Crime: കിണറ്റിൽ കണ്ടത് മനുഷ്യൻറെ അസ്ഥികൂടം, കൂടുതൽ അന്വേഷണം
പരിശോധന നടത്തിയെങ്കിലും വെളിച്ചക്കുറവുമൂലം തിങ്കളാഴ്ചത്തേയ്ക്ക് അന്വേഷണം മാറ്റുകയായിരുന്നു.
കണ്ണൂർ: ചെറുപുഴ കോലുവള്ളിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറിൽ കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥികൂടം എന്ന് സ്ഥിരീകരിച്ചു.കള്ളപ്പാത്തി റോഡരികിലുള്ള കിണറിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അസ്ഥികൂടമെന്ന് സംശയിക്കുന്ന വസ്തു കണ്ടവിവരമറിഞ്ഞ് ചെറുപുഴ പോലീസ് സ്ഥലത്തെത്തിയിരുന്നു.
പരിശോധന നടത്തിയെങ്കിലും വെളിച്ചക്കുറവുമൂലം തിങ്കളാഴ്ചത്തേയ്ക്ക് അന്വേഷണം മാറ്റുകയായിരുന്നു. ഇന്ന് കിണറിലെ വെള്ളം വറ്റിച്ചു പരിശോധന നടത്തി. ഫോറൻസിക് വിഭാഗവും പോലീസ് നായയും സ്ഥലത്തെത്തിയിരുന്നു.
ചെളിയുള്ളതിനാൽ അതും നീക്കം ചെയ്താണ് അസ്ഥികൂടം പുറത്തെടുത്തത്. രണ്ട് മാസം മുൻപ് അടയ്ക്ക ശേഖരിക്കാൻ എത്തിയവരാണ് ഇവ ആദ്യം കണ്ടതെങ്കിലും ഞായറാഴ്ചയാണ് ഇവർ നാട്ടുകാരോട് വിവരം പറഞ്ഞത്. തുടർന്നു നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു.
ചെറുപുഴ എസ്ഐ എം.പി. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയാണ് അസ്ഥികൂടം മനുഷ്യന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചത്. കിണറിൽ നിന്നും ചെരുപ്പും ഷർട്ടും ലഭിച്ചിട്ടുണ്ട്. പ്രദേശത്ത് ആരെങ്കിലും അപ്രത്യക്ഷരായിട്ടുണ്ടോ എന്നതിൽ പോലിസ് അന്വേഷണം നടത്തിവരികയാണ്.മനുഷ്യാസ്ഥികൂടം വിശദ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...