കൊറിയയിൽ ജോലി വാഗ്ദാനം; കൊടുത്തത് ചൈനയുടെ വ്യാജ വിസ, തട്ടിയത് ഒന്നരലക്ഷം
2017 ലായിരുന്നു സംഭവം. കൊറിയയിലെ കമ്പനിയിൽ ജോലി തരപ്പെടുത്തികൊടുക്കാമെന്നായിരുന്നു വാഗ്ദാനം
വലിയതുറ: വ്യാജ വിസ നൽകി കൃഷിക്കാരന്റെ മകനിൽ നിന്ന് ഒന്നരലക്ഷം തട്ടിയ കേസിലെ പ്രതിയെ അറസ്റ്റിൽ. വെട്ടുകാട് സെന്റ്‌മേരീസ് സ്‌കൂളിന് സമീപം ടാസാ ഹുമിലിൻ വീട്ടിൽ റോയ് റോണിനെ(43) ആണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്. കൊറിയയിലെ കമ്പനിയിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു ഇയാൾ പണം തട്ടിയത്. നെയ്യാറ്റിൻകര പെരുമ്പഴൂതൂർ മുളളറവിള ഘോഷ് ഭവനിൽ കൃഷിക്കാരനായ രാധാകൃഷ്ണന്റെ മകൻ റെണാഘോഷിനെയാണ് ഇയാൾ പറ്റിച്ചത്.
2017 ലായിരുന്നു സംഭവം. കൊറിയയിലെ കമ്പനിയിൽ ജോലി തരപ്പെടുത്തികൊടുക്കാമെന്നായിരുന്നു വാഗ്ദാനം. ഇതിനായി റെണോയുടെ ഫോട്ടോപതിപ്പിച്ച ഇന്ത്യൻ നിർമ്മിത വ്യാജപാസ്‌പോർട്ടും ചൈനവഴി കൊറിയയിലേയ്ക്ക് പോകുന്നതിന് വ്യാജ ചൈനാ വിസയും ഇയാൾ നൽകിയെന്നുമാണ് പരാതി.
ജോലി ലഭിക്കുന്നതിന് കൊടുത്ത പണം തിരികെ ചോദിച്ചുവെങ്കിലും നൽകിയിരുന്നില്ല.ഇതേ തുടർന്ന് രാധാകൃഷ്ണൻ വലിയതുറ പോലീസിൽ പരാതി നൽകിയിരുന്നു.
അന്വേഷണത്തിൽ ഇയാൾ ഒളിവിൽ പോയതായി കണ്ടെത്തി. തുടർന്ന് ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്യുകയായിരുന്നു.
അതേസമയം പ്രതി നേരത്തെയും ഇത്തരത്തിൽ വ്യാജ വിസകൾ ഉണ്ടാക്കി നൽകിയെന്നാണ് സൂചന. ഇതും പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ മറ്റ് പരാതികൾ ലഭിക്കാത്തതിനാൽ അന്വേഷണം മുന്നോട്ട് പോവുന്നത് സംബന്ധിച്ച് ആശങ്കയുണ്ട്.
നിരവധി കേസുകളാണ് ഇത്തരത്തിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത്. പലരും പരാതി നൽകാൻ മടിക്കുന്നതും പ്രശ്നത്തിന് കാരണമാണ്. വിദേശത്തേക്ക് പോവാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും സമീപിക്കുന്ന ഏജൻസികളെ കൃത്യമായി അന്വേഷിച്ച് മനസ്സിലാക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...