ഹൈദരാബാദ്:  പത്ത് വര്‍ഷം നിരന്തരം പീഡനത്തിനിരയായെന്ന പരാതിയുമായി യുവതി...  5000ത്തോളം തവണ പീഡിപ്പിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി 25കാരിയാണ് പോലീസില്‍  പരാതി നല്‍കിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൈദരാബാദിലാണ് സംഭവം.  42 പേജുകളുള്ള പരാതിയില്‍ 143 പേര്‍ക്കെതിരെയാണ് യുവതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിദേശത്തു നിന്നുള്ളവര്‍ ഉള്‍പ്പെടെ തന്നെ പീഡിപ്പിച്ചതായാണ് യുവതി പറയുന്നത്. 42 പേജുള്ള പരാതിയില്‍ 41 പേജിലും പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെപ്പറ്റിയുള്ള വിവരങ്ങളാണ്


2009 ജൂണില്‍ താന്‍ വിവാഹിതയായെന്നും എന്നാല്‍ ഭര്‍ത്താവിന്‍റെ  ബന്ധുക്കള്‍ തന്നെ നിരവധി തവണ പീഡിപ്പിച്ചെന്നുമാണ് യുവതി പരാതിയില്‍ ആദ്യം തന്നെ ചൂണ്ടിക്കാട്ടുന്നത്. തുടര്‍ന്ന് 2010ല്‍ വിവാഹമോചനം നേടുകയും തുടര്‍ പഠനത്തിനായി ഒരു കോളേജില്‍ അഡ്മിഷന്‍ നേടുകയും ചെയ്തു.


എന്നാല്‍, അവിടെ നിന്നും യുവതിക്ക് സമാനമായ അനുഭവങ്ങള്‍ തന്നെയാണ് ഉണ്ടായത്. 100ലധികം ആളുകള്‍ വിവിധയിടങ്ങളില്‍ നിന്നായി തന്നെ 5,000ത്തോളം തവണ പീഡിപ്പിച്ചെന്ന് യുവതി ആരോപിച്ചു. ഇതിനിടെ നിരവധി തവണ ഗര്‍ഭഛിദ്രത്തിന് വിധേയയായി. നിരവധി തവണ തന്നെ ഉപയോഗിച്ച്‌ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. നഗ്നയാക്കി നൃത്തം ചെയ്യിച്ചു, സിഗരറ്റ് ഉപയോഗിച്ച്‌ പൊള്ളലേല്‍പ്പിച്ചതായും  യുവതിയുടെ  പരാതിയില്‍ പറയുന്നു.


തന്നെ പീഡിപ്പിച്ചവര്‍ ഉള്‍പ്പെടുന്ന വലിയ ഒരു സെക്‌സ് റാക്കറ്റ് തന്നെ ഉണ്ടെന്നാണ് യുവതി പറയുന്നത്. തന്നേപ്പോലെ തന്നെ നിരവധി പെണ്‍കുട്ടികള്‍ ഇത്തരം ക്രൂരതയ്ക്ക് ഇരയാക്കപ്പെടുന്നുണ്ട്. എന്നാല്‍ ഭയം കാരണമാണ് ഇത്രയും കാലമായിട്ടും താന്‍ ഇക്കാര്യങ്ങളൊന്നും പുറത്ത് പറയാത്തത്  എന്നും യുവതി പറഞ്ഞു.  ജീവനില്‍ ഭയമുള്ളതുകൊണ്ടായിരുന്നു ഇത്രയും കാലം പരാതി നല്‍കാതിരുന്നത്. അതിനിടെ ഒരു എന്‍ജിഒയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ജീവിക്കാനുള്ള പ്രേരണ നല്‍കിയത് അവരായിരുന്നു. ഒടുവില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതും അങ്ങനെയാണെന്നും പെണ്‍കുട്ടി പറയുന്നു.  സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.


അതേസമയം,  നിരവധി ആളുകളുടെ പേരുകളാണ് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ളത്. നിരവധി വിദ്യാര്‍ത്ഥി നേതാക്കള്‍,  ജ്വല്ലറി ഉടമകള്‍, ചലച്ചിത്ര ലോകത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരുടെ പേരും പരാതിയില്‍ പറയുന്നുണ്ട്.  വിദേശികളുടെ പേരും  പരാതിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 


പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുമെന്ന് പോലീസ് അറിയിച്ചു. പരിശോധന ഫലം വന്ന ശേഷമേ ആരോപണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതികരിക്കാനാകൂ എന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376(2), 509, 354, 354(എ), 354(ബി), 354(സി) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


സംഭവത്തില്‍ ശൈശവ വിവാഹം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. വരുംനാളുകളില്‍, എഫ്‌ഐആറില്‍ പേരു ചേര്‍ക്കപ്പെട്ട, ഓരോരുത്തരെയായി സ്റ്റേഷനിലേക്കു വിളിപ്പിച്ച്‌ തെളിവെടുപ്പിനൊരുങ്ങുകയാണ് പോലീസ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, ബലാത്സംഗം, ഔദ്യോഗിക സര്‍ക്കാര്‍ പദവി ദുരുപയോഗം ചെയ്ത് പീഡനം, പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ക്കെതിരെയുള്ള പീഡനം തുടങ്ങിയവ ചുമത്തിയാണ് എഫ്‌ഐആര്‍.