Drug Mafia: ലഹരിമാഫിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി; കെട്ടിയിട്ട് ലഹരി നല്‍കി ക്രൂരമായി മര്‍ദിച്ചെന്ന് യുവാവ്
Crime News: വിദേശത്തുനിന്ന് അവധിക്കെത്തിയ കോലളമ്പ് സ്വദേശി ഫര്‍ഹല്‍ അസീസ് (23) ആണ് ആക്രമണത്തിന് ഇരയായത്.
മലപ്പുറം: പ്രവാസിയുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് ലഹരി നല്‍കി മര്‍ദിച്ചതായി പരാതി. പണവും തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകളും ഫോണും കവര്‍ന്ന സംഘം യുവാവിനെ നഗ്നനാക്കി ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദേശത്തുനിന്ന് അവധിക്കെത്തിയ കോലളമ്പ് സ്വദേശി ഫര്‍ഹല്‍ അസീസ് (23) ആണ് ആക്രമണത്തിന് ഇരയായത്. ഡിസംബര്‍ 24ന് വൈകിട്ട് ഏഴോടെയാണ് സുഹൃത്തുക്കളായ രണ്ടുപേര്‍ ചേര്‍ന്ന് ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയത്.
രാത്രി കോലളമ്പിലെ വയലില്‍ നേരം പുലരുവോളം ഇരുപതോളം പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് കാളാച്ചാലിലെ സുഹൃത്തിന്റെ വീട്ടിലെത്തിച്ചും മർദ്ദനം തുടര്‍ന്നു. ഇതിനിടെ, മൊബൈലും പണവും രേഖകളും കവര്‍ന്ന സംഘം പൂര്‍ണനഗ്നനാക്കി വിഡിയോ ചിത്രീകരിക്കുകയും ചെയ്തു. പിറ്റേന്ന് ശരീരം മുഴുവന്‍ പരിക്കുകളോടെ ചങ്ങരംകുളം കോലിക്കരയില്‍ ഇവരുടെ വാടകവീടിന് മുന്നില്‍ ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ലഹരിമാഫിയ സംഘത്തിന്റെ ഭീഷണി ഭയന്ന് ബൈക്കില്‍ നിന്ന് വീണതാണെന്നാണ് യുവാവ് ആദ്യം വീട്ടുകാരോട് പറഞ്ഞിരുന്നത്.
കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി തിരിച്ച് വീട്ടിലെത്തിയപ്പോള്‍ ശരീരം മുഴുവന്‍ അടിയേറ്റ പാടുകള്‍ കാണുകയും എഴുന്നേറ്റ് നില്‍ക്കാന്‍പോലും കഴിയാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ലഹരി ഉപയോഗിച്ചിരുന്ന സംഘം തന്നെ കെട്ടിയിട്ട് എംഡിഎംഎ മയക്കുമരുന്ന് തന്റെ മൂക്കിലേക്ക് വലിപ്പിച്ചു. പിന്നീട് ക്രൂരമായി മര്‍ദ്ദിച്ചെന്നും യുവാവ് പറഞ്ഞു. സംഭവം പുറത്ത് പറഞ്ഞാല്‍ നഗ്നവിഡിയോ പുറത്ത് വിടുമെന്നും ജീവിക്കാന്‍ സമ്മതിക്കില്ലെന്നും സംഘം ഭീഷണിപ്പെടുത്തിയതായും യുവാവ് പറയുന്നു. സംഘത്തില്‍പ്പെട്ട യുവാവിന്റെ സഹോദരിയുമായി പ്രണയത്തിലായിരുന്ന ഫര്‍ഹലിനെ ഈ വിഷയം സംസാരിക്കാനാണെന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ട് പോയത്. സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...