തിരുവനന്തപുരം: ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയാകുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നൽകി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.  ശിക്ഷ 14 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് ഇളവ് നൽകുന്നത്. 2009 നവംബർ 8 നാണ് ചെങ്ങന്നൂർ സ്വദേശി ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. ഭാസ്കര കാരണവരുടെ മകൻ്റെ ഭാര്യയായിരുന്നു ഷെറിൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഷെറിനും ആൺസുഹൃത്തും ചേർന്ന് ഭാസ്കര കാരണവരെ കൊലപ്പെടുത്തുകയായിരുന്നു. സ്വത്തിൽ നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണ് കൊലപാതകത്തിൽ നയിച്ചത്. കേസിലെ ഒന്നാം പ്രതിയായിരുന്നു ഷെറിൻ. 


മാവേലിക്കര അതിവേഗ കോടതിയാണ് ജീവപര്യന്തം ശിക്ഷയ്‌ക്ക് വിധിച്ചത്. ഹൈക്കോടതിയും ഈ ഉത്തരവ് ശരിവെച്ചു. ഷെറിൻ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. ജീവപര്യന്തം സുപ്രിംകോടതിയും ശരിവെച്ചിരുന്നു.


Read Also: 'പ്രശ്നങ്ങൾക്ക് കാരണം നീണ്ട മുടിയുള്ള സ്ത്രീ', ക്രൂരതയ്ക്ക് പിന്നിൽ ചെന്താമരയുടെ അന്ധവിശ്വാസം, പുറത്തിറങ്ങാൻ ഭയന്ന് മറ്റുസ്ത്രീകളും


ശാരീരിക വെല്ലുവിളികളുള്ള ഭാസ്കര കാരണവറുടെ ഇളയമകന്‍ ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമായിരുന്നു 2001ല്‍ ഇവര്‍ വിവാഹിതരായത്.  പക്ഷേ വൈകാതെ ദാമ്പത്യപൊരുത്തക്കേടുകൾ പുറത്തായി. ഷെറിന്റെ വഴിവിട്ട ബന്ധങ്ങൾ അറിഞ്ഞ കാരണവർ പുതിയ ധനനിശ്ചയാധാരമുണ്ടാക്കി. ഷെറിനു തന്റെ വസ്തുവിലുള്ള അവകാശം ഒഴിവാക്കാനായിരുന്നു ഇത്. 


അക്കാലത്തെ സമൂഹമാധ്യമമായ ഓര്‍ക്കൂട്ട് വഴിയെത്തിയ സന്ദര്‍ശകനായിരുന്നു കേസിലെ രണ്ടാംപ്രതിയായ ബാസിത് അലി. ഷാനുറഷീദ്, നിഥിൻ എന്നിവരായിരുന്നു കേസിലെ കൂട്ടുപ്രതികൾ. 


മോഷണത്തെ തുടർ‌ന്നുണ്ടായ കൊലപാതകമെന്ന് ആദ്യം കരുതിയ കേസിലാണ് മരുമകളായ ഷെറിൻ പിടിയിലായത്. ഷെറിൻ നൽകിയ മൊഴി തന്നെയാണ് കേസിൽ വഴിതിരിവായത്. മരണാനന്തരച്ചടങ്ങുകൾക്കുശേഷം നടത്തിയ ചോദ്യം ചെയ്യലിൽ മരുമകൾ ഷെറിനാണു വീടിന്റെ മുകൾനിലയിൽ ഒരു സ്ലൈഡിങ് ജനാലയുണ്ടെന്നും അതുവഴി പുറത്തുനിന്നൊരാൾക്ക് അകത്തേക്ക് കയറാമെന്നും മൊഴി നൽകിയത്. എന്നാൽ ഒരു ഏണിയില്ലാതെ ഒരാൾക്ക് അതിന്റെ മുകളിൽ കയറി നിൽക്കാൻ കഴിയില്ലായിരുന്നു.


Read Also: കണ്ണിൽ നിന്ന് ചെവി വരെ ആഴത്തിലുള്ള മുറിവ്, ശരീരത്തിൽ 8 വെട്ടുകൾ, വലത് കൈ അറ്റു; അതിക്രൂരതയുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്


ഇതിനിടെ ഷെറിന്റെ ഫോൺ കോൾ ലിസ്റ്റ് പരിശോധിച്ചപ്പോൾ ഒരു നമ്പരിലേക്കു 55 കോളുകൾ പോയതായി കണ്ടെത്തി. രണ്ടാംപ്രതി ബാസിത് അലിയുടെ ഫോണിലേക്കായിരുന്നു ആ ഫോൺ കോളുകൾ എത്തിയിരുന്നത്. ഭാസ്കര കാരണവരുടെ കിടപ്പുമുറിയിലെ അലമാരയുടെ പിടിയിൽ കാണപ്പെട്ട വിരലടയാളവും ബാസിത് അലിയുടേതാണെന്ന് പിന്നീടു തെളിഞ്ഞു.


2010 ജൂൺ 11നാണ് മാവേലിക്കര അതിവേഗ കോടതി ഷെറിനെ ശിക്ഷിച്ചത്. തുടർന്ന് ഷെറിൻ പൂജപ്പുര സെൻട്രൽ ജയിലിലെത്തി. വൈകാതെ ഇവരെ നെയ്യാറ്റിൻകര വനിതാ ജയിലിലേക്കു മാറ്റി. അവിടെ മൊബൈൽ ഫോൺ അനധികൃതമായി ഉപയോഗിച്ചതു പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാർച്ചിൽ ഷെറിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റി.


ഇവിടെ വച്ച് വെയിൽ കൊള്ളാതിരിക്കാൻ ഇവർക്ക് ജയിൽ ഡോക്ടർ കുട അനുവദിച്ചത് വലിയ വിവാദമായിരുന്നു. ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ഷെറിനെതിരെ പരാതി ഉണ്ടായി. പിന്നീട് 2017 മാർച്ചിൽ തിരുവനന്തപുരം വനിതാ ജയിലിലേക്കു മാറ്റി. കേസിലെ മറ്റ് പ്രതികൾ ജയിലിൽ തുടരുകയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.