പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം; ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖാണ് മരിച്ചത്.
പാലക്കാട്: പാലക്കാട് ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖാണ് മരിച്ചത്. ഒലവക്കോടാണ് സംഭവം നടന്നത്. ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം ഇയാളെ മർദിക്കുകയായിരുന്നു. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സംഭവത്തിൽ മൂന്ന് പേരെ പാലക്കാട് നോർത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലത്തൂർ സ്വദേശി മനീഷ്, കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പൻ, പല്ലശന സ്വദേശി സൂര്യ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
മുണ്ടൂർ കുമ്മാട്ടിക്കെത്തിയ മൂന്നംഗ സംഘത്തിന്റെ ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ചാണ് റഫീഖിനെ മർദിച്ച് കൊലപ്പെടുത്തിയത്. ബൈക്ക് പുറത്ത് വച്ച് ബാറിൽ മദ്യപിക്കാൻ കയറിയ സംഘം തിരിച്ച് വന്നപ്പോൽ ബൈക്ക് കാണാനില്ലായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഒരാൾ ബൈക്ക് എടുത്ത് കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടു. ഇതിനിടെയാണ് റഫീഖ് അവിടെ എത്തിയത്.
സിസിടിവിയിൽ ബൈക്ക് എടുത്ത് കൊണ്ടുപോകുന്ന ആൾ ധരിച്ചിരുന്ന അതേ വസ്ത്രങ്ങളാണ് റഫീഖും ധരിച്ചിരുന്നത്. തുടർന്ന് ബൈക്ക് മോഷ്ടിച്ചത് റഫീഖാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ബൈക്ക് മോഷ്ടിച്ചത് റഫീഖാണോയെന്നതിൽ വ്യക്തത വന്നിട്ടില്ല. റഫീഖ് നേരത്തെയും മോഷണക്കേസുകളിൽ പ്രതിയായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ബൈക്ക് മോഷണത്തിനടക്കം കേസുണ്ടെന്നാണ് റിപ്പോർട്ട്. റഫീഖിന് മർദ്ദനമേൽക്കുമ്പോൾ പതിനഞ്ചോളം പേർ സംഭവ സ്ഥലത്തുണ്ടായിരുന്നതാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...