എല്‍ദോസ് കുന്നപ്പിള്ളിയെ ക്രൈംബ്രാഞ്ച് സംഘം ഉടൻ കസ്റ്റഡിയിലെടുത്തേക്കുമെന്ന് റിപ്പോർട്ട്
എല്‍ദോസിനെതിരെ ബലാല്‍സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് സംഘം ഉടന്‍ കസ്റ്റഡിയില്‍ എടുത്തേക്കുമെന്ന് സൂചന.
തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ ക്രൈംബ്രാഞ്ച് സംഘം ഉടന്‍ കസ്റ്റഡിയില്‍ എടുത്തേക്കുമെന്ന് റിപ്പോർട്ട്. എല്‍ദോസിനെതിരെ ബലാല്‍സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് നടപടി വേഗത്തിലാക്കുന്നത്. ഇത് സംബന്ധിച്ച് നിയമസഭാ സ്പീക്കര്‍ക്ക് അന്വേഷണസംഘം കത്ത് നല്‍കും. ഇതിനിടയിൽ തിങ്കളാഴ്ച മുതല്‍ എല്‍ദോസ് ഒളിവിലാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി നാളെ പരിഗണിക്കും. അതിന്റെ അടിസ്ഥാനത്തിൽ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അപേക്ഷ അന്വേഷണസംഘം ഇന്ന് കോടതിയില്‍ നല്‍കും.
Also Read: എൽദോസ് കുന്നപ്പള്ളിക്കെതിരെ ബലാത്സംഗക്കുറ്റവും; എംഎൽഎയെ തേടി പോലീസ്
എല്‍ദോസിനെതിരെ ബലാത്സംഗ കുറ്റവും ചുമത്തിയത് പരാതിക്കാരിയുടെ ശക്തമായ മൊഴിയുടെ അടിസ്ഥാനത്തിലാണ്. എംഎല്‍എ വിവാഹ വാഗ്ദാനം നല്‍കി പല സ്ഥലങ്ങളിലും കൊണ്ടുപോയി തെങ്ങ് പീഡിപ്പിച്ചുവെന്ന് അധ്യാപിക കൂടിയായ പരാതിക്കാരി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. എംഎല്‍എ കുരിശുമാല തന്റെ കഴുത്തിലിട്ട് സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും യുവതി മൊഴി നല്‍കി. പരാതിക്കാരിയുടെ മൊഴി പൂര്‍ണമായി രേഖപ്പെടുത്തിയ ശേഷമാണ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തി നെയ്യാറ്റിന്‍കര കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനിടയിൽ എല്‍ദോസിനെതിരെ ബലാത്സംഗ കുറ്റം ചുമത്തിയതിന് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ എല്‍ദോസിനോട് വിശദീകരണം തേടിയിട്ടുണ്ട്. അദ്ദേഹം ഒളിവിലാണോയെന്ന് അറിയില്ല. കേസുമായി ബന്ധപ്പെട്ട് ഉയരുന്ന മറ്റ് കാര്യങ്ങളും പരിശോധിക്കും. എല്‍ദോസിനെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ഇപ്പോള്‍ പറയുന്നില്ല എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
Also Read: വെള്ളത്തിൽ നിന്നും കരയിലേക്കിറങ്ങിയ മുതലയെ വളഞ്ഞ് സിംഹക്കൂട്ടം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് എട്ട് മണിക്കൂറോളം സമയമെടുത്താണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎക്കെതിരെ കൂടുതൽ വകുപ്പുകൾ അന്വേഷണ സംഘം ചുമത്തിയത്. തന്റെ പക്കൽ ഡിജിറ്റൽ തെളിവുകളുണ്ടെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഫോണ്‍ ഹാജരാക്കാൻ പോലീസ് നോട്ടീസ് നൽകിയിരുന്നു. കാറിൽ വെച്ച് തന്നെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ താൻ പരാതി നൽകിയതോടെ കേസ് ഒത്തുതീർക്കാൻ ശ്രമിച്ചെന്നും കൂടാതെ പണം വാഗ്ദാനം ചെയ്തെന്നും യുവതി മൊഴി നൽകിയിരുന്നു. കോവളത്ത് വച്ച് കാറിൽ യാത്ര ചെയ്യുമ്പോൾ മർദ്ദിച്ചുവെന്നാണ് പരാതി. എന്നാൽ യുവതി നേരത്തെ മൊഴി നൽകാൻ തയ്യാറായിരുന്നില്ല.
Also Read: Hair Care Tips: നരച്ച മുടിയിൽ ആശങ്കാകുലരാണോ നിങ്ങൾ? എന്നാൽ ഈ ഇല ഉപയോഗിക്കൂ, ഫലം ഉറപ്പ്
യുവതിയെ കാണാനില്ലെന്ന് കാണിച്ച് സുഹൃത്ത് കഴിഞ്ഞ ദിവസം പോലീസിനെ അറിയിച്ചിരുന്നു. തുടർന്ന് പരാതിക്കാരി പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തുകയായിരുന്നു. തനിക്ക് മേൽ സമ്മർദ്ദമുണ്ടെന്നും ഭീതിയുണ്ടെന്നും യുവതി അറിയിച്ചതോടെ നെയ്യാറ്റിൻകര പോലീസ് ഇവരുമായി കോവളത്തേക്ക് തെളിവെടുപ്പിന് പോവുകയായിരുന്നു. കഴിഞ്ഞമാസം 14 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പിന്നീട് സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതി കോവളം പോലീസിന് കൈമാറി. എന്നാൽ കേസിൽ രണ്ട് തവണ മൊഴി നൽകാനായി അധ്യാപികയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും ബന്ധുക്കളുമായി ആലോചിച്ച ശേഷം വിശദമായ മൊഴി നൽകാമെന്നായിരുന്നു യുവതി പറഞ്ഞത്.
സംഭവം വിവാദമായതോടെ എംഎൽഎ ഒളിവിലാണ്. മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ച കുന്നപ്പിള്ളിക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. അതേസമയം കുന്നപ്പിള്ളിക്കെതിരെയുള്ള പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ച കോവളം എസ്എച്ച്ഒയെ സ്ഥലം മാറ്റി. കോവളം എസ്എച്ച്ഒയായ ജി.പ്രിജുവിനെ ആലപ്പുഴ പട്ടണക്കാട് സ്റ്റേഷനിലേക്ക് സ്ഥലമാറ്റി കൊണ്ട് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഉത്തരവിറക്കിയിരുന്നു. കേസിൽ കോവളം എസ്എച്ച്ഒയായ പ്രിജു എംഎൽഎയ്ക്കു വേണ്ടി ഒത്തുതീർപ്പിന് ശ്രമിച്ചുയെന്ന ആരോപണം പരാതിക്കാരിയായി യുവതി അന്വേഷണ സംഘത്തെ അറിയിച്ചതിനെ തുടർന്നാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഈ നടപടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...