പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കുഴൽപ്പണവേട്ട. ആർപിഎഫിന്റെ പരിശോധനയിൽ ഒരു കോടി രണ്ട് ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവത്തിൽ രണ്ട് തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിലായി. മധുര സ്വദേശികളായ ഗണേശൻ, ബാലകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. പുലർച്ചെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് ഐലാന്റ് എക്‌സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്. സംശയം തോന്നി പ്രതികളെ പരിശോധിച്ചപ്പോഴാണ് കുഴൽപ്പണം കണ്ടെത്തിയത്. വയറിനോട് ചേർന്ന് കെട്ടിവെച്ച നിലയിലാണ് പണം കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നും കായംകുളത്തേക്ക് പണം കടത്താനായിരുന്നു പദ്ധതി. പ്രതികളെയും പിടികൂടിയ പണവും ഇൻകം ടാക്സ് ഡിപ്പാർട്മെന്റിന് കൈമാറി. പ്രതികൾ നേരത്തെയും സമാന രീതിയിൽ പണം കടത്തിയതായാണ് ഉദ്യോഗസ്ഥർ പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മാങ്ങാ മോഷണ കേസ്; പോലീസുകാരനെ പിരിച്ചുവിടാൻ തീരുമാനം


കോട്ടയം: പച്ചക്കറികടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പോലീസുകാരനെ പിരിച്ചുവിടാൻ തീരുമാനം. പിരിച്ചുവിടുന്നതിന് മുന്നോടിയായി പോലീസുകാരന് കാരണം കാണിക്കൽ നോട്ടീസ് കൈമാറി. ഇടുക്കി എസ്പി വി.യു. കുര്യാക്കോസാണ് നോട്ടീസ് കൈമാറിയത്. ഇടുക്കി എആർ ക്യാംപിലെ സിപിഒ കൂട്ടിക്കൽ പുതുപ്പറമ്പിൽ പി.വി. ഷിഹാബിനെതിരെയാണ് നടപടി. 15 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് നിർദേശം. മറുപടി കിട്ടിയശേഷമാകും അന്തിമ നടപടിയിലേക്ക് നീങ്ങുക. ഷിഹാബിനെതിരെ ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പിരിച്ചുവിടാൻ തീരുമാനിച്ചത്.


2022 സെപ്റ്റംബർ 30നാണ് സംഭവം. കോട്ടയത്തുനിന്ന് ജോലികഴിഞ്ഞു മടങ്ങുന്നതിനിടെ ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്നാണ് മാങ്ങ മോഷ്ടിച്ചത്. കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്. കടയില്‍ നിന്നും മാങ്ങ മോഷ്ടിച്ച് ബാഗിലിട്ട് കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ ഷിഹാബ് ഒളിവില്‍ പോവുകയായിരുന്നു. കടയുടമ നൽകിയ പരാതിയില്‍ പോലീസുകാരനെതിരെ കേസെടുത്തു. തുടർന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി ഷിഹാബിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.


സംഭവം പോലീസ് സേനയ്ക്ക് തന്നെ അപമാനമായതോടെ കേസ് ഒത്തു തീര്‍ക്കാനുള്ള ശ്രമമായി. കടയുടമ പോലീസുകാരനെതിരെയുള്ള പരാതിയും പിന്‍വലിച്ചു. കേസ് ഒത്തുതീർപ്പാക്കാനുള്ള അപേക്ഷ കോടതി അംഗീകരിച്ചതോടെ ഐ പി സി 379 പ്രകാരമുള്ള മോഷണ കേസിലെ തുടർ നടപടികൾ അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റ് എന്തെങ്കിലും കുറ്റങ്ങൾ ഉണ്ടെങ്കിൽ പോലീസിന് അന്വേഷിക്കാമെന്നും കോടതി അറിയിച്ചു. കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെങ്കിലും പോലീസ് സേനയുടെ സൽപേരിന് കളങ്കമായി എന്ന് ആരോപിച്ച് ഷിഹാബിനെ പിരിച്ചുവിടാൻ എസ്പി ആഭ്യന്തര വകുപ്പിന് ശുപാർശ ചെയ്യുകയായിരുന്നു. കാരണം കാണിക്കൽ നോട്ടീസിന് മറുപടി ലഭിച്ചാലുടൻ പിരിച്ചു വിടാനുള്ള നടപടി സ്വീകരിക്കുമെന്ന് ഇടുക്കി എസ്പി പറഞ്ഞു. മുണ്ടക്കയം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിലെ പ്രതിയാണ് ഷിഹാബ്. 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.