തിരുവനന്തപുരം:  കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബംഗാള്‍ സ്വദേശിയായ ആദം അലിയെ തിരുവനന്തപുരത്തെത്തിച്ചു. ചെന്നൈയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ ഉച്ചയ്ക്ക് 12:30ഓടെയാണ് പ്രതിയെ എത്തിച്ചത്. സ്റ്റേഷനിലെത്തിച്ച പ്രതിയെ വൈകിട്ട് നാല് മണിയോടെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതിന് ശേഷം കോടതിയിൽ ഹാജരാക്കും. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് ഇന്ന് (ആഗസ്റ്റ് 10)  തെളിവെടുപ്പുണ്ടാകില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നപ്പോൾ തന്നെ ആദംഅലിയെ കാണാൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. മാത്രമല്ല, ഇയാൾ താമസിച്ചിരുന്ന ദേവസ്വം ലെയ്നിലെ വീട്ടിൽ തെളിവെടുപ്പിനായി കൊണ്ടുപോകുമ്പോൾ ജനരോഷമുണ്ടാകാനുള്ള സാധ്യതയും പൊലീസ് മുന്നിൽ കാണുന്നുണ്ട്. ഈ സാഹചര്യം കൂടി മുന്നിൽകണ്ട് തെളിവെടുപ്പ് പുലർച്ചെയോ അല്ലെങ്കിൽ കൂടുതൽ പൊലീസിൻ്റെ സഹായത്തോടെ നടത്താനായിരിക്കും സാധ്യത. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകാൻ വൈകിട്ട് നാല് മണിക്ക് സിറ്റി പൊലീസ് കമ്മീഷണർ ജി.സ്പർജൻകുമാർ  വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ചെന്നൈയില്‍ വച്ച് തമിഴ്‌നാട് പൊലീസ് പിടികൂടിയ ഇയാളെ മെഡിക്കല്‍ കോളജ് സി.ഐ ഹരിലാലിന്‍റെ നേതൃത്വത്തിലുളള പൊലീസ് സംഘമെത്തിയാണ് അറസ്റ്റു ചെയ്തത്.  സെയ്‌ദാര്‍പേട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് വാങ്ങിയാണ് പ്രതിയുമായി പൊലീസ് തിരുവനന്തപുരത്തെത്തിയത്. ചെന്നൈ ആർ കെ നഗർ പോലീസാണ് പ്രതിയെ മെഡിക്കൽ കോളേജ് പോലീസിന് കൈമാറിയത്.  പ്രാഥമിക ചോദ്യം ചെയ്യലില്‍ ആദംഅലി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. വൈദ്യ പരിശോധനയ്ക്ക് ശേഷം കൂടുതൽ ചോദ്യം ചെയ്യലുകൾ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.


ALSO READ: Manorama Murder Case : കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ആദം അലി പിടിയിൽ


അതേസമയം, മനോരമയെ ആദംഅലി കൊലപ്പെടുത്തിയത് ക്രൂരമായിട്ടാണെന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നു. വൃദ്ധയെ കഴുത്തുറത്ത് കൊലപ്പെടുത്തിയ ശേഷമാണ് കിണറ്റിൽ ഇട്ടത് എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൊലക്ക് മുമ്പ് മനോരമയെ പിന്നിൽ നിന്നും ആദം അലി ആക്രമിക്കാൻ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. മരണ കാരണം കഴുത്ത് ഞെരിച്ചെന്നാണ് ആദ്യ വിവരം പുറത്തുവന്നത്. പിന്നീടാണ് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നും അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നുമുള്ള വിവരം പുറത്തുവരുന്നത്.


വെള്ളവും ഭക്ഷണവും കൊടുത്തിരുന്ന വീട്ടമ്മയെ പിന്നിൽ നിന്നും ആക്രമിക്കാൻ ആദം അലി ശ്രമിച്ചു. പാക്ക് വെട്ടി കൊണ്ടിരിക്കുകയായിരുന്നു മനോരമ. നിലവിളിച്ചപ്പോള്‍ വായ് കൂട്ടിപിടിച്ചു. ശ്വാസം കിട്ടാതെ പരക്കം പായുന്നതിനിടെ മനോരമ ഉപയോഗിച്ചിരുന്ന കത്തിയെടുത്ത് കഴുത്ത് ‍അറുക്കുകയായിരുന്നുവെന്നാണ് ആദം നൽകിയ മൊഴി. പ്രതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പോലീസ് നീക്കം. 


അതേസമയം, മനോരമയുടെ മൃതദേഹത്തിൻ്റെ നെറ്റിയിൽ ആഴത്തിലുള്ള ചതവേറ്റിട്ടുണ്ട്. ഇത് കിണറ്റിലേക്കിട്ടപ്പോള്‍ ഉണ്ടായതാണോയെന്നാണ് സംശയം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇത് പറയുന്നുണ്ട്. അതിക്രൂര കൊലപതാകം ചെയ്ത ശേഷം തലസ്ഥാനം വിട്ട ആദം കഴിഞ്ഞ ദിവസമാണ് പിടിയിലായത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.