Crime: ഗർഭിണിക്ക് ഇൻസുലിൻ നൽകിയതിൽ പിഴവ് ആരോപിച്ച് ആശുപത്രിക്ക് നേരെ ആക്രമണം; അഞ്ച് പേർക്കെതിരെ കേസ്
Hospital attacked in Neyyattinkara: ഗർഭിണിയായ യുവതിക്ക് ഇൻസുലിൻ നൽകിയതിൽ പിഴവുണ്ടായെന്ന് ആരോപിച്ചാണ് ബന്ധുക്കൾ ആക്രമണം നടത്തിയത്. സംഭവത്തിൽ ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകി.
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്വകാര്യ ആശുപത്രിക്ക് നേരെ ആക്രമണം. റോയൽ സിറ്റി ഹോസ്പിറ്റലിലാണ് ആക്രമണം നടന്നത്. ഗർഭിണിയായ യുവതിക്ക് ഇൻസുലിൻ നൽകിയതിൽ പിഴവുണ്ടായെന്ന് ആരോപിച്ചാണ് ബന്ധുക്കൾ ആക്രമണം നടത്തിയത്. സംഭവത്തിൽ ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകി.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഗർഭിണിയായ പഴയകട സ്വദേശി ആതിര (28) തിരുവനന്തപുരം എസ്എടിയിൽ ആയിരുന്നു ചികിത്സ തേടി വന്നിരുന്നത്. രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുതൽ ആയതിനാൽ എസ്എടി ആശുപത്രിയിൽ നിന്ന് നിർദ്ദേശിച്ച പ്രകാരം വീടിന് സമീപത്തെ റോയൽ സിറ്റി ആശുപത്രിയിൽ ഇൻസുലിൻ എടുക്കാൻ വരുന്നത് പതിവായിരുന്നു.
ALSO READ: V Muraleedharan: കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീട് ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
വെള്ളിയാഴ്ച ഇൻസുലിൻ എടുത്തപ്പോൾ അളവിൽ കൂടുതൽ ഇൻസുലിൻ എടുത്തെന്നാണ് ആരോപണം. അമിത പ്രമേഹം ഉള്ളതിനാൽ രണ്ട് തരത്തിലുള്ള ഇൻസുലിനുകളാണ് എസ്എടിയിലെ ഡോക്ടർമാർ ആതിരയ്ക്ക് നിർദ്ദേശിച്ചിരുന്നത്. റോയൽ ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന ഡ്യൂട്ടി നേഴ്സ് സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ഡോക്ടറെ കണ്ടതിന് ശേഷം ഇൻസുലിൻ എടുക്കാൻ ആതിരയോട് നിർദ്ദേശിച്ചിരുന്നുവെങ്കിലും മുഖവിലക്കെടുത്തില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ഇൻസുലിൻ പിഴവ് ചൂണ്ടിക്കാട്ടി നടന്ന വാക്ക് തർക്കം പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഫർണീച്ചറുകൾ ഉൾപ്പെടെ തല്ലിത്തകർത്തു. ഡോക്ടർക്കും നഴ്സിനും ഉൾപ്പെടെ മർദ്ദനമേറ്റതായും ചൂണ്ടിക്കാട്ടി പൂവാർ സ്റ്റേഷനിൽ ആശുപത്രി അധികൃതർ പരാതി നൽകിയിട്ടുണ്ട്.
ALSO READ: Gunda Attack: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; യുവാവിന് വെട്ടേറ്റു
ആതിരയുടെ അച്ഛൻ ബിജു, ഭർത്താവ് മിഥുൻ ചന്ദ്രൻ, ആതിരയുടെ പിതാവിന്റെ സഹോദരൻ അജു ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. നിലവിൽ ആതിര എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും പൂവാർ പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...