മല്ലപ്പള്ളി: പാസ്റ്റര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ. വീടുവെച്ച്‌ നല്‍കാമെന്നും ജോലി വാഗ്ദാനം നൽകിയും സ്വര്‍ണവും പണവും തട്ടിയെടുക്കുന്നതായിരുന്നു ഇയാളു‍ടെ രീതി. തിരുവല്ല കാവുംഭാഗം അടിയടത്തുചിറ ചാലക്കുഴിയില്‍ കൊച്ചുപറമ്പിൽ വീട്ടില്‍ സതീഷ് കുമാറിനെയാണ് (38) കീഴ് വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആനിക്കാട്, നൂറോന്മാവ് പ്രദേശങ്ങളില്‍ വിവിധ ആളുകളുടെ കൈയില്‍നിന്ന് പണവും സ്വര്‍ണവും തട്ടിയെടുത്തിട്ടുണ്ട്. ആളുകളുമായി സൗഹൃദം സ്ഥാപിച്ചതിനുശേഷം വിവിധ പള്ളികളുടെ നേതൃത്വത്തിന്‍ വീടുവെച്ച്‌ നല്‍കുന്നുണ്ടെന്ന് പറഞ്ഞ് നൂറോന്മാവ് സ്വദേശിയില്‍നിന്ന് ആദ്യം രജിസ്‌ട്രേഷന്‍ ഫീസായി 4500 രൂപ വാങ്ങുകയും തുടര്‍ന്ന് പലപ്പോഴായി 2,31,000 രൂപ കൈക്കലാക്കി.


ഈ സമയം കൊണ്ട് ഇയാള്‍ നൂറോന്മാവ് സ്വദേശിയുടെ സുഹൃത്തുകളില്‍നിന്നും മറ്റുമായി 4,50,000 രൂപയോളം കബളിപ്പിച്ച്‌ എടുത്തു. പല പള്ളികളുടെ പേരില്‍ രേഖകള്‍ ഉണ്ടാക്കിയാണ് ആളുകളെ വിശ്വാസിപ്പിക്കുന്നത്. പണം തട്ടുന്നതിനായി എത്തിയ പ്രതിയെ തടഞ്ഞുവെച്ച്‌ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. തിരുവല്ല ഡിവൈ.എസ്‌പി രാജപ്പന്റെ നിര്‍ദേശാനുസരണം കീഴ്‌വായ്പൂര് ഇന്‍സ്‌പെക്ടര്‍ സി.ടി. സഞ്ജയുടെ നേതൃത്വത്തില്‍ എസ്‌ഐ സലിം, എഎസ്‌ഐ അജു, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ പ്രവീണ്‍, ശശികാന്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. പ്രതിയുടെ വീട് പരിശോധിച്ചപ്പോള്‍ വ്യാജമായി ഉണ്ടാക്കിയ രജിസ്റ്ററുകളും പണമിടപാട് നടത്തിയ രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ പരാതികള്‍ ലഭിക്കാന്‍ സാധ്യതയുള്ളതായും പൊലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു