Rape Case : പീഡന പരാതി നൽകിയ ഇരയോട് ഗവ. പ്ലീഡർ കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടെന്ന് പരാതി; പോലീസ് കേസെടുത്തു
ചാവക്കാട് അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ കെ.ആർ രജിത്ത്കുമാറിനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
പീഡന പരാതി നൽകിയ യുവതിയോട് ഗവ. പ്ലീഡർ കേസ് പിൻവലിക്കാനും പ്രതികളെ സഹായിക്കാൻ മൊഴിമാറ്റിപ്പറയാനും ആവശ്യപ്പെട്ടെന്ന് പരാതി. യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു. ചാവക്കാട് അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ കെ.ആർ രജിത്ത്കുമാറിനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ചാവക്കാട് പോലീസ് കേസെടുത്തത്. ഇടുക്കി സ്വദേശിനിയായ യുവതിയാണ് പരാതി നൽകിയത്.
2016 ൽ ജോലി വാഗ്ദാനംചെയ്ത് ഗുരുവായൂരിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്ന കേസിലാണ് സംഭവം. കേസിലെ രണ്ട് പ്രതികളുടെ വിചാരണ കുന്നംകുളം സ്പെഷ്യൽ പോക്‌സോ കോടതിയിൽ നിലവിൽ നടന്ന് വരികെയാണ്. കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ താനാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ടാണ് ഗവ. പ്ലീഡർ പരാതിക്കാരിയെ സമീപിച്ചത്. കഴിഞ്ഞ ഡിസംബർ 16-ന് ചാവക്കാട്ടുള്ള തന്റെ ഓഫീസിലേക്ക് ഗവ. പ്ലീഡർ പരാതിക്കാരിയായ യുവതിയെ വിളിച്ച് വരുത്തുകയായിരുന്നു.
ചാവക്കാട് അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ കെ.ആർ രജിത്ത്കുമാറിന്റെ ഓഫീസിൽ എത്തിയ യുവതിയോട് പ്രതികളെ രക്ഷിക്കാൻ മൊഴി മാറ്റിപ്പറയാൻ ആവശ്യപ്പെടുകയായിരുന്നു. മൊഴി മാറ്റിപ്പറഞ്ഞാൽ മതിയായ നഷ്ടപരിഹാരം വാങ്ങിനൽകാമെന്നും പറഞ്ഞു. ഒത്തുതീർപ്പിനില്ലെന്ന നിലപാട് സ്വീകരിച്ചതോടെ ഭീഷണിപ്പെടുത്തിയതായും യുവതി കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഡ്വ. ചെമ്പൂർ വി.എസ്. ഷാജി മുഖേനയാണ് യുവതി അന്യായം ഫയൽ ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...