Athira death: ആതിരയുടെ മരണം: പ്രതി കോയമ്പത്തൂരിൽ ഒളിവിൽ, പ്രാദേശിക സഹായം സംശയിച്ച് പോലീസ്
Kottayam Athira suicide case: മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ അരുണിന്റെ ലൊക്കേഷൻ കണ്ടെത്തുന്നതിന് വെല്ലുവിളിയായെന്ന് അന്വേഷണ സംഘം അറിയിച്ചു.
കോട്ടയം: കടുത്തുരുത്തിയിൽ സൈബർ അധിക്ഷേപത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി അരുൺ വിദ്യാധരനായുള്ള തെരച്ചിൽ തുടരുന്നു. ഇയാൾ കോയമ്പത്തൂരിൽ ഉള്ളതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസിന്റെ കൂടി സഹായത്തോടെയാണ് തെരച്ചിൽ പുരോഗമിക്കുന്നത്.
അരുണിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ലൊക്കേഷൻ കണ്ടെത്താൻ കഴിയുന്നില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രാദേശിക സഹായത്തോടെയാണ് അരുൺ ഒളിവിൽ കഴിയുന്നതെന്നാണ് പോലീസ് കരുതുന്നത്. സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടിക്കാനാവാത്തതോടെ പോലീസിന് എതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമതിയാണ് അരുണിനെതിരെ നിലവിൽ കേസ് എടുത്തിരിക്കുന്നത്.
ALSO READ: പരാതി നൽകിയിട്ടും നടപടി വൈകിയെന്ന് ആശിഷ് ദാസ് ഐഎഎസ്
അരുണിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആതിരയുടെ കുടുംബം ഉന്നയിക്കുന്നത്. അരുൺ വിദ്യാധരൻ ആതിരയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് ആതിരയുടെ സഹോദരീ ഭർത്താവും മണിപ്പൂർ സബ് കളക്റുമായ ആശിഷ് ദാസ് പറഞ്ഞിരുന്നു. ഒളിവിൽ പോയതിന് ശേഷമാണ് പ്രതി സഹോദരിക്കെതിരെ പോസ്റ്റുകൾ ഇട്ട് തുടങ്ങിയതെന്നും ആശിഷ് ദാസ് പറഞ്ഞു. പോലീസ് നിഷ്‌ക്രിയത്വത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കടുത്തുരുത്തി പോലീസ് സ്റ്റേഷൻ ഉപരോധിക്കും.
സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് കടുത്തുരുത്തി മാഞ്ഞൂർ സ്വദേശി 26കാരിയായ ആതിരയാണ് ആത്മഹത്യ ചെയ്തത്. സുഹൃത്തായിരുന്ന അരുൺ വിദ്യാധരൻ്റെ സൈബർ ആക്രമണത്തെ തുടർന്നാണ് ആതിര ജീവനൊടുക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ അരുൺ വിദ്യാധരന് എതിരെ പോലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസ് എടുത്തിരുന്നു.
ആതിരയും അരുണും നേരത്തെ സുഹൃത്തുക്കളായിരുന്നുവെങ്കിലും ഇടയ്ക്ക് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണു. ഇതിന് പിന്നാലെയാണ് ആതിരയ്ക്കെതിരെ അരുൺ സൈബർ ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. ഇരുവരും തമ്മിലുള്ള സ്വകാര്യ ചാറ്റ് അടക്കമുള്ള വിവരങ്ങൾ അരുൺ പുറത്തുവിട്ടെന്ന് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആതിരയ്ക്ക് വിവാഹാലോചനകൾ വന്ന് തുടങ്ങിയപ്പോൾ ആതിരയുമായി അടുപ്പമുണ്ടായിരുന്ന കാലത്തെ ചിത്രങ്ങൾ അരുൺ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...