിസിനസുകളുടെയും തലവനാണ് അദ്ദേഹം. 2018ൽ കൊച്ചിയിലെ ആദായനികുതി വകുപ്പും ജോയ് ആലുക്കാസിന്റെ ഷോറൂമുകളിൽ റെയ്ഡ് നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...