Crime: പോസ്റ്റ് ഓഫീസ് വഴി ലഹരിക്കടത്ത്; നെതർലാൻ്റിൽ നിന്നും ഓൺലൈനായി എത്തിച്ച 70 എൽഎസ്ഡി സ്റ്റാമ്പുകൾ പിടികൂടി
LSD seized from post office: സംഭവത്തിൽ കൂത്തുപറമ്പ് പാറാൽ സ്വദേശി കെ.പി.ശ്രീരാഗിനെ എക്സൈസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ: ഓൺലൈൻ വഴി കൂത്തുപറമ്പ് പോസ്റ്റ് ഓഫീസിൽ എത്തിച്ച വൻ മയക്ക് മരുന്ന് ശേഖരം എക്സൈസ് പിടികൂടി. സംഭവത്തിൽ കൂത്തുപറമ്പ് പാറാൽ സ്വദേശി കെ.പി.ശ്രീരാഗിനെ എക്സൈസ് അറസ്റ്റ് ചെയ്തു. നെതർലാൻ്റിൽ നിന്നും ഓൺലൈനായി എത്തിച്ച 70 എൽഎസ്ഡി സ്റ്റാമ്പുകളാണ് എക്സൈസ് പിടികൂടിയത്.
നെതർലാൻ്റിലെ റോട്ടർഡാമിൽ നിന്നും ഓൺലൈനായി എത്തിച്ച 70 എൽഎസ്ഡി സ്റ്റാമ്പുകളാണ് കൂത്തുപറമ്പ് എക്സൈസ് പിടികൂടിയത്. കൂത്ത്പറമ്പ് പോസ്റ്റ് ഓഫീസിൽ ഓൺലൈൻ വഴി തപാലിൽ എത്തിച്ചതായിരുന്നു മാരക മയക്ക് മരുന്ന് ആയ എൽഎസ്ഡി സ്റ്റാമ്പുകൾ. മയക്കുമരുന്ന് കൈപ്പറ്റുന്നതിനിടയിൽ കൂത്തുപറമ്പ് പാറാൽ സ്വദേശി കെ.പി.ശ്രീരാഗിനെ എക്സൈസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ്.ജനീഷും സംഘവും ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
ALSO READ: കർണാടകയിൽ നിന്നും മയക്കുമരുന്ന് കടത്തിയ യുവാവ് കായംകുളത്ത് അറസ്റ്റിൽ
കൂത്തുപറമ്പ് പോസ്റ്റ് ഓഫിസിൽ സംശയാസ്പദമായി എത്തിയ തപാൽ കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുകയും സ്റ്റാമ്പുകൾ കണ്ടെടുക്കുകയുമായിരുന്നു. എക്സൈസ് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് വിലാസക്കാരൻ കൂത്തുപറമ്പ് പാറാൽ സ്വദേശി ശ്രീരാഗ് ആണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് മഫ്തിയിൽ പ്രത്യേക സംഘം വിടിന് സമീപം വെച്ച് ശ്രീരാഗിനെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ മെയ് 1ന് ഡാർക്ക് വെബ് വഴിയാണ് സ്റ്റാമ്പുകൾ ഓർഡർ ചെയ്തത് എന്നും ആ സ്റ്റാമ്പുകളാണ് പോസ്റ്റ് ഓഫീസിൽ വന്നത് എന്നും യുവാവ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഡാർക് വെബ്ബിൽ പ്രത്യേക അക്കൗണ്ട് സൃഷ്ടിച്ച് ബിറ്റ്കോയിൻ കൈമാറ്റം വഴിയാണ് എൽഎസ്ഡി എത്തിച്ചത്. കഞ്ചാവ് കൈവശം വെച്ചതിന് ശ്രീരാഗിന്റെ പേരിൽ മുമ്പും കൂത്തുപറമ്പ് എക്സൈസ് കേസ് എടുത്തിട്ടുണ്ട്. പ്രതിയുടെ കൈയ്യിൽ നിന്നും പിടികൂടിയ 70 എൽഎസ്ഡി സ്റ്റാമ്പുകൾ 1607 മില്ലിഗ്രാം തൂക്കം വരുന്നതാണ്. കേവലം 100 മില്ലിഗ്രാം കൈവശം വെച്ചാൽ 10 വർഷം മുതൽ 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. പിടികൂടിയ സ്റ്റാമ്പുകൾക്ക് മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കും.
പ്രിവൻ്റ്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലിൽ, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രജീഷ് കോട്ടായി, സുബിൻ.എം, ശജേഷ്.സി.കെ, വിഷ്ണു .എൻ.സി, എക്സൈസ് ഡ്രൈവർ ലതിഷ് ചന്ദ്രൻ എന്നിവരുൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...