Fake Certificate Case: ഒടുവിൽ പിടിയിൽ; വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെ വിദ്യ പോലീസ് കസ്റ്റഡിയിൽ
മേപ്പയൂരിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഇറങ്ങി പോകുന്ന സമയത്താണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ കേസിലെ പ്രതി കെ വിദ്യ പിടിയിൽ. കോഴിക്കോട് നിന്നാണ് വിദ്യയെ പിടികൂടിയത്. പാലക്കാട് അഗളി പോലീസാണ് വിദ്യയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. വിദ്യയെ കോഴിക്കോട് നിന്ന് പാലക്കാടേക്ക് കൊണ്ടുവരും. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വിദ്യ ഒളിവിലായിരുന്നു. 15 ദിവസങ്ങൾക്ക് ശേഷമാണ് വിദ്യ പിടിയിലാകുന്നത്. വിദ്യക്കായി മേപ്പയൂർ, വടകര മേഖലകളിൽ പോലീസ് തെരച്ചിൽ നടത്തിയിരുന്നു.
പാലക്കാട് അഗളി പോലീസും കാസർകോട് നീലേശ്വരം പോലീസും വിദ്യക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുകളിൽ വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജികൾ കോടതി പിന്നീട് പരിഗണിക്കാനായി മാറ്റിയതിന് പിന്നാലെയാണ് വിദ്യയെ പോലീസ് പിടികൂടിയിരിക്കുന്നത്.
Also Read: വൈക്കത്ത് വള്ളം മുങ്ങി കുട്ടിയടക്കം 2 മരണം; 4 പേർ ആശുപത്രിയിൽ
മേപ്പയൂരിൽ ഒരു സുഹൃത്തിന്റെ വീട്ടിലാണ് വിദ്യ ഒളിവിൽ കഴിഞ്ഞിരുന്നത്. ഇവിടെ നിന്ന് ഇറങ്ങി പോകുന്ന സമയത്താണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റിയിരുന്നു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്‍റെ ബഞ്ചിലാണ് ഹർജി ഇന്നലെ പരിഗണനക്ക് എത്തിയത്. പിന്നാലെ നീലേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത വ്യാജരേഖ കേസിലും വിദ്യ മുന്‍കൂര്‍ ജാമ്യം തേടി. തിങ്കളാഴ്ചയാണ് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ വിദ്യ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
ജാമ്യം നിഷേധിക്കാനുള്ള കുറ്റം ചെയ്തിട്ടില്ലെന്നും അവിവാഹിതയാണെന്നും ആ പരിഗണന നല്‍കണമെന്നും വിദ്യ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ആരേയും കബളിപ്പിച്ചിട്ടില്ലെന്നും വിദ്യ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. ഈ മാസം 24 ന് ജാമ്യ ഹര്‍ജി കോടതി പരിഗണിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...