റിട്ടയർഡ് എസ്പി അടിച്ച് മാറ്റിയത് മൂന്നു കോടി ഇരുപത്തിയഞ്ച് ലക്ഷം; പറഞ്ഞത് സോഫ്റ്റ് വെയർ റൈറ്റ്സ് വിൽപ്പന
ഉന്നതങ്ങളിൽ സ്വാധീനമുണ്ടെന്നും, പല കേസുകളും തീർപ്പാക്കിയിട്ടുണ്ടെന്നും പണം പോയ ആളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്
അങ്കമാലി: പോലീസുദ്യോഗസ്ഥൻ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ റിട്ടയേഡ് എസ് പി യെക്കതിരെ കേസെടുത്ത് പോലീസ്. സോഫ്റ്റ് വെയർ റൈറ്റ്സ് തട്ടിപ്പിനിരയായി രണ്ട് കേസിൽ പണം നഷ്ടപ്പെട്ടയാൾക്ക് പ്രതികളിൽ നിന്നും പണം വാങ്ങിത്തരാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ റിട്ടയേഡ് എസ്.പി സുനിൽ ജേക്കബ്ബിനെതിരെ കാലടി പോലീസ് കേസെടുത്തു.
സോഫ്റ്റ് വെയർ റൈറ്റ്സ് വിൽപനയിലൂടെ ലക്ഷങ്ങൾ ലാഭമുണ്ടാക്കാമെന്നു പറഞ്ഞ് ചൊവ്വര സ്വദേശിയിൽ നിന്ന് മൂന്നു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപതട്ടിയ കേസിലാണ് ഇടനിലക്കാരനായി നിന്ന് തട്ടിപ്പുകാരുടെ പക്കൽ നിന്ന പണം തിരികെ വാങ്ങിത്തരാമെന്ന് പറഞ്ഞ് ഒരു കേസിൽ ആറ് ലക്ഷത്തി ഇരുപതിനായിരത്തോളം രൂപയും, മറ്റൊരു കേസിൽ അമ്പതിനായിരം രൂപയും റിട്ടയേഡ് എസ്.പി സുനിൽ ജേക്കബ് തട്ടിയത്.
ഉന്നതങ്ങളിൽ സ്വാധീനമുണ്ടെന്നും, പല കേസുകളും തീർപ്പാക്കിയിട്ടുണ്ടെന്നും പണം പോയ ആളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. നഷ്ടപ്പെട്ട തുകയുടെ മുപ്പതു ശതമാനമാണ് കമ്മീഷനായി ഇൻവിസിബിൾ സ്‌പൈ വർക്ക് എന്ന സ്ഥാപനത്തിന്റെ മറവിൽ സുനിൽ ജേക്കബ്ബ് ആവശ്യപ്പെട്ടത്. വ്യവസ്ഥകൾ കാണിച്ച് എഗ്രിമെന്റ് തയ്യാറാക്കിയിരുന്നു.
അക്കൗണ്ട് വഴിയും നേരിട്ടുമാണ് പരാതിക്കാരൻ പണം നൽകിയത്. കലൂരിലുള്ള ഫ്ലാറ്റിൽ വച്ചാണ് പരാതിക്കാരൻ സുനിൽ ജേക്കബ്ബിനെ കണ്ടതെന്നും, എസ്.പിയാണെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയതെന്നും പരാതിയിൽ പറയുന്നു. പണം നഷ്ടപ്പെട്ടതിന് തന്റെ ഏജൻസി പരിഹാരം ഉണ്ടാക്കിത്തരുമെന്ന് പറഞ്ഞ് അമ്പതിനായിരം രൂപയും വാങ്ങി. സമാന സ്വഭാവമുള്ള മറ്റൊരു കേസിലേക്ക് ആറ് ലക്ഷത്തി ഇരുപതിനായിരത്തോളം രൂപയും തട്ടിയെടുത്തു.
കബളിപ്പിക്കട്ടെന്നറിഞ്ഞ ചൊവ്വര സ്വദേശി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി ചതിക്കുകയായിരുന്നു. ഇയാളിൽ നിന്ന് സമാനമായ തട്ടിപ്പ് നേരിട്ടവർ 0484 2462360 (കാലടി പി.എസ്) എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...