Karuvannur bank loan scam | ആറ് പ്രതികളുടെ ആസ്തികൾ മരവിപ്പിച്ചു
ബാങ്ക് ലോൺ തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് ഇവർ സ്വത്ത് വകകൾ വാങ്ങിക്കൂട്ടിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് (Karuvannur bank scam) കേസിലെ പ്രതികളുടെ ആസ്തികൾ മരവിപ്പിച്ചു. ആറ് പ്രതികളുടെ ആസ്തികളാണ് മരവിപ്പിച്ചത്. തട്ടിപ്പിൽ നേരിട്ട് പങ്കാളികളായ പ്രതികളുടെ ആസ്തികളാണ് മരവിപ്പിച്ചത്. ബാങ്ക് ലോൺ തട്ടിപ്പ് (Bank loan scam) നടത്തിയ പണം ഉപയോഗിച്ച് ഇവർ സ്വത്ത് വകകൾ വാങ്ങിക്കൂട്ടിയതായി അന്വേഷണ സംഘം (Investigation team) കണ്ടെത്തിയിരുന്നു.
ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാർ, മുൻ ബ്രാഞ്ച് മാനേജർ ബിജു കരീം, സീനിയർ അക്കൗണ്ടൻ്റ് ജിൽസ്, സൂപ്പർമാർക്കറ്റ് അക്കൗണ്ടന്റായിരുന്ന റെജി അനിൽ, കമ്മിഷൻ ഏജൻ്റ് ബിജോയ്, ഇടനിലക്കാരൻ പി പി കിരൺ എന്നിവർക്കെതിരെയാണ് നടപടി. മുഖ്യ സൂത്രധാരനായ കിരണിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. തട്ടിപ്പ് നടത്തിയ നേടിയ പണം സ്വത്ത് വകകൾ വാങ്ങിക്കാൻ ഉപയോഗിച്ചുവെന്ന് വ്യക്തമായത് ഇതോടെയാണ്.
വായ്പ നൽകിയ ഈടുകളിൽ തന്നെ വീണ്ടും വായ്പ നൽകിയും പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയുമാണ് കരുവന്നൂർ സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നത്. ബാങ്കിൽ നിന്ന് വായ്പയെടുത്ത് കൃത്യമായി പലിശ അടച്ചിരുന്ന പലർക്കും ജപ്തി നോട്ടീസ് വന്നതോടെയാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്.
പരിശോധനയിൽ വൻ തട്ടിപ്പ് നടന്നതായി കണ്ടെത്തി. ഒരാൾ ആധാരം ഈട് നൽകി ബാങ്കിൽ നിന്ന് വായ്പയെടുത്താൽ അതേ ആധാരം ഉപയോഗിച്ച് മറ്റൊരു വായ്പയെടുക്കുകയും തുക മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയുമാണ് ചെയ്തിരുന്നത്. ഓഡിറ്റ് നടത്തിയതോടെയാണ് വലിയ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...