തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പത്ത് വയസുകാരനെ ചെറിയച്ഛൻ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു. കുട്ടിയെ ബിവറേജസിൽ കൊണ്ടുപോയാണ് ബിയർ വാങ്ങിയത്. അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ചെറിയച്ഛൻ മദ്യം കുടിപ്പിച്ചത്. തിരുവോണനാളിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. കുട്ടിയുടെ മാതാപിതാക്കളും പോലീസിൽ പരാതി നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

10 വയസ് മാത്രം പ്രായമുള്ള കുട്ടിയെ അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയുമാണ് ചെറിയച്ഛൻ മനു നിർബന്ധിച്ച് ബിയർ കുടിപ്പിക്കുന്നത്. കൂലിപ്പണിക്കാരനായ മനു തന്നെയാണ് കുട്ടിയെ കൊണ്ട് മദ്യം കുടിപ്പുക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയതെന്നാണ് ലഭിക്കുന്ന സൂചന.


ALSO READ : ശ്രീചിത്രപുവർ ഹോമിൽ പതിനാലുകാരനെ ക്രൂരമായി മർദിച്ച് സഹപാഠികൾ; ​ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിൽ


കുട്ടി ബിയർ കുടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കുട്ടിയുടെ അച്ഛനും അമ്മയും മറ്റ് ബന്ധുക്കളും ഉൾപ്പെടെയുള്ളവർ ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയുന്നത്. മനു നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. ഇതിനുശേഷമാണ് കുട്ടിയുടെ കയ്യിലേക്ക് ബിയർ കുപ്പി കൊടുക്കുകയും നിർബന്ധിച്ച് കുടിപ്പിക്കുകയും ചെയ്യുന്നത്. 'ധൈര്യമായിട്ട് കുടിച്ചുകൊള്ളൂ എന്തുവന്നാലും ഞാൻ നോക്കിക്കൊള്ളാം' എന്നാണ് കുട്ടിയോട് മനു പറയുന്നത്. മനുവിന്റെ സ്വരത്തിൽ ഒരല്പം ഭീഷണിയുമുണ്ടായിരുന്നു.


സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപ്പെട്ടു. ശേഷം, നെയ്യാറ്റിൻകര പോലീസ് കേസെടുക്കുകയായിരുന്നു. ജുവനയിൽ ജസ്റ്റിസ് ആക്ട് 75, 77 പ്രകാരമാണ് പൊലീസിന്റെ നടപടി. സംഭവത്തിൽ, ഗൗരവപരമായ ഇടപെടൽ ഉണ്ടാകുമെന്ന് നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ പ്രതികരിച്ചു. നടക്കാൻ പാടില്ലാത്ത സംഭവമാണ് നടന്നിരിക്കുന്നത്. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ പറഞ്ഞു. അതിനിടെ, ലഹരി വിൽപ്പനയും ഉപയോഗവും തടയാൻ യോദ്ധാവ് എന്ന പദ്ധതിയുമായി കേരള പൊലീസ് നീങ്ങുമ്പോഴാണ് സംഭവമെന്നുള്ളതും ശ്രദ്ധേയമാണ്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.