തിരുവനന്തപുരത്ത് അച്ഛനും മകൾക്കും കെഎസ്ആർടിസി ജീവനക്കാരുടെ മർദ്ദനം
Kattakada KSRTC Depot : വിദ്യാർഥികളുടെ കൺസഷനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് പിതാവിനെയും മകളെയും കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ചത്.
തിരുവനന്തപുരം : കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ അച്ഛനും മകൾക്കും നേരെ ആക്രമണം. വിദ്യാർഥികളുടെ കൺസഷനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് പിതാവിനെയും മകളെയും കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ചത്. ആമച്ചൽ സ്വദേശി പ്രേമാനന്ദനും തന്റെ മകൾക്കുമാണ് കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ വെച്ച് ജീവനക്കാർ തല്ലിയത്. മർദ്ദനത്തിന് ഇരയായ അച്ഛനും മകളും ആശുപത്രിയിൽ എത്തി ചികിത്സ തേടി. പിതാവിനെയും മകളെയും കെഎസ്ആർടിസി ജീവനക്കാർ മർദ്ദിക്കുന്ന വീഡിയോ പുറത്ത് വരികയും ചെയ്തു.
ഇന്ന് സെപ്റ്റംബർ 20 ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. കൺസഷന് വിദ്യാർഥികളായ മകളുടെ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്ന് ജീവനക്കാർ നിർബന്ധം പിടിക്കുകയായിരുന്നു. ഇതോടെ ജീവനക്കാരും പ്രേമാനന്ദനും തമ്മിൽ തർക്കമായി. മൂന്ന് മാസമായി മകളുടെ കൺസഷന് വേണ്ടി താൻ കയറിയിറങ്ങുകയാണ്. ഇത്തരം ജീവനക്കാരാണ് കെഎസ്ആർടിസിയുടെ നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് പ്രേമാനന്ദൻ പറഞ്ഞു. ഇതിൽ പ്രകോപിതരായ മറ്റ് ജീവനക്കാരും ചേർന്ന് പിതാവിനെ മർദ്ദിക്കുകയായിരുന്നു. വാക്കേറ്റത്തിനിടെയിൽ പിതാവിനെ പിടിച്ച് മാറ്റാൻ എത്തിയ രണ്ട് മക്കളെയും ജീവനക്കാർ പിടിച്ച് ഉന്തുകയും വലിച്ചഴിക്കുകയും ചെയ്തു.
ദീർഘ നേരത്തെ തർക്കത്തിനൊടുവിൽ പ്രേമാനന്ദനെ സമീപത്തെ മുറിയിലേക്ക് ബലമായി പിടിച്ചു കൊണ്ടു പോയി മർദ്ദിക്കുകയായിരുന്നു. പലതവണ മർദ്ദിക്കാൻ ശ്രമിച്ച കെഎസ്ആർടിസി ജീവനക്കാരെ മകൾ പിടിച്ചുമാറ്റാൻ ശ്രമിച്ചുവെങ്കിലും ജീവനക്കാർ ആവർത്തിച്ച് മർദ്ദിക്കുകയായിരുന്നു. അതിനിടെ, ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവം ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ശ്രദ്ധയിൽപ്പെട്ടു. വിഷയത്തിൽ അന്വേഷിച്ച് വിശദാംശങ്ങൾ നൽകാൻ സിഎംഡിക്ക് മന്ത്രി നിർദ്ദേശം നൽകി.
ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.