Manorama Murder Case : മനോരമ വധക്കേസ്; നിർണായക സിസിടിവി ദൃശ്യങ്ങൾ സീ മലയാളം ന്യൂസിന്; കൊല സാമ്പത്തിക നേട്ടത്തിനെന്ന് പൊലീസ്
Kesavadaspuram Manorama Murder Case : സാമ്പത്തിക നേട്ടത്തിനായിട്ടാണ് പ്രതി കൃത്യം നിർവഹിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് മനസ്സിലാക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണർ ജി. സ്പർജൻകുമാർ പറഞ്ഞു.
തിരുവനന്തപുരം: കേശവദാസപുരം മനോരമ കൊലക്കേസിലെ നിർണായക ദൃശ്യങ്ങൾ സീ മലയാളം ന്യൂസിന് ലഭിച്ചു. പ്രതി ആദം അലി മനോരമയെ കൊന്ന് കിണറ്റിലിട്ട ശേഷം മടങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണ് സീ മലയാളം ന്യൂസിന് ലഭിച്ചത്. കേസന്വേഷണത്തിൽ നിർണായകമാകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതിയെ മെഡിക്കൽ കോളേജ് പൊലീസ് തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹാജരാക്കി. സാമ്പത്തിക നേട്ടത്തിനായിട്ടാണ് പ്രതി കൃത്യം നിർവഹിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് മനസ്സിലാക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണർ ജി. സ്പർജൻകുമാർ പറഞ്ഞു.
കൊല നടത്തിയ ശേഷം ഇതര സംസ്ഥാനത്തേക്ക് കടന്ന പ്രതിക്കായി നടത്തിയത് വ്യാപക തിരച്ചിലാണെന്ന് സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻകുമാർ പറഞ്ഞു. ആദം അലി ബംഗാൾ കുച്ച് ബിഹാർ സ്വദേശിയാണ്. തിരുവനന്തപുരത്ത് ജോലി ചെയ്യുന്നതിന് മുമ്പ് ആദം കൊല്ലത്തും പാലക്കാടും ജോലി നോക്കിയിരുന്നു. വെള്ളം കുടിക്കാൻ ഇടയ്ക്കിടെ മനോരമയുടെ വീട്ടിൽ പോയിരുന്നു. ആദത്തിനെ കൂടാതെ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നുള്ളതിലും അന്വേഷണം നടക്കുകയാണെന്നും കമ്മീഷണർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഓൺലൈൻ ഗെയിമുകളിൽ പ്രധാനമായും പബ്ജി കളിക്കുന്ന പ്രവണത പ്രതിക്കുണ്ട്. ആദം അലിയെ പിടികൂടാൻ തമിഴ്നാട് പൊലീസിന്റെ സഹായം കിട്ടി. കയ്യിൽ കരുതിയ കത്തി കൊണ്ടാണ് പ്രതി മനോരമയെ കുത്തിയത്.മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നും സ്പർജൻകുമാർ വ്യക്തമാക്കി. സാമ്പത്തിക നേട്ടത്തിനായിട്ടാണ് കൃത്യം നിർവഹിച്ചതെന്നാണ് പ്രാഥമിക അനുമാനം മാത്രമല്ല, മനോരമയുടെ ആറ് പവൻ സ്വർണ്ണം കണ്ടെത്താനായില്ല. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.
കൂടുതൽ തെളിവെടുപ്പും പരിശോധനകളും വരും ദിവസങ്ങളിൽ ഉണ്ടാകും. ജുഡിഷ്യൽ കസ്റ്റഡിയിൽ വാങ്ങിയ ശേഷമാകും ഇതുണ്ടാവുകയെന്നും കമ്മീഷണർ പറഞ്ഞു. തിരുവനന്തപുരം സിറ്റി പൊലീസിന്റെ സമയോചിതമായ ഇടപെടലും പഴുതടച്ചുള്ള അന്വേഷണവുമാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്. നാടിനെ നടുക്കി പട്ടാപ്പകല്‍ നടത്തിയ ഹീനമായ കൊലപാതകത്തിലെ പ്രതിയെ 24 മണിക്കൂറിനുള്ളില്‍ കേരള പോലീസിന് പിടികൂടാനായതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.