ജമ്മുകശ്മീർ: അനന്ത്നാഗിൽ സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറ്. ഒരു വിഭാഗം പ്രകോപനം ഒന്നു ഇല്ലാതെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയായിരുന്നു. ആക്രമികൾ ഭീകരവാദ സംഘടനകളെ സഹായിക്കുന്ന പ്രാദേശികരെന്നാണ് സൂചന. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പള്ളിക്ക് പുറത്ത് പുലർച്ചയോടെയാണ് ആക്രമണം ഉണ്ടായത്. പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന ഈദ് ഗാഹിന് ശേഷം വിശ്വാസികൾ മടങ്ങുന്നതിനിടെയാണ് സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറ് ഉണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രദേശത്ത് ഭീകരവാദികൾ ഉണ്ടെന്ന രഹസ്യ മുന്നറിയിപ്പിനെ തുടർന്നാണ് അനന്ത്നാഗ് മേഖലയിലെ വിവിധ ഇടങ്ങളിൽ സുരക്ഷാ സേന പരിശോധന നടത്തിയത്. ഇതിനിടെയാണ് സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സേനയ്ക്ക് നേരെ കല്ലെറിയുന്നതിന്റെ വിഡീയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കശ്മീരിനെ സ്വതന്ത്രമാക്കുക എന്ന് ആവശ്യപ്പെട്ട് ഈദ് ഗാഹിലെ പ്രാർഥനയ്ക്കിടെ മുദ്രവാക്യം വിളിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. സംഘർഷത്തിനിടെ എത്തിയ സുരക്ഷാ സേനയെ ഒടുവിൽ ആക്രമി സംഘം കല്ലെറിയുകയായിരുന്നു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പ്രദേശത്തെ സുരക്ഷ ശക്തമാക്കിയതായും പോലീസ് അറിയിച്ചു. നേരിയ രീതിയിലുള്ള സംഘർഷം മാത്രമാണ് ഉണ്ടായതെന്നും പോലീസ് പറഞ്ഞു. 



അതേസമയം, ജമ്മു കശ്മീരിലെ സോപോറിൽ മൂന്ന് ഭീകരർ പിടിയിലായി. ലഷ്കർ ഭീകരരാണ് സുരക്ഷാ സേനയുടെ പിടിയിലായത്. കശ്മീരിലെ വിവിധയിടങ്ങളിൽ ഇവർ ആക്രമണവും കൊലപാതകങ്ങളും ആസുത്രണം ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പോലീസും സായുധ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിൽ ആണ് ഭീകരരെ പിടികൂടിയത്.