Kochi Models Death | മോഡലുകളുടെ മരണം; സൈജു തങ്കച്ചനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു
എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. നാല് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നത്.
കൊച്ചി: മുൻ മിസ് കേരള (Miss Kerala) ജേതാക്കളുൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഔഡി (Audi) കാര്‍ ഡ്രൈവര്‍ (Driver) സൈജു തങ്കച്ചനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. നാല് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡി (Police Custody) ആവശ്യപ്പെട്ടിരുന്നത്.
കേസിലെ രണ്ടാം പ്രതിയാണ് സൈജു. സൈജു ഓടിച്ചിരുന്ന ഔഡി കാർ കസ്റ്റഡിയിലെടുക്കണമെന്ന പോലീസിന്റെ ആവശ്യം പരിഗണിച്ചാണ് മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. ഇതിനിടെ ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് സൈജു സമര്‍പ്പിച്ച അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. അപകട സമയത്ത് മോഡലുകളുടെ കാർ ഓടിച്ചിരുന്ന അബ്ദുൽ റഹ്മാനെ സൈജുവിന് ഒപ്പമിരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന.
Also Read: Model's Accident Death | മോഡലുകളുടെ അപകടമരണം; കാറിനെ പിന്തുടർന്ന സൈജു തങ്കച്ചൻ അറസ്റ്റിൽ
ഇന്നലെയാണ് മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് സൈജുവിനെ അറസ്റ്റ് ചെയ്തത്. ആറ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൈജുവിന്റെ അറസ്റ്റ് (Arrest) രേഖപ്പെടുത്തിയത്. സൈജുവിനെതിരായ മറ്റൊരു പരാതിയില്‍ പോലീസ് വഞ്ചന കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.
കൊച്ചിയിലെ ഹോട്ടലിൽ നിന്ന് ഡിജെ പാർട്ടി കഴിഞ്ഞ് ഇറങ്ങിയ മോഡലുകൾ സഞ്ചരിച്ച കാറിനെ പിന്തുടർന്ന സാഹചര്യത്തിൽ രണ്ടാം തവണയാണ് സൈജുവിനെ ചോദ്യം ചെയ്തത്. ആദ്യം സൈജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ആദ്യ തവണത്തെ ചോദ്യം ചെയ്യലിന് ശേഷം മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച സൈജു പിന്നീട് ഒളിവിൽ പോകുകയായിരുന്നു.
നവംബര്‍ ഒന്നിനാണ് എറണാകുളത്ത് (Ernakulam) നടന്ന വാഹനാപകടത്തില്‍ (Car Accident) മുൻ മിസ് കേരള അന്‍സി കബീറും (Ansi Kabeer) റണ്ണറപ്പ് അഞ്ജന ഷാജനും (Anjana Shajan) മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിലും തുടർന്ന് സമീപത്തെ മരത്തിലും ഇടിച്ച് തകർന്നു. അൻസിയും അഞ്ജനയും അപകട സ്ഥലത്തും ഇവരുടെ സുഹൃത്ത് ആഷിഖ് ചികിത്സയിലിരിക്കേയുമാണ് മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...