Kattakkada Student Murder: പത്താം ക്ലാസ് വിദ്യാർഥിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജൻ പിടിയിൽ
പൂവച്ചല്‍ സ്വദേശികളായ അരുണ്‍കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖര്‍ ഓഗസ്റ്റ് മുപ്പതിന് വൈകിട്ടാണ് വീടിന് സമീപത്തെ റോഡിൽ വച്ച് കാറിടിച്ച് മരിച്ചത്
തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിലുള്ള പ്രതി പ്രിയരഞ്ജൻ പൊലീസ് പിടിയിലായെന്ന് സൂചന. തിരുവനന്തപുരം കളിയിക്കാവിളയിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് സൂചന. സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. ഇയാൾ നിലവിൽ പോലീസ് കസ്റ്റഡിയിലാണെന്നും ചോദ്യം ചെയ്തുവരികയാണെന്നും സൂചനയുണ്ട്. ഇയാൾക്കെതിരെ നരഹത്യക്ക് പോലീസ് കേസെടുത്തിരുന്നു.
പൂവച്ചല്‍ സ്വദേശികളായ അരുണ്‍കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖര്‍ ഓഗസ്റ്റ് മുപ്പതിന് വൈകിട്ടാണ് വീടിന് സമീപത്തെ റോഡിൽ വച്ച് കാറിടിച്ച് മരിച്ചത്. സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് കൊലപാതകമാണെന്ന സംശയം ബലപ്പെട്ടത്. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൻറെ മുൻവശത്ത് വച്ചാണ് ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ അപകടം നടന്നത്.
ആദി ശേഖറിനടുത്ത് ഇരുപതു മിനിറ്റോളം കാർ നിർത്തിയിട്ടിരുന്നു. മറ്റൊരു കുട്ടിയുടെ കയ്യിൽ നിന്നും ആദി ശേഖർ സൈക്കിൾ വാങ്ങി ഓടിക്കുന്നതിനിടെ കാർ അമിത വേഗത്തിൽ വന്ന് കുട്ടിയെ ഇടിച്ചിടുകയും ശരീരത്തിലൂടെ കയറിയിറങ്ങുകയും ആയിരുന്നു. ഈ ദൃശ്യം ക്ഷേത്രത്തിലെ സിസി ടിവി കാമറയിൽ പതിഞ്ഞിരുന്നു.കാർ ഉടമ പ്രിയ രഞ്ജൻ കുട്ടി വരുന്നത് വരെ കാത്തിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
കുട്ടിയുടെ അകന്ന ബന്ധുവായ പ്രിയ രഞ്ജൻ ആണ് കാർ ഓടിച്ചിരുന്നത്. മദ്യ ലഹരിയിലാണ് കാർ ഓടിച്ചിരുന്നതെന്നും നാട്ടുകാരിൽ ചിലർ പോലീസിനോട് പറഞ്ഞു. ഒരാഴ്‌ച മുന്നേ ക്ഷേത്രത്തിന് മുൻവശത്തെ സ്ഥലത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ ബോളിൽ പ്രിയ രഞ്ജൻ മൂത്രം ഒഴിച്ചതിനെ തുടർന്ന് കുട്ടികൾ രക്ഷിതാക്കളോട് പറയുമെന്ന് പറഞ്ഞതിൽ പ്രകോപിതനായ ഇയാൾ മനപ്പൂർവം കുട്ടിയെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് ആരോപണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...