Crime: ബുള്ളറ്റ് മോഷണം; കുപ്രസിദ്ധ മോഷ്ടാവ് ഫസലുദ്ദീൻ തങ്ങൾ പിടിയിൽ
Bullet: അപ്സര തിയേറ്ററിന് പുറകിലുള്ള പാർക്കിങ്ങിൽ നിർത്തിയിട്ട ബുള്ളറ്റ് ഓഗസ്റ്റ് പതിനെട്ടിന് അർദ്ധരാത്രിയോടെയാണ് മോഷണം പോയത്.
കോഴിക്കോട്: സിനിമാതിയേറ്ററിനടുത്തുള്ള പാർക്കിങ്ങിൽ വച്ച് ബുള്ളറ്റ് മോഷ്ടിച്ചയാളെ പോലീസ് പിടികൂടി. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഫസലുദ്ദീൻ തങ്ങൾ ആണ് പോലീസിന്റെ പിടിയിലായത്. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺപോലീസും നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് പിടിയിലായത്. ഓഗസ്റ്റ് പതിനെട്ടിന് രാത്രി അപ്സര തിയേറ്ററിന് പുറകിലുള്ള പാർക്കിങ്ങിൽ നിർത്തിയിട്ട ബുള്ളറ്റ് അർദ്ധരാത്രിയോടെയാണ് മോഷണം പോയത്.
കോഴിക്കോട് നിന്നും മോഷ്ടിച്ച ബുള്ളറ്റ് കുടിൽതോടുള്ള രഹസ്യകേന്ദ്രത്തിൽ ഒളിപ്പിച്ചശേഷം പ്രതി വയനാട്ടിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് മോഷ്ടിച്ച ബുള്ളറ്റ് രഹസ്യകേന്ദ്രത്തിൽ നിന്നും മാറ്റുന്നതിനായി ടൗണിൽ വന്നെങ്കിലും ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിൻ്റെ സിറ്റി ക്രൈം സ്ക്വാഡ് കേസ് ഏറ്റെടുത്തതറിഞ്ഞ് പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കർണ്ണാടക അതിർത്തിയിൽ ഒളിവിൽ കഴിയുകയായിരുന്നു. അന്വേഷണത്തിനിടെ വാവാട് താമരശ്ശേരി അടിവാരം ഭാഗങ്ങളിൽ രാത്രിയിൽ പ്രതിയെ കണ്ടതായി സിറ്റി ക്രൈം സ്ക്വാഡിന് വിവരം ലഭിച്ചെങ്കിലും കോഴിക്കോട് നിന്നും റൂറൽ പോലീസ് ലിമിറ്റിൽ എത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടു.
ALSO READ: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച് പോലീസുകാരന്‍; സിസിടിവി കുടുക്കി
തുടർന്ന് താമരശ്ശേരിയിൽ റിയൽ എസ്റ്റേറ്റ് ഏജൻ്റുമാരെന്ന പേരിൽ തങ്ങിയ ക്രൈം സ്ക്വാഡ് പ്രതി വാവാട് എത്തിയപ്പോൾ പിടികൂടുകയായിരുന്നു. ടൗൺ സബ്ബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻ പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ബുള്ളറ്റ് ഒളിപ്പിച്ച രഹസ്യകേന്ദ്രം പ്രതി പോലീസിനോട് വെളിപ്പെടുത്തി. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം ഷാലു, സി കെ സുജിത്ത്, ടൗൺ പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഇ ബാബു, സീനിയർ സി പി ഒ പി സജേഷ് കുമാർ, സി പി ഒമാരായ പി കെ രതീഷ്, പി ജിതേന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...