തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; കുറ്റിച്ചലിൽ വീടിന് നേരെ ബോംബേറ്
മലവിള സ്വദേശി കിരണിന്റെ വീടിന് നേരെയാണ് ബോംബാക്രമണമുണ്ടായത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം ശക്തമാകുന്നു. കുറ്റിച്ചല്‍ മലവിളയില്‍ വീടിന് നേരെ ബോംബെറിഞ്ഞു. കഴക്കൂട്ടം മേനംകുളത്ത് യുവാവിന് നേരെ ബോംബേറുണ്ടായതിന് മണിക്കൂറുകൾക്കുള്ളിലാണ് അടുത്ത സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴക്കൂട്ടത്തുണ്ടായ ബോംബ് ആക്രമണത്തിൽ യുവാവിന്റെ വലതുകാൽ ചിന്നിച്ചിതറി. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇതിനിടെയാണ്, മലവിള സ്വദേശി കിരണിന്റെ വീടിന് നേരെ ബോംബാക്രമണമുണ്ടായത്. നിരവധി കേസില്‍ പ്രതിയായ അനീഷ് എന്നയാളാണ് ബോംബെറിഞ്ഞതെന്നാണ് പോലീസ് പറയുന്നത്. ഗുണ്ടാ സംഘങ്ങളെക്കുറിച്ചുള്ള വിവരം പോലീസിന് നല്‍കിയതിന്റെ പേരിലായിരുന്നു ആക്രമണം. നെയ്യാര്‍ ഡാം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കഴക്കൂട്ടം സംഭവത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തുമ്പ സ്വദേശി ലിയോൺ ജോൺസൺ (32), കുളത്തൂർ സ്റ്റേഷൻ കടവ് സ്വദേശി അഖിൽ (21), വലിയവേളി സ്വദേശി രാഹുൽ ബനടിക്ട് (23) വെട്ടുകാട് ബാലനഗർ സ്വദേശി ജോഷി (23) എന്നിവരെയാണ് പിടികൂടിയത്. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...