Crime: കെഎസ്ആർടിസി ഡ്രൈവറെ കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും
KSRTC driver murder case: കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾ വയനാട്ടിൽ വെച്ചാണ് പിടിയിലായത്.
തൃശൂർ: കെ.എസ്.ആർ.ടി.സി ഡ്രൈവറെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 2 വർഷം കൂടി കഠിന തടവ് അനുഭവിക്കണം. കൂടാതെ ഐപിസി 447 പ്രകാരം 3 മാസം കഠിന തടവും, ഐപിസി 341 പ്രകാരം 1 മാസം തടവും വിധിച്ചിട്ടുണ്ട്.
ഒല്ലൂക്കര ശ്രേയസ് നഗറിൽ മാപ്രാണം വീട്ടിൽ ജോസ് മകൻ മോണി (54 വയസ്) എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി മുല്ലക്കര ആന കൊട്ടിൽ ദേശത്ത് കുപ്പത്തിൽ വീട്ടിൽ സുധാകരൻ മകൻ മനോജിനെ തൃശൂർ അഡീഷണൽ ജില്ലാ ജഡ്ജി ടി.കെ. മിനിമോൾ ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതി കണ്ണൻ എന്ന് വിളിക്കുന്ന സുനിൽ വിചാരണാ മദ്ധ്യേ മരണപ്പെട്ടിരുന്നു. 2011 ജൂലായ് മാസം 27 തിയ്യതി ആയിരുന്നു കേസിനാസ്പദമായ സംഭവം.
ALSO READ: അസ്മിയയുടെ മരണത്തിൽ ജീവനക്കാരുടെ മൊഴിയെടുത്തു
കൊല്ലപ്പെട്ട മോണിയുടെ വീടിനു സമീപം റോഡിലിരുന്ന് പ്രതികളായ മനോജും കണ്ണനും സ്ഥിരമായി മദ്യപിക്കാറുള്ളതിനെ മോണി ചോദ്യം ചെയ്തതിലുള്ള വിരോധത്താലാണ് പ്രതികൾ മോണിയെ കുത്തി കൊലപ്പെടുത്തിയത്. വീട്ടുമുറ്റത്തു നിന്നും മോണിയെ വലിച്ചിറക്കി വീടിനു മുൻവശം റോഡിലേക്ക് കൊണ്ടുപോയി വീടിൻ്റെ മുൻവശം മതിലിൽ ചേർത്തുനിർത്തി പൊട്ടിച്ച സോഡാ കുപ്പിയുടെ കൂർത്ത അഗ്രഭാഗം കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയാണ് ചെയ്തത്. ഭാര്യയുടെയും രണ്ടു മക്കളുടെയും മുന്നിലിട്ടാണ് മോണിയെ കുത്തിപ്പരിക്കേൽപ്പിച്ചത്. ഉടനെ തന്നെ തൃശൂർ അശ്വനി ആശുപത്രിയിലും പിന്നീട് എലൈറ്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് മരിച്ച മോണിയുടെ മകൻ്റെ മൊഴിയെ അടിസ്ഥാനമാക്കി മണ്ണുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
കൃത്യത്തിന് ശേഷം പ്രതികൾ ഒളിവിൽ പോകുകയും തുടർന്ന് വയനാട്ടിൽ വെച്ച് മണ്ണുത്തി എസ് എച്ച് ഒ ആയിരുന്ന പി.കെ. പദ്മരാജൻ പ്രതികളെ പിടികൂടുകയുമാണുണ്ടായത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 18 സാക്ഷികളെ വിസ്തരിച്ചിരുന്നു. 18 രേഖകളും തെളിവിൽ ഹാജരാക്കി. സംഭവത്തിന് ദൃക്സാക്ഷികളായ മോണിയുടെ മകൻ അബിൻസും മകൾ അലീനയും കോടതിയിൽ മൊഴി നൽകിയിരുന്നു. സംഭവ സ്ഥലത്തു നിന്നുമുള്ള ബഹളവും കരച്ചിലും കേട്ട് ഓടിയെത്തിയ അയൽവാസിയായ പ്രിൻസിനെ കണ്ടപ്പോഴാണ് പ്രതികൾ മോണിയെ വിട്ട് ഓടിപ്പോയത്. തൻ്റെ മുന്നിലൂടെ ഓടിപ്പോയ ഒന്നാം പ്രതിയെ കോടതിയിൽ തിരിച്ചറിഞ്ഞ് പ്രിൻസ് മൊഴി നൽകുകയുണ്ടായി.
പരിക്കേറ്റ മോണിയെ മകൻ ആബിൻസും പ്രിൻസും ചേർന്ന് അയൽവാസിയായ ബിനു ഡയസ്സിൻ്റെ കാറിൽ കയറ്റിയാണ് ആശുപത്രിയിലേക്കെത്തിച്ചത്. ബിനു ഡയസ്സും കോടതി മുൻപാകെ മൊഴി നൽകിയിരുന്നു. സാക്ഷിമൊഴികൾ കൂടാതെ ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷൻ ഭാഗത്തു നിന്നും ഹാജരാക്കി. പ്രതി സംഭവ സമയം ധരിച്ചിരുന്ന വസ്ത്രത്തിൽ കണ്ട രക്തക്കറ മോണിയുടെ രക്തഗ്രൂപ്പിൽ ഉൾപ്പെട്ടതാണെന്നുള്ള തൃശൂർ റീജിയണൽ ഫോറൻസിക് ലാബറട്ടറിയിലെ പരിശോധനാ ഫലം പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ശാസ്ത്രീയ പരിശോധനകൾ നടത്തിയ വിദഗ്ദരെയും പ്രോസിക്യൂഷൻ ഭാഗത്തു നിന്നും വിസ്തരിക്കുകയുണ്ടായി.
സംഭവസ്ഥലത്തു നിന്നും ലഭിച്ച ഷർട്ട് ബട്ടൺസുകൾ പ്രതി സംഭവ സമയം ധരിച്ചിരുന്ന ഷർട്ടിലെ ബട്ടൺസുകളുമായി സാമ്യവും സാദൃശ്യവുമുള്ളതാണെന്ന റീജിയണൽ ഫോറൻസിക് ലബോറട്ടറിയുടെ ഫിസിക്സ് ഡിവിഷൻ്റെ പരിശോധനാ ഫലവും കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കി. ഇപ്പോൾ പാലക്കാട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആയി പ്രവർത്തിക്കുന്ന മുൻ ഒല്ലൂർ സിഐ ആയിരുന്ന ദേവദാസ് ആണ് കേസന്വേഷണം നടത്തിയത്. മണ്ണുത്തി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ മണികണ്ഠൻ കെ ആണ് സാക്ഷി വിസ്താര നടപടികളെ ഏകോപിപ്പിച്ചത്. കേസ്സിൽ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.സുനിൽ അഭിഭാഷകരായ കെ.എം.അമീർ, വിഷ്ണുദത്തൻ.പി.ആർ, സി.ജെ. അമൽ, ആസാദ് സുനിൽ എന്നിവർ ഹാജരായി.