Crime: കോതമംഗലത്ത് യുവാവിന് നേരെ വധശ്രമം; രണ്ട് പേർ അറസ്റ്റിൽ
Crime News: പാലമറ്റം ഇഞ്ചതൊട്ടി പഴുക്കാളിൽ വീട്ടിൽ ബേസിൽ ജോയി (25), സഹോദരൻ ആൽബിൻ ജോയ് (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൊച്ചി: യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കോതമംഗലത്താണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം നടന്നത്. ബാറിലുണ്ടായ തർക്കത്തെ തുടർന്നാണ് ആക്രമണം ഉണ്ടായത്. പാലമറ്റം ഇഞ്ചതൊട്ടി പഴുക്കാളിൽ വീട്ടിൽ ബേസിൽ ജോയി (25), സഹോദരൻ ആൽബിൻ ജോയ് (22) എന്നിവരാണ് അറസ്റ്റിലായത്.
ആക്രമണത്തിൽ പരുക്കേറ്റ യുവാവും പ്രതികളുടെ സുഹൃത്തും ചീക്കോട് പ്രവർത്തിക്കുന്ന ബാറിന് സമീപം വച്ച് വഴക്കുണ്ടായി. തുടർന്നാണ് പ്രതികൾ ആക്രമണം നടത്തിയത്. ഇൻസ്പെക്ടർ പി.ടി. ബിജോയ്, എസ്.ഐ എം.എം. റജി, എ.എസ്.ഐമാരായ കെ.എം. സലിം, വി.എം. രഘുനാഥ്, എസ്.സി.പി.ഒമാരായ കെ.കെ. അനീഷ്, എൻ. നിസാന്ത്കുമാർ, സി.പി.ഒ കെ.ടി. നിജാസ് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വർക്കലയിൽ കോളേജ് വിദ്യാർത്ഥികളെ മാരകായുധങ്ങളുമായി എത്തിയ സംഘം മർദ്ദിച്ചു
വർക്കലയിൽ കോളേജ് വിദ്യാർത്ഥികളെ മാരകായുധങ്ങളുമായി എത്തിയ പന്ത്രണ്ടംഗ സംഘം മർദ്ദിച്ചു. ശിവഗിരിയിലെ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അവസാന വർഷ ബികോം വിദ്യാർത്ഥികളായ നാല് പേർക്കാണ് മർദനമേറ്റത്. ഫെബ്രുവരി 16 രാവിലെ 11.45ന് ആണ് ആക്രമണം ഉണ്ടായത്. വർക്കല പാലച്ചിറ ജംഗ്ഷനിൽ നിന്നും വർക്കല എസ്എൻ കോളേജ് റോഡിലേക്ക് പോകുന്ന വഴിയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. മാരകായുധങ്ങളുമായി ബൈക്കിലെത്തിയ പന്ത്രണ്ടോളം പേരാണ് മർദ്ദിച്ചതെന്നാണ് വിദ്യാർഥികൾ പറയുന്നത്.
വാളും ഇരുമ്പ് കമ്പിയും ഉപയോഗിച്ചാണ് മർദ്ദിച്ചത്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് വിദ്യാർത്ഥികൾ റോഡരികിൽ നിൽക്കുകയായിരുന്നു. ഈ സമയത്താണ് പ്രതികൾ ആക്രമണം നടത്തിയത്. ആക്രമണത്തെ തുടർന്ന് പരിക്കേറ്റ അഖിൽ മുഹമ്മദ്, വിപിൻ, സിബിൻ, ആഷിക് എന്നിവരെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോളജിലെ തന്നെ ഇവരുടെ സുഹൃത്ത് ആയ അജ്മൽ എന്ന വിദ്യാർത്ഥിയുടെ സുഹൃത്തുക്കൾ പതിവായി ഇവരുടെ കോളേജിൽ എത്താറുണ്ടായിരുന്നു. ഇവരുടെ സഹപാഠികളായ പെൺ സുഹൃത്തുക്കളെ ശല്യം ചെയ്യുന്ന രീതിയിൽ ഇൻസ്റ്റാഗ്രാമിൽ അനാവശ്യ മെസ്സേജുകൾ അയക്കാറുണ്ടെന്നും ഇത് കോളജിൽ വച്ച് ചോദ്യം ചെയ്യുകയും വാക്കേറ്റം ഉണ്ടാവുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്ന് അജ്മലും അജ്മലിന്റെ സുഹൃത്തുക്കളായ ഫാരീസ്, യാസീൻ എന്നിവരടങ്ങുന്ന സംഘമാണ് മാരകായുധങ്ങളുമായി തങ്ങളെ മർദ്ദിച്ചത് എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. യാസീൻ കൈയ്യിൽ കരുതിയിരുന്ന വാൾ കൊണ്ട് വെട്ടുകയായിരുന്നുവെന്നും കമ്പി പാരകൊണ്ട് തലയ്ക് അടിച്ചു എന്നും വിദ്യാർത്ഥികൾ പറയുന്നു. തുടർന്ന് തറയിലിട്ട് ചവിട്ടിയതായും വിദ്യാർത്ഥികൾ പോലീസിന് നൽകിയ പരാതിയിൽ പറയുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...