വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി, തടവിൽ നിന്ന് ഓടിരക്ഷപ്പെട്ടു; പരാതിയുമായി സൈജു തങ്കച്ചൻ, പോലീസ് അന്വേഷണം ആരംഭിച്ചു
ചെറായി കുഴിപ്പള്ളിയിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയെന്നാണ് പരാതി.
കൊച്ചി: കൊച്ചിയിൽ മോഡലുകൾ മരിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതി സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയതായി പരാതി. തടവിൽ നിന്ന് ഓടി രക്ഷപ്പെട്ടതായും സൈജു പറഞ്ഞു. ചെറായി കുഴിപ്പള്ളിയിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയെന്നാണ് പരാതി.
മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചൻ റിമാൻഡിലായിരുന്നു. പിന്നീട് ജാമ്യം ലഭിച്ച സൈജു തങ്കച്ചനെ ഈ മാസം 16 ന് തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. ഒരു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നും പോലീസ് പറയുന്നു.
രണ്ട് പേർ രാവിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. ഒരാൾ കാക്കനാട് സ്വദേശിയാണെന്നും ഇയാളെ അറിയാമെന്നുമാണ് സൈജു പറയുന്നത്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. തടവിൽ നിന്ന് ഓടി രക്ഷപ്പെട്ടെന്നാണ് സൈജുവിന്റെ മൊഴി. സംഭവത്തിൽ മുനമ്പം പോലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...