Honeytrap: രാത്രി 65കാരനെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി, ഹണിട്രാപ്പിൽ പെടുത്തി പണം തട്ടി; യുവതി പിടിയിൽ
Woman held in honey trap case: യുവതി ഉൾപ്പെടെ 6 പേർക്ക് എതിരെയാണ് സംഭവവുമായി ബന്ധപ്പെട്ട് കേസ് എടുത്തിരിക്കുന്നത്.
പെരിന്തൽമണ്ണ: 65കാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയ കേസിൽ യുവതി പിടിയിൽ. താഴെക്കോട് മേലേകാപ്പുപറമ്പ് പൂതംകോടൻ സബാനത്താണ് (37) അറസ്റ്റിലായത്. ആലിപ്പറമ്പ് സ്വദേശിയായ 65കാരൻറെ പരാതിയിലാണ് പോലീസ് നടപടി. യുവതിയെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു.
മൊബൈൽ ഫോണിലൂടെ ബന്ധം സ്ഥാപിച്ച യുവതി രാത്രിയിൽ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് പരാതി. വീടിന് പുറത്ത് എത്തിയപ്പോൾ അഞ്ചംഗ സംഘം ഫോട്ടോയും വീഡിയോയും പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. 2 ലക്ഷം രൂപയാണ് ഇവർ ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. കഴിഞ്ഞ മാർച്ച് 18നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
ALSO READ: ലക്ഷങ്ങളുടെ തട്ടിപ്പ്; ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റിൽ
സംഭവവുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ 6 പേർക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കേസിൽ ആലിപ്പറമ്പ് വട്ടപ്പറമ്പിൽ പീറാലി ഷബീറലി (36), താഴെക്കോട് ബിടാത്തി തൈക്കോട്ടിൽ ജംഷാദ് (22) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
പെരിന്തൽമണ്ണ സിഐ പ്രേംജിത്ത്, എസ്ഐ ഷിജോ സി തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതിനിടെ, അറസ്റ്റിലായ യുവതി 65കാരന് എതിരെയും പരാതി നൽകിയിട്ടുണ്ട്. മാർച്ച് 17ന് വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ 65കാരന് എതിരെ പോലീസ് കേസ് എടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...