Crime: പിടിയിലാവാതിരിക്കാൻ മതം മാറി,പേര് മാറ്റി; എന്നിട്ടും പൊക്കി കേരളാ പോലീസ്
സംഭവത്തിന് ശേഷം ഗുജറാത്തിലും , കർണ്ണാടകയിലും അടക്കം സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലായി മുങ്ങി നടക്കുകയായിരുന്നു
തിരുവനന്തപുരം: കൊലപാതക ശ്രമം അടക്കം നിരവധി കേസുകളിൽ ഉൾപ്പെട്ട് മുങ്ങി നടന്ന പ്രതിയെ വിദഗ്ധമായി പോലീസ് പിടികൂടി. കണ്ണങ്കരക്കോണം കൈതറ വീട്ടിൽ ദീപുവിനെയാണ് (36) ചിറയിൽകീഴ് പോലീസ് അറസ്റ്റ് ചെയ്തത്. നാലു വർഷത്തിനുമുൻപ് ചിറയിൽകീഴിൽ മുകേഷ് എന്നിയാളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് ദീപു.
സംഭവത്തിന് ശേഷം ഗുജറാത്തിലും , കർണ്ണാടകയിലും അടക്കം സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലായി മുങ്ങി നടക്കുകയായിരുന്നു. രണ്ട് വർഷത്തിന് മുമ്പാണ് ഇയാൾ മലപ്പുറത്തുള്ള സുഹൃത്ത് മുഖേന അങ്ങാടിപ്പുറത്തിന് സമീപം വഴിപ്പാറയിൽ എത്തുകയും മുസ്ലീം മതം സ്വീകരിച്ച് മുഹമ്മദാലി ആവുകയും ചെയ്തു. പിന്നീട് അവിടെ നിന്നും വിവാഹം ചെയ്ത് ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. പോലീസ് പിടിയിലാവാതിരിക്കാൻ ഇയാൾ ബന്ധുക്കളുമായോ , സുഹൃത്തുക്കളുമായോ ഫോണിൽ ബന്ധപ്പെട്ടിരുന്നില്ല.
പ്രതി മലപ്പുറത്തുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആഴ്ചകളോളം താമസിച്ച് പോലീസ് സംഘം നടത്തിയ വിദഗ്ദമായ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് അന്വേഷണ സംഘം പിടികൂടിയത്.പോത്തൻകോട് കൊലപാതക കേസ്സിലെ മുഖ്യപ്രതിയായ ഒട്ടകം രാജേഷിന്റെ കൂട്ടാളിയായ ഇയാൾക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി സ്ത്രീകളുടെ മാല പിടിച്ചുപറി , കവർച്ച അടക്കം ഇരുപതോളം കേസ്സുകളുണ്ട്
മലപ്പുറത്ത് ഇയാളുടെ നിയമ വിരുദ്ധമായ ഇടപാടുകളെ കുറിച്ച് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിനെ കുറിച്ച് മലപ്പുറം പോലീസുമായി ചേർന്ന് വിശദമായ അന്വേഷണം നടത്തും. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.