Karippur gold smuggling: അർജുൻ ആയങ്കി ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാർ ഉപേക്ഷിച്ച നിലിൽ കണ്ടെത്തി; നമ്പർ പ്ലേറ്റ് മാറ്റിയ നിലയിൽ
പരിയാരം മെഡിക്കൽ കോളജിന് സമീപത്താണ് ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്
കണ്ണൂർ: സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിൽ പ്രതിയായ അർജുൻ ആയങ്കി (Arjun Ayanki) ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാർ ഉപേക്ഷിച്ച നിലിൽ കണ്ടെത്തി. കാറിന്റെ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലാണ്. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിന് സമീപത്താണ് ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കാർ പൊലീസ് സ്റ്റേഷനിലേക്ക് (Police station) മാറ്റി.
ആളൊഴിഞ്ഞ പറമ്പിലാണ് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അഴീക്കോട് സ്വർണ്ണക്കടത്ത് (Gold smuggling) സംഘം ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാർ കണ്ടെത്തിയിരുന്നു. എന്നാൽ പൊലീസും എക്സൈസ് സംഘവും എത്തുന്നതിന് മുൻപ് കാർ അവിടെ നിന്നും മാറ്റി. അർജുന്റെ സംഘത്തിൽപ്പെട്ടവരാണ് കാർ കടത്തിയതെന്നാണ് സംശയിക്കുന്നത്.
അതേസമയം, അർജുൻ ആയങ്കിയ്ക്ക് വാഹനം എടുത്ത് നൽകിയ സജേഷിനെ സിപിഎം പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തത്. സിപിഎം മെയ്യാരം ബ്രാഞ്ച് അംഗമായിരുന്നു സജേഷ്. സംഭവത്തിൽ സജേഷിന് ജാഗ്രതക്കുറവ് സംഭവിച്ചതായി പാർട്ടി നിരീക്ഷിച്ചു. നേരത്തെ ഡിവൈഎഫ്ഐയും (DYFI) സജേഷിനെ പുറത്താക്കിയിരുന്നു. ഡിവൈഎഫ്ഐ ചെമ്പിലോട് മേഖല സെക്രട്ടറിയായിരുന്നു സജേഷ്.
മൂന്ന് വർഷം മുമ്പ് ഡിവൈഎഫ്ഐയുടെ ഭാരവാഹിത്വത്തിൽ നിന്ന് അർജുൻ ആയങ്കിയെ പുറത്താക്കിയിരുന്നു. ക്വട്ടേഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു തീരുമാനമെന്നാണ് സൂചന. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായും അർജുന് അടുത്ത ബന്ധമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA