MDMA: വയനാട്ടിൽ വൻ ലഹരി വേട്ട; എംഡിഎംഎയുമായി ദമ്പതികളടക്കം നാല് പേർ പിടിയിൽ
MDMA Seized in Wayanad: കാറിൽ കടത്തുകയായിരുന്ന ലഹരിമരുന്നാണ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി എസ്.ഐ സി.എം സാബുവും ഉൾപ്പെടെയുള്ള സംഘം മുത്തങ്ങയിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ലഹരിമരുന്ന് പിടികൂടിയത്.
വയനാട്: മാരകമായ മയക്കുമരുന്നുമായി ദമ്പതികളടക്കം നാല് പേർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ ഫിറോസ് ഖാൻ (31), പി.കെ യൂസഫലി (26), ഇയാളുടെ ഭാര്യ ആയിഷ നിഹാല ( 22), കണ്ണൂർ സ്വദേശി പി നദീർ (26) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി എസ്.ഐ സി.എം സാബുവും ഉൾപ്പെടെയുള്ള സംഘം മുത്തങ്ങയിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് കാറിൽ കടത്തുകയായിരുന്ന ലഹരിമരുന്ന് പിടികൂടിയത്.
ബെംഗളൂരുവിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്ന 156 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടികൂടിയത്. കാറിൻ്റെ മുകൾഭാഗത്തായാണ് മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. മയക്കുമരുന്ന് ചില്ലറ വിൽപ്പനക്കായി ഉപയോഗിക്കുന്ന ത്രാസ് കവറുകൾ എന്നിവയും സംഘത്തിൽ നിന്നും പിടികൂടി. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച് കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
എഎസ്ഐ കെ.ടി മാത്യു, സിപിഒമാരായ മുരളീധരൻ, അനിൽകുമാർ, ഫൗസിയ, സജ്ന, ഡ്രൈവർ എസ് സി പി ഒ സന്തോഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. അരക്കിലോയോളം എംഡിഎംഎ ദിവസങ്ങൾക്ക് മുമ്പ് ബത്തേരി പോലീസ് പിടികൂടിയിരുന്നു. സ്ത്രീകളെ മറയാക്കി നടത്തുന്ന മയക്കുമരുന്ന് കടത്തിനെതിരെ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒന്നരമാസത്തിനിടെ ബത്തേരി പോലീസ് പിടികൂടുന്ന മൂന്നാമത്തെ എംഡിഎംഎ കേസാണ് ഇത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...