Elanthoor Human Sacrifice: ഇലന്തൂർ നരബലി കേസ്; മനുഷ്യ മാംസം വിൽക്കാമെന്ന് കൂട്ടുപ്രതികളെ വിശ്വസിപ്പിച്ചു, നിർണായക വെളിപ്പെടുത്തലുമായി ഒന്നാം പ്രതി മുഹമ്മദ് ഷാഫി
Elanthoor human sacrifice : നരബലി നടത്തിയ ശേഷം 20 ലക്ഷം രൂപയ്ക്ക് മനുഷ്യ മാംസം വിൽക്കാമെന്ന് കൂട്ടുപ്രതികളായ ഭഗവൽ സിംഗിനെയും ലൈലയെയും വിശ്വസിപ്പിച്ചിരുന്നതായി പ്രതി വ്യക്തമാക്കി.
ഇലന്തൂർ നരബലി കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഒന്നാം പ്രതി മുഹമ്മദ് ഷാഫി. നരബലി നടത്തിയ ശേഷം 20 ലക്ഷം രൂപയ്ക്ക് മനുഷ്യ മാംസം വിൽക്കാമെന്ന് കൂട്ടുപ്രതികളായ ഭഗവൽ സിംഗിനെയും ലൈലയെയും വിശ്വസിപ്പിച്ചിരുന്നതായി പ്രതി വ്യക്തമാക്കി. ഇത്തരത്തിൽ വിൽക്കാനാണ് മാസം ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. കൂടാതെ മനുഷ്യന്റെ മാറിടത്തിനും ഹൃദയത്തിനും കരളിനും കൂടുതൽ വില ലഭിക്കുമെന്നും ഇരുവരെയും വിശ്വസിപ്പിച്ചതായി ഷാഫി പറഞ്ഞു. ഇത്തരത്തിൽ മാംസം വിറ്റ് ലഭിക്കുന്ന പണം കൊണ്ട് സാമ്പത്തിക അഭിവൃത്തി നേടാമെന്നാണ് ഷാഫി ഇരുവരോടും പറഞ്ഞത്. കൂടാതെ കൊലപാതകത്തിന്റെ പേരിൽ ഇവരെ ഭീഷണിപ്പെടുത്തി പണം വാങ്ങാനും ഷാഫി പദ്ധതിയിട്ടിരുന്നു. കൂടാതെ ഇവരിൽ നിന്ന് 6 ലക്ഷം രൂപ വാങ്ങുകയും ചെയ്തിരുന്നു.
ആദ്യം റോസ്ലിനെ ബലി നൽകിയ ശേഷം ഭഗവൽ സിങും ലൈലയും സാമ്പത്തിഭിവൃദ്ധി ഉണ്ടാവാത്തതിനെ തുടർന്ന് ഷാഫിയെ സമീപിച്ചപ്പോൾ ബലി നൽകിയ രീതിയും സമയവും ശരിയായില്ല അതിനാലാണ് ഫലം ലഭിക്കാത്തതെന്നും ഷാഫി ഇരുവരെയും ധരിപ്പിക്കുകയായിരുന്നു. തുടർന്നാണ് ഇവർ രണ്ടാമത്തെ ഇരയായ പത്മയെ കണ്ടെത്തിയതും ബലി നൽകിയതും. ഇവരെ കൊലപ്പെടുത്തി പിറ്റേ ദിവസം തന്നെ മാംസം വാങ്ങാൻ ആൾ വരുമെന്നാണ് ഇവരോട് പറഞ്ഞത്. പിന്നീട് ആൾ വരില്ലെന്ന് പറഞ്ഞ് പറമ്പിൽ കുഴിച്ച് ഇടുകയായിരുന്നു.
അതേസമയം കൊല്ലപ്പെട്ട പത്മയുടെ മകൻ മൃതദേഹം വിട്ട് നൽകാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. കൊല്ലപ്പെട്ട് ആറ് ദിവസം കഴിഞ്ഞിട്ടും മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലാണ് ഉള്ളതെന്നും ഇത് വിട്ട് നൽകാനുള്ള നടപടി ക്രമങ്ങൾ കൂടുതൽ വേഗത്തിലാകണമെന്നും ആവശ്യപ്പെട്ടാണ് പത്മയുടെ മകൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. കൂടാതെ മൃതദേഹം കൊണ്ടു പോകാൻ സർക്കാർ സഹായം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹത്തിലെ ഡിഎൻഎ സാമ്പിൾ ശേഖരിക്കുന്നത് അടക്കമുള്ള നടപടികൾ ഇതിനോടകം തന്നെ പൊലീസ് ഉദ്യോഗസ്ഥർ പൂർത്തീകരിച്ചിട്ടുണ്ട്. എന്നാൽ മൃതദേഹം ഉടൻ തന്നെ വിട്ട് നൽകാനുള്ള സഹായം വേണമെന്നാണ് പത്മയുടെ മകൻ ആവശ്യപ്പെട്ടിരിക്കുന്നത്.
കൂടുതൽ സ്ത്രീകളെ ഉപദ്രവിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ പ്രതികളിൽ നിന്ന് വിവരങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണെന്ന് പ്രത്യേക സംഘം വ്യക്തമാക്കിയിരുന്നു. ഇരകളെ കൊന്ന് മാംസം കഴിച്ചതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ലൈല ഒഴികെ രണ്ടുപേരും മനുഷ്യമാംസം കറിവെച്ച് കഴിച്ചു. പ്രഷർ കുക്കറിലാണ് പാചകം ചെയ്തത്. അന്വേഷണ സംഘത്തോട് പ്രതികൾ ഇക്കാര്യം സമ്മതിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...