`എനിക്കും പെൺകുട്ടികളാണുള്ളത്... അയാളുടെ ജയിൽമുറിയിൽ ആ കുട്ടിയുടെ ചിത്രങ്ങൾ വെയ്ക്കണം`: തിരക്കഥാകൃത്ത് അഭിലാഷ് പിള്ള
Mavelikara Nakshatra Murder Case : പ്രതിക്ക് മാനസികമായ ശിക്ഷ നൽകണമെന്നാണ് മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്
ആലപ്പുഴ മാവേലിക്കരയിൽ ആറ് വയസുകാരിയായ നക്ഷത്രയെ കോടലി വെച്ച് വെട്ടി കൊലപ്പെടുത്തിയ കേസിൽ പിതാവ് ശ്രീ മഹേഷിന് മനാസികപരമായ ശിക്ഷ വിധിക്കണമെന്ന് സിനിമ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഒരിക്കലും മരണപ്പെട്ട നക്ഷത്രയ്ക്ക് തന്നെ കൊലപ്പെടുത്തിയത് അച്ഛനാണെന്ന് വിശ്വസിക്കാൻ സാധിക്കില്ല. അതുകൊണ്ട് കൊലയാളിയായ പിതാവ് താമസിക്കുന്ന ജയിൽ മുറിയിൽ കുട്ടിയുടെ ചിത്രങ്ങൾ വെയ്ക്കണമെന്നും അങ്ങനെ മാനസികമായ ശിക്ഷയാണ് നൽകേണ്ടതെന്ന് മാളികപ്പുറം സിനിമ രചയ്താവ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
"പെൺകുട്ടികൾക്ക് എന്നും അച്ഛന്മാരോട് ഇഷ്ടം കൂടുതലാണ് അവരുടെ കണ്ണ് ഒന്ന് നിറഞ്ഞാൽ സഹിക്കാൻ പറ്റില്ല, ഉറപ്പിച്ചു പറയാൻ കാരണം എനിക്കും രണ്ട് പെൺകുട്ടികളാണ്, ഇന്ന് കേട്ട ഈ വാർത്ത വല്ലാതെ വേദനിപ്പിച്ചു അച്ഛൻ സർപ്രൈസ് തരാം എന്ന് പറഞ്ഞപ്പോൾ കണ്ണടച്ച് ആ കുഞ്ഞു നിന്നതും ആഗ്രഹിച്ചതും അച്ഛൻ കൈയിൽ വെച്ച് തരാൻ പോകുന്ന സമ്മാനം ആയിരുന്നു. പിന്നിൽ നിന്നും കോടാലിക്കു വെട്ടി മരണം സമ്മാനിച്ച ആ അച്ഛനോട് അവൾക്കു ഒരിക്കലും ദേഷ്യം കാണില്ല കാരണം ആര് പറഞ്ഞാലും അവൾ വിശ്വസിക്കില്ല അച്ഛൻ അവളെ കൊന്നു എന്ന്... നക്ഷത്രയുടെ ആത്മാവിന് ശാന്തി കിട്ടാൻ പ്രാർത്ഥിക്കുന്നു.
Nb: ജയിലിൽ അയാളെ താമസിപ്പിക്കുന്ന മുറിയിൽ ആ കുട്ടിയുടെ ചിത്രങ്ങൾ വെയ്ക്കണം അത് കണ്ടു വേണം ഇനിയുള്ള കാലം അയാൾ ജീവിക്കാൻ അതിലും വലിയ ശിക്ഷ കിട്ടാനില്ല" അഭിലാഷ് പിള്ള ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ജൂൺ ഏഴ് ബുധനാഴ്ച രാത്രിയാണ് ശ്രീ മഹേഷ് തന്റെ ആറ് വയസുകാരിയായ മകൾ മഴുവെച്ച് വെട്ടികൊലപ്പെടുത്തിയത്. കുഞ്ഞ് മകളുടെ നിലവിളി കേട്ട് സമീപത്തുള്ള മകളുടെ വീട്ടിൽ നിന്നും ഓടിയെത്തിയ പ്രതിയുടെ അമ്മ സുനന്ദയെയും മഹേഷ് ആക്രമിച്ചു. സുനന്ദയുടെ കൈക്കും തലയ്ക്കും വെട്ടേറ്റു. തുടർന്ന് പോലീസെത്തി മഹേഷിനെ കീഴ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടാമത് വിവാഹം കഴിക്കാൻ തയ്യാറെടുക്കുന്ന മഹേഷിന് കുട്ടി ഒരു തടസ്സമാണെന്ന് കരുതിയാണ് പ്രതി ക്രൂരകൃത്യം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. മഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.
അതേസമയം റിമാൻഡ് ചെയ്യപ്പെട്ട മഹേഷ് മാവേലിക്കര സബ് ജയിലിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കൈയ്യിലെയും കഴുത്തിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രതിയുടെ പേര് വിവരങ്ങൾ ശേഖരിക്കാൻ ജയിൽ സൂപ്രണ്ടിന്റെ മൂറിയിലേക്കെത്തിച്ചപ്പോഴാണ് മഹേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നിലവിൽ മഹേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...